റവ. ഡോ. എ.ആര്. ജോണ്‍
(മാനേജര്‍, മരിയന്‍ എന്‍ജിനീയറിംഗ് കോളജ്, തിരുവനന്തപുരം)
മറ്റ് മതസ്ഥരോട് അനുഭാവപൂര്‍വ്വം വര്‍ത്തിക്കുകയും മതാത്മക സമീപനം 800 വര്ഷങ്ങള്ക്ക്മുന്പ് സ്വീകരിക്കുകയും ചെയ്ത വിശുദ്ധനാണ് ഫ്രാന്‍സിസ്. മതത്തിന്റെ പേരില്‍ പരസ്പരം കുരുതികൊടുക്കുന്ന ടുണീഷ്യയിലും മൊറോക്കോയിലും സ്പെയിനിലും സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് ശിഷ്യന്മാരെ അയച്ചു. തന്റെ ക്ഷീണത്തിന്റെയും രോഗത്തിന്റെയും മധ്യേ സിറിയായിലും ഈജിപ്തിലും സമാധാനം സ്ഥാപിക്കാന്‍ യാത്രചെയ്തു. സ്വന്തം ജീവന് അപകടപ്പെട്ടാലും കുഴപ്പമില്ല എന്ന് കരുതി മുഹമ്മദീയസുല്‍ത്താന്റെ അരികില്‍ സമാധാന സന്ദേശവുമായി എത്തി. മതങ്ങള്‍ തമ്മിലുള്ള ബന്ധം എക്കാലത്തെക്കാളും ഇക്കാലത്തും പ്രധാനമാണെന്ന് ഫ്രാന്‍സിസ് നമ്മെ ഓര്‍മിപ്പിക്കുന്നു.

ഫ്രാന്‍സിസ് അസ്സീസി മരിച്ചിട്ട് 800-ാം വര്‍ഷം. ഈ രണ്ടാം ക്രിസ്തുവിനെ ധ്യാനിക്കുവാനായി ലെയോ പാപ്പ ഈ വര്‍ഷത്തെ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 10 മുതല്‍ അടുത്തവര്‍ഷം ജനുവരി 10 വരെ. കൃപയുടെ ഈ വര്‍ഷാചരണം പൂര്‍ണ ദണ്ഡവിമോചനം നേടാന്‍ കഴിയുമെന്ന് വത്തിക്കാനിലെ അപ്പസ്തോലിക്പെനിറ്റെന്ഷ്യറി പുറപ്പെടുവിച്ച കല്പനയില് പറയുന്നു. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 22വരെ അസ്സീസിയിലെ ബസിലിക്കയിലുള്ള വിശുദ്ധന്റെ ഭൗതിക തിരുശേഷിപ്പ് പൊതുദര്‍ശനത്തിനായി പ്രതിഷ്ഠിക്കും.
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവചരിത്രം വായിച്ചശേഷം സുഗതകുമാരി ടീച്ചര്‍ പറഞ്ഞത് ഇങ്ങനെയാണ്: ”വി. ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതം എന്നെ കരയിച്ചു; രാത്രി ഉറക്കമില്ലാതാക്കിത്തീര്ത്തു; മണ്ണില്‍ ദൈവത്തിന്റെ പാദമുദ്രകള്‍ കണ്ട ഒരു മനുഷ്യന്, ദൈവസ്നേഹത്തിന്റെ തീയില്‍ സ്വയം കരിച്ചുപൊള്ളിച്ച ഒരു മനുഷ്യന്, അന്വേഷിച്ചു നടന്നുനടന്നു വിണ്ടകാലുകളില് നിന്നൊഴുകുന്ന ചോരയില്‍ തന്റെ വഴി വരച്ചുകാട്ടിയവന്…” ‘ഒരു ഡസന്‍ അസ്സീസിമാര് റഷ്യയില്‍ ഉണ്ടാകുകയാണെങ്കില്‍ റഷ്യ മാനസാന്തരപ്പെടുമായിരുന്നുവെന്ന്’ പറഞ്ഞത് കമ്മ്യൂണിസ്റ്റ് നേതാവായ ലെനിനാണെന്ന് ഓര്‍ക്കണം.
കുലീന കുടുംബത്തില്‍ പട്ടുവ്യാപാരിയുടെ മകനായി ജനിച്ചുവെങ്കിലും ഒരജ്ഞാത ദര്‍ശനത്താല്‍ അമ്മ മകനെ ക്രിസ്തുവിനെപ്പോലെ കാലിത്തൊഴുത്തില്വച്ച് ജന്മംനല്കി എന്നൊരു ഐതിഹ്യമുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ തന്റെ പ്രിയപ്പെട്ട അപ്പനെയും അമ്മയെയും സഹോദരങ്ങളെയും ഉപേക്ഷിച്ച് ‘ദൈവമാണ് എന്റെ പിതാവ്’ എന്ന് പ്രഖ്യാപിച്ച് ദൈവമാര്‍ഗം അതിന്റെ പൂര്‍ണ്ണതയിലും അക്ഷരാര്‍ത്ഥത്തിലും സ്വീകരിച്ചു. ഇതുകണ്ട് കുപിതനായ പിതാവ് പീറ്റര്‍ ബെര്‍ണാര്‍ഡ് ആക്രോശിച്ചു: ”നീ ധരിച്ചിരിക്കുന്ന ഉടുപ്പ് എന്റേതാണ്, അത് മടക്കി നല്‍കുക”. അസ്സീസിയാകട്ടെ എല്ലാവരുടെയും മുന്പില്വച്ച് വസ്ത്രം ഊരി തന്റെ പിതാവിന് നല്‍കിക്കൊണ്ട് നഗ്നനായി ക്രിസ്തുപാതയില്‍ നടന്നു. കൂടിനിന്ന ജനക്കൂട്ടം നഗ്നനായ അസ്സീസിയെക്കണ്ട് കണ്ണ് പൊത്തിയില്ല, തലകുനിച്ചില്ല. അതൊരു ആത്മീയ നിര്‍വൃതിയുടെ പൂര്ണസമര്പ്പണമായിരുന്നു. തന്റെ ജീവിതത്തിന്റെ സായാഹ്നത്തില്‍ തന്റെ പ്രിയ ശിഷ്യനായ ലിയോയോട് തന്റെ ഉടുപ്പുമാറ്റാന് ആവശ്യപ്പെടുന്നു. എനിക്ക് നഗ്നനായിവേണം ഭൂമിയോട് ചേരാന്‍ എന്നുപറഞ്ഞുകൊണ്ട് നഗ്നനായി മരിച്ചു.
അതെ, അസ്സീസി, ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിനെപ്പോലെ നിസ്വനായി ക്രിസ്തുവിനൊപ്പം നടന്ന ഒരാള്‍, ലാളിത്യത്തിലും ദാരിദ്ര്യത്തിലും. ദാരിദ്ര്യത്തെ വിശുദ്ധ ദാരിദ്ര്യം എന്നാണ് അസ്സീസി വിളിക്കുന്നത്. കയ്യില്‍ ഒരുനാണയവും കരുതാതെ ജീവിച്ച ഫ്രാന്‍സിസിനെ വിശുദ്ധ ദാരിദ്ര്യത്തിന്റെ കോടീശ്വരന് എന്നത്രേ കസന്ദ്സാക്കിസ് വിളിക്കുന്നത്. അതെ, ധനമോഹമില്ലാത്തവനാണ് ധനികന്. ധനമുണ്ടായിട്ടും ധനദാഹിയായി ഓടുന്നവനാണ് ദരിദ്രന്. അപ്പവും വെണ്ണയും ഭക്ഷിച്ച്, പട്ടുവസ്ത്രങ്ങള്‍ ധരിച്ച് വളര്‍ന്ന കുബേര കുമാരനായ ഫ്രാന്‍സിസ് ഒരുദിവസം വഴിയില്‍ക്കണ്ട ഒരു യാചകന് തന്റെ വസ്ത്രങ്ങള്‍ അഴിച്ചുകൊടുത്ത് രാത്രിമുഴുവന്‍ കൊടുംതണുപ്പില്‍ വിറച്ചുവിറങ്ങലിച്ചുനിന്നു. ദാരിദ്ര്യസ്നേഹവും ദരിദ്രരോടുള്ള സ്നേഹവും ഉപാസനയാക്കിയാണ് വിശുദ്ധ ഫ്രാന്‍സിസ് വിശുദ്ധിയുടെ പടവുകള്‍ കയറിച്ചെന്നത്.
ത്യാഗവും സ്നേഹവും
വേദനയെ അതിന്റെ അഗാധതയില്‍ അറിയാത്ത ഒരാള്‍ക്ക് ജീവിതത്തെ സമഗ്രമായി അറിയാന്‍ കഴിയില്ല. സഹനംകൊണ്ട് ജീവിതത്തിന് അര്‍ത്ഥം നല്കിയവന്, ശുദ്ധ സ്നേഹത്തിന്റെ മുമ്പില്‍ ഏത് സഹനവും ഏറ്റെടുക്കാന്‍ തയ്യാറായവനാണ് ഫ്രാന്‍സിസ്. ‘സഹനം പോരാ സഹനം പോരാ’ എന്നതായിരുന്നു ഫ്രാന്‍സിസിന്റെ കരച്ചില്. ആധുനിക ലോകത്തിന് മനസ്സിലാകാത്ത ആത്മീയത. ഒരിക്കല്‍ തനിക്ക് ലഭിക്കുന്ന സഹനം കുറഞ്ഞുപോയി എന്നുതോന്നിയ ഫ്രാന്‍സിസ് ഒരു കുട്ട നിറയെ പഴങ്ങളുമായി തെരുവിലിറങ്ങി. കാണുന്ന കുട്ടികളോട് അവരെ മോഹിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ എന്നെ കല്ലെറിയുക, ഒരു കല്ലെറിയുന്നവന് ഒരു പഴം, രണ്ട് കല്ലെറിയുന്നവന് രണ്ട് പഴം.’ കിട്ടിയ അവസരം നന്നായി ഉപയോഗിച്ച കുട്ടികള്‍ എറിഞ്ഞ കല്ലുകളുടെ എണ്ണം പറഞ്ഞ് പഴങ്ങള്‍ വാങ്ങി മടങ്ങി. ശരീരം മുഴുവനും ക്രിസ്തുവിനെ കണക്കെ മുറിവുകള്‍കൊണ്ട് മൂടിയ മേനിയുമായി സാന്ദാമിയാനോയുടെ മല കയറുമ്പോള്‍ ഫ്രാന്‍സിസ് ദൈവസ്തുതികള്‍ ആലപിക്കുകയായിരുന്നു. ഇങ്ങനെ, എങ്ങനെ ഒരു മനുഷ്യന് കഴിയും എന്നത് ഒരു അദ്ഭുതവും വിസ്മയവുമാണ്.
ശുദ്ധസ്നേഹം
സ്നേഹം ശീലിക്കുക എന്നത് ഫ്രാന്‍സിസിന്റെ മന്ത്രമാണ്. സഹനങ്ങളുടെ മധ്യേയും ഒരു താപസന് നൃത്തംചെയ്യാനും പാട്ടുപാടാനും കഴിയുമെന്ന് അസ്സീസിയിലെ ഫ്രാന്‍സിസ് തെളിയിച്ചു. അതിന് കാരണമായി ഫ്രാന്‍സിസ് പറയുന്നത്: ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നതുകൊണ്ടാണ്. ദൈവം സ്നേഹമാകുന്നു. സ്നേഹം ആനന്ദമാണ്. സ്നേഹത്തില്‍ കൊടുക്കല്‍ വാങ്ങലുകളില്ല, കടപ്പാടുകളുടെ വേലിക്കെട്ടുകളുമില്ല, സ്നേഹത്തിലെ തീവ്രമായ ഐക്യപ്പെടല്‍ മാത്രമേയുള്ളൂ. അവിടെ വേദന പങ്കുവയ്ക്കപ്പെടുന്നു, ശുദ്ധസ്നേഹം അഭ്യസിക്കുന്നു.
ദൈവസ്നേഹത്തിന്റെ കാര്യത്തിലും അതുതന്നെ; ഫ്രാന്‍സിസിന്റെ ദൈവത്തോടുള്ള പ്രാര്‍ഥന ഇങ്ങനെയായിരുന്നു: ” ദൈവമേ, സ്വര്‍ഗത്തെ ആഗ്രഹിച്ചാണ് ഞാന്‍ അങ്ങയെ സ്നേഹിക്കുന്നതെങ്കില്‍ അങ്ങ് മാലാഖമാരെ വിട്ട് അതിന്റെ വാതിലടപ്പിക്കുക, നരകത്തെ ഭയന്നാണ് അങ്ങയെ സ്നേഹിക്കുന്നതെങ്കില്‍ അങ്ങെന്നെ ആ നിത്യമായ അഗ്നിയിലേക്ക് എടുത്തെറിയുക. പക്ഷേ, ദൈവമേ, അങ്ങേയ്ക്കുവേണ്ടി, അങ്ങേയ്ക്കുവേണ്ടി മാത്രമാണ് ഞാനങ്ങയെ സ്നേഹിക്കുന്നതെങ്കില്‍ ഇരുകരങ്ങളും നീട്ടി ഇവനെ സ്വീകരിക്കേണമേ…ശുദ്ധസ്നേഹം ശീലിക്കാന്‍ ഫ്രാന്‍സിസ് നമ്മെ പഠിപ്പിക്കുന്നു.
പ്രണയത്തിന്റെ വഴിത്തിരിവ്
ഫേവറിനോ പ്രഭുവിന്റെ മകളാണ് ക്ലാര. ഫ്രാന്‍സിസിനെ അഗാധമായി സ്നേഹിച്ചവള്‍, പ്രണയിച്ചവള്‍. കളിക്കൂട്ടുകാരിയും സുന്ദരിയുമായ ക്ലാരയുടെ പ്രണയത്തെ പരിപൂര്‍ണ്ണതയുടെ യാത്രയില്‍ മറന്ന്, അല്ല മറക്കാതെ അവളെ മറ്റൊരു വിശുദ്ധ നക്ഷത്രമാക്കി മാറ്റി, ദേഹനിബദ്ധമായ പ്രണയത്തെ ആത്മനിബദ്ധമാക്കി. ഫ്രാന്‍സിസിന്റെ ദൈവപ്രണയവും പ്രപഞ്ചസ്നേഹവും കണ്ട് മതിമറന്ന ക്ലാര ഫ്രാന്‍സിസില്‍ നിന്നു തന്നെ താപസവസ്ത്രം സ്വീകരിച്ച് പൂര്‍ണ സന്ന്യാസം സ്വീകരിച്ച് മറ്റൊരു വിശുദ്ധയായി.
ലാളിത്യത്തിന്റെ രണ്ട് കഥകള്‍
- ആത്മീയ ദാനങ്ങള്‍ ലഭിച്ച, ആത്മീയ നിര്‍വൃതിയുടെ പ്രണയം ആസ്വദിച്ച ക്ലാര തന്റെ ഗുരുവും കൂട്ടുകാരനുമായ അസ്സീസിക്ക് എന്തെങ്കിലും നല്കാന് അതിയായി ആഗ്രഹിച്ചു; ക്ലാര ചോദിച്ചു: അങ്ങേയ്ക്കുവേണ്ടി ഞാന്‍ എന്താണ് നല്‍കേണ്ടത്? അസ്സീസി പറഞ്ഞു: നീ എനിക്കുവേണ്ടി ഒരു കുപ്പായം നെയ്തുതരിക. അതാകട്ടെ നീ തെരുവിലിറങ്ങി ദരിദ്രരിലും ഭിക്ഷക്കാരിലുംനിന്ന് ഓരോ കഷണം യാചിച്ചു വാങ്ങണം, അതില്‍നിന്നുവേണം കുപ്പായം ഉണ്ടാക്കാന്‍. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ബസിലിക്കയില്‍ നൂറിലധികം ദരിദ്രരില്‍നിന്ന് യാചിച്ചു വാങ്ങി ഉണ്ടാക്കിയ ആ കുപ്പായം കണ്മുന്പില് കയ്യെത്തുംദൂരെ ഞാന്‍ ആദ്യം കണ്ടപ്പോള്‍ എന്റെ നെഞ്ചിലൂടെ കടന്നുപോയ മിന്നല്പിണര് ഈ അക്ഷരങ്ങളിലൂടെ വിവരിക്കുന്നതിനുമപ്പുറമാണ്.
- അപമാനഭാരവും മാറ്റിനിര്‍ത്തലും ഏകാന്തതയും കൊച്ചാക്കലും കൊണ്ട് അവശനായിപ്പോയ ഒരു കുഷ്ഠരോഗിയെ തെരുവില്‍വച്ച് ഫ്രാന്‍സിസ് കണ്ടു. മൂക്ക് പകുതിയേയുള്ളൂ. ദ്രവിച്ചുപോയ മുഖം, വിരലുകള്‍ അറ്റുപോയിരിക്കുന്നു, മുഖം വിരൂപം, ചുണ്ട് വീര്‍ത്തിരിക്കുന്നു. കുഷ്ഠരോഗിയെ കണ്ടമാത്രയില്‍ ഫ്രാന്‍സിസ് ഓടിച്ചെന്ന് അവന്റെ ചുണ്ടില്‍ ചുംബിച്ചു, ചേര്‍ത്തുപിടിച്ച് അവനോടൊപ്പം കൂടെ നടന്നു. നടക്കുമ്പോള്‍ താന്‍ ക്രിസ്തുവിനെയാണ് ചുംബിച്ചത് എന്ന് തോന്നിപ്പോയ ഫ്രാന്‍സിസ് ലെയോയോട് പറഞ്ഞു: കുഷ്ഠരോഗിയെയും മുടന്തനെയും പാപിയെയും ചുംബിച്ചാല്‍ അവരൊക്കെ ക്രിസ്തുവായിത്തീരും.
പരിസ്ഥിതി ദര്‍ശനം
പരിസ്ഥിതിയുടെ മധ്യസ്ഥനാണ് ഫ്രാന്‍സിസ് അസ്സീസി. സര്‍വ്വജീവജാലങ്ങളെയും പുഷ്പലതാതികളെപ്പോലും സ്നേഹിച്ചവനും നോവിക്കാത്തവനുമാണ് ഫ്രാന്‍സിസ്. സൂര്യനെ സഹോദരനായും മരണത്തെ സഹോദരിയായും സ്വീകരിച്ചവന്. ഫ്രാന്‍സിസിന്റെ സ്വരൂപംപോലും തോളില്‍ പതിയിരിക്കുന്ന കിളികള്‍, ശിരസ്സിലും ചുമലിലും പക്ഷികളെ ഏറ്റി പ്രിയ മൃഗങ്ങളാല്‍ വളയപ്പെട്ട ഒരു പുണ്യവാളന്. ഈ പ്രകൃതിയെനോക്കി ആനന്ദനിര്‍വൃതിയാല്‍ നിറഞ്ഞ ശിഷ്യന് ലിയോ, സ്വര്‍ഗ്ഗം എന്താണ് എന്ന് ചോദിച്ചപ്പോള്‍ ”ഈ ഭൂമി മുഴുവന്‍” എന്നാണ് ഫ്രാന്‍സിസ് നല്കിയ ഉത്തരം. സ്വച്ഛന്ദതാഴ്വരയെ നോക്കി പ്രകൃതി ലാവണ്യം ആനുഭവിച്ച് ധ്യാനത്തിലാണ്ട നിമിഷം അസ്സീസി എഴുതിയ പ്രാര്‍ഥനയാണ്: ”ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ…. ” ഫ്രാന്‍സിസ് ആനന്ദിച്ച് ആലപിച്ച ആ സമാധാന പ്രാര്‍ഥന എഴുതിയത് ക്ലാരയുടെ മഠത്തിനടുത്തുള്ള പ്രകൃതിരമണീയമായ ഒരു സ്ഥലത്തുവച്ചാണ്. അവിടെ ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന അസ്സീസിയുടെ ഒരു പ്രതിമ കണ്ട ഓര്മ എന്റെ മനസ്സില്‍നിന്നും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാഞ്ഞിട്ടില്ല.
മതാത്മകദര്ശനം
മറ്റ് മതസ്ഥരോട് അനുഭാവപൂര്‍വ്വം വര്‍ത്തിക്കുകയും മതാത്മക സമീപനം 800 വര്ഷങ്ങള്ക്ക്മുന്പ് സ്വീകരിക്കുകയും ചെയ്ത വിശുദ്ധനാണ് ഫ്രാന്‍സിസ്. മതത്തിന്റെ പേരില്‍ പരസ്പരം കുരുതികൊടുക്കുന്ന ടുണീഷ്യയിലും മൊറോക്കോയിലും സ്പെയിനിലും സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് ശിഷ്യന്മാരെ അയച്ചു. തന്റെ ക്ഷീണത്തിന്റെയും രോഗത്തിന്റെയും മധ്യേ സിറിയായിലും ഈജിപ്തിലും സമാധാനം സ്ഥാപിക്കാന്‍ യാത്രചെയ്തു. സ്വന്തം ജീവന് അപകടപ്പെട്ടാലും കുഴപ്പമില്ല എന്ന് കരുതി മുഹമ്മദീയസുല്‍ത്താന്റെ അരികില്‍ സമാധാന സന്ദേശവുമായി എത്തി. മതങ്ങള്‍ തമ്മിലുള്ള ബന്ധം എക്കാലത്തെക്കാളും ഇക്കാലത്തും പ്രധാനമാണെന്ന് ഫ്രാന്‍സിസ് നമ്മെ ഓര്‍മിപ്പിക്കുന്നു.
ഫ്രാന്‍സിസ് അസ്സീസിയെ ഇന്ന് പലരും പലപേരുകളിലാണ് വിളിക്കുന്നത്. അതവരുടെ അനുഭവങ്ങളുമായി ബന്ധമുണ്ട്. ദൈവത്തിന്റെ വികൃതി, നിസ്വന്, ഗോഡ്സ് പാപ്പര്‍ (ദൈവത്തിന്റെ ദരിദ്രന്), സ്വര്‍ഗ്ഗത്തിലെ താപസന് എന്നിങ്ങനെ. എല്ലാറ്റിനെയും സ്നേഹത്തില്‍ കാച്ചിക്കുറുക്കുന്നതാണ് ശൈലി. പക്ഷികളെയും മൃഗങ്ങളെയും മനുഷ്യരെയും പ്രകൃതിയെയും മരണത്തെപ്പോലും. ക്രിസ്തു സ്നേഹിച്ചതിനെയെല്ലാം ഫ്രാന്‍സിസും സ്നേഹിച്ചു. ക്രിസ്തു ഉപേക്ഷിച്ചതിനെയെല്ലാം ഫ്രാന്‍സിസും ഉപേക്ഷിച്ചു. അതിനാലാണവന് രണ്ടാംക്രിസതുവായതും ക്രിസ്തു തന്റെ ഏറ്റവും വലിയ സമ്മാനമായി തന്റെ പഞ്ചക്ഷതങ്ങള്‍ മായാത്ത മുദ്രയായി ഫ്രാന്‍സിസിന്റെ ശരീരത്തില്‍ പതിപ്പിച്ചതും. അതില്‍നിന്നും ഇറ്റിററു വീഴുന്ന ചോര ക്രിസ്തു പ്രണയത്തിന്റെതായിരുന്നു. അതിനാല്‍ തനിക്കിഷ്ടപ്പെട്ടവനോട് യേശു പറഞ്ഞു: ‘സഭയെ പടുത്തുയര്‍ത്തുക’ അവന് അത് പണിതുയര്‍ത്തി ജീവിതം കൊണ്ട് മനോഹരമാക്കി; ഫ്രാന്‍സിസ് അസ്സീസിയുടെ ഈ അനുഗ്രഹത്തിന്റെ വര്‍ഷത്തില്‍, ഇനി പണിതുയര്‍ത്തേണ്ടത് നമ്മുടെ ജീവിതങ്ങളെയാണ്…

