ജെക്കോബി
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനത്തിനായുള്ള കാലക്രമം പതിനേഴു വര്‍ഷം മുന്പോട്ടാക്കി, അടുത്ത മൂന്നു നിര്‍മാണഘട്ടങ്ങള്‍ ഒറ്റയടിക്ക് 2028 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം, ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രചാരണവാക്യങ്ങളില്‍ കാണുന്നതുപോലെ തീര്‍ത്തും വിസ്മയനീയമാണ്. അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ വിഴിഞ്ഞത്ത് 800 മീറ്റര്‍ മാത്രം നീളമുള്ള ബെര്‍ത്തുമായി 2024 ഡിസംബറില്‍ കമേഴ്സ്യല്‍ ഓപ്പറേഷന്‍സ് ആരംഭിച്ചതിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളുടെ ശ്രേണിയില്‍പെട്ട 51 അള്‍ട്രാ ലാര്‍ജ് ഇനങ്ങള്‍ അടക്കം 686 കപ്പലുകള്‍ വന്നടുത്തതും, 14.6 ലക്ഷം ടിഇയു കണ്ടെയ്നറുകള്‍ ഇവിടെ കൈകാര്യം ചെയ്തതും ഇന്ത്യയുടെ സമുദ്രവ്യാപാര ചരിത്രത്തിലെ പുത്തന്‍ വിസ്മയങ്ങളാകുന്നു.
രാജ്യത്തെ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ്, മാരിറ്റൈം ലോജിസ്റ്റിക്സ് മേഖലയില്‍ കേരളത്തിന്റെ മുന്നേറ്റം വിളിച്ചോതുന്ന വിഴിഞ്ഞം തുറമുഖത്ത് നടപ്പാക്കുന്ന അതിവേഗ സംയോജിത വികസന പദ്ധതിക്കായി മാസ്റ്റര്‍ പ്ലാനില്‍ 9,700 കോടി രൂപയാണ് നിശ്ചയിച്ചതെങ്കിലും 16,000 കോടി രൂപയുടെ നിക്ഷേപമാണ് രണ്ടാം ഘട്ടത്തില്‍ തങ്ങള്‍ നടത്തുന്നതെന്ന് അദാനി പോര്‍ട്സ് മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി പറയുന്നു. ദക്ഷിണേന്ത്യയില്‍ അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ നിക്ഷേപം.
മൂന്നു വര്‍ഷത്തിനകം വികസന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ബെര്‍ത്തിന്റെ നീളം രണ്ടു കിലോമീറ്ററാകും, രാജ്യത്തെ ഏറ്റവും നീളം കൂടിയ ബെര്‍ത്ത്. അഞ്ച് മദര്‍ഷിപ്പുകള്‍ക്ക് ഒരേസമയം അടുക്കാനാകും. 28,840 ടിഇയു വരെ ശേഷിയുള്ള നെക്സ്റ്റ് ജനറേഷന് കണ്ടെയ്നര്‍ കപ്പലുകളും കൈകാര്യം ചെയ്യാനാകും. ഡ്രെജിങ്ങ് നടത്താതെ തന്നെ 20 – 24 മീറ്റര്‍ സ്വാഭാവിക ആഴം നിലനിര്‍ത്തുന്ന വിഴിഞ്ഞത്തെ പുലിമുട്ടിന്റെ (ബ്രേക്ക് വാട്ടര്‍) നീളം 2.96 കിലോമീറ്ററില്‍ നിന്ന് 3.88 കിലോമീറ്ററാകും. കയറ്റിറക്കുശേഷി 10 ലക്ഷം ടിഇയുവില്‍ നിന്ന് 57 ലക്ഷം കണ്ടെയ്നറിലേക്ക് ഉയരും. വിനോദസഞ്ചാരികളുടെ ആഡംബര യാത്രാകപ്പലുകള്ക്കായി 600 മീറ്റര്‍ ബെര്‍ത്തുള്ള ക്രൂസ് ടെര്‍മിനലും, ബ്രേക്ക് വാട്ടറിന്റെ മറ്റൊരു ഭാഗത്തായി നാവികസേനാ കപ്പലുകള്‍ക്ക് 620 മീറ്റര്‍ മള്‍ട്ടിപര്‍പ്പസ് ബെര്‍ത്തും, ദ്രാവക രൂപത്തിലുള്ള ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് 250 മീറ്റര്‍ നീളത്തില്‍ ലിക്വിഡ് ബെര്ത്തുമുണ്ടാകും. എല്‍എന്‍ജി ബങ്കറിങ്, സാധാരണ കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള ടാങ്ക് ഫാം, കണ്ടെയ്നറുകള്‍ക്കായി ബാക്കപ്പ് യാര്‍ഡ്, റെയില്‍വേ യാര്‍ഡ് എന്നിവ വരും. പുതുതായി 12 ഷിപ് ടു ഷോര്‍ ക്രെയിനും 27 യാര്‍ഡ് ക്രെയിനും സ്ഥാപിക്കും. 55 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയെടുക്കും. സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കിയാല്‍ ഹോട്ടലും ഷോപ്പിങ് സെന്ററും ക്രൂസ് വില്ലേജും നിര്‍മിക്കാനും അദാനി വിഴിഞ്ഞം പോര്‍ട്ട് കമ്പനിക്ക് താല്പര്യമുണ്ട്.
ആഗോള സമുദ്രാധിഷ്ഠിത ചരക്കുനീക്കത്തില്‍ സുപ്രധാന കണ്ണിയായും ദക്ഷിണേഷ്യയുടെ തന്ത്രപ്രധാനമായ വാണിജ്യകവാടമായും മാറാന്‍ ഇതിനകം വിഴിഞ്ഞത്തിന് സാധിച്ചുവെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. ട്രാന്‍സ്ഷിപ്മെന്റ് ഹബ് എന്ന നിലയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചുവെന്ന് പറയുമ്പോഴും, ഒരൊറ്റ കണ്ടെയ്നര്‍ ട്രക്കു പോലും ഇതുവരെ വിഴിഞ്ഞം തുറമുഖത്തുനിന്ന് ദേശീയപാത 66ലേക്കോ ദക്ഷിണ റെയില്‍വേ ലൈനിലേക്കോ കടന്നിട്ടില്ലെന്ന് ഓര്‍ക്കണം. 2019ല്‍ കമ്മിഷന് ചെയ്യേണ്ടിയിരുന്ന തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായത് 2024ലാണ്. വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റര്‍ അപ്രോച്ച് റോഡിന്റെ പണി ഇത്രയുംകാലമായിട്ടും പൂര്‍ത്തിയാക്കാനായില്ല എന്നതും വിസ്മയകരമാണ്. മുല്ലൂര്‍-പൂവാര്‍ റോഡ് പോര്‍ട്ടിന്റെ ഭാഗത്തുനിന്ന് രണ്ട് മേല്‍പ്പാലങ്ങളിലൂടെ തലക്കോടിനടുത്ത് ദേശീയപാതയില്‍ വന്നുചേരുന്നിടത്ത് ഏതാണ്ട് 150 മീറ്റര്‍ ഭാഗത്തായിരുന്നു അവസാനത്തെ കടമ്പ. സര്‍വീസ് റോഡിനു വീതികൂട്ടി, ദേശീയപാതയിലേക്ക് സുരക്ഷിതമായി കണ്ടെയ്നര്‍ ട്രെയിലര്‍ ട്രക്കുകള്‍ക്കു കടക്കുന്നതിനുള്ള സംവിധാനമൊരുക്കാനും ട്രയല്‍ റണ്‍ നടത്താനും തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം വരെ കാത്തിരിക്കേണ്ടിവന്നു.
പ്രതിദിനം രണ്ടായിരം കണ്ടെയ്നര്‍ ട്രെയിലറുകള്‍ വരെ കടന്നുപോകേണ്ട ദേശീയപാതയില്‍ ഒരു ഭാഗത്ത് കോവളം ബൈപാസും മറുഭാഗത്ത് നിര്‍ദിഷ്ട ഔട്ടര്‍ റിങ് റോഡും വന്നുചേരുന്നിടത്ത് ക്ലോവര്‍ലീഫ് ഇന്റര്‍ചെയ്ഞ്ചിന് അദാനി ഗ്രൂപ്പിന്റെ എന്‍ജിനിയറിങ് ടീം രൂപകല്പന ചെയ്തത് നാഷണല്‍ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. നാലു ലൂപ്പുകളിലൂടെ വാഹനങ്ങള്‍ക്ക് തടസമില്ലാതെ നീങ്ങാനാകുന്ന ക്ലോവര്‍ലീഫ് ഡിസൈനില്‍, കിഴക്കും പടിഞ്ഞാറുമായി രണ്ടു ലൂപ്പുകള്‍ വീതം നിര്‍മിക്കുന്നതിന് 30 ഏക്കര്‍ ഭൂമി വേണ്ടിവരും, ഇതിന് 360 കോടി രൂപ ചെലവു വരും. ഭൂമി ഏറ്റെടുക്കുന്ന വകയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 180 കോടി രൂപയാകും എന്നതിനാല്‍ തീരുമാനം നീണ്ടുപോവുകയായിരുന്നു. ഒറ്റ ലൂപ്പുള്ള ട്രംപറ്റ് ഡിസൈനാണെങ്കില്‍ കുറച്ചു ഭൂമി മതിയാകും. ഏറ്റവുമൊടുവില്‍ ക്ലോവര്‍ലീഫ് ആകാമെന്ന ധാരണയിലെത്തിയിട്ടുണ്ട്. പക്ഷേ, കേന്ദ്ര ഗവണ്മെന്റ് ഔട്ടര്‍ റിങ് റോഡിന് അനുമതി നല്‍കാതെ ക്ലോവര്‍ലീഫ് ഇന്റര്‍ചേഞ്ച് നിര്‍മാണം ഏറ്റെടുക്കാനാവില്ല.
തുറമുഖത്തുനിന്ന് കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള എക്സിം കാര്‍ഗോ ഗെയ്റ്റ് വേ തുറക്കാതെ റോഡു മുഖേനയുള്ള കണ്ടെയ്നര്‍ ചരക്കുനീക്കം സാധ്യമല്ല. കമേഴ്സ്യല്‍ ഓപ്പറേഷന്‍സ് തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോഴും തുറമുഖത്തിന് അടുത്തായി ഒഴിഞ്ഞ കണ്ടെയ്നറുകള്‍ക്കായി ഒരു യാര്‍ഡ് തുറക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍ ഫ്രെയ്റ്റ് സ്റ്റേഷനുകളോ ട്രെയിലര്‍ ട്രക്ക് ടെര്‍മിനലുകളോ വെയര്‍ഹൗസുകളോ വന്നിട്ടില്ല. ആഗോളതലത്തില്‍ 170 ട്രാന്‍സ്ഷിപ്മെന്റ് ഹബ്ബുകളുമായി ബന്ധപ്പെടാന്‍ കഴിയുന്ന വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് ഒരു വ്യാവസായിക ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതില്‍ സംസ്ഥാനം വലിയ തോതില്‍ പരാജയപ്പെട്ടു. നിക്ഷേപ താല്പര്യമുള്ള സംരംഭകര്‍ 500 ഏക്കര്‍ ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ അടിസ്ഥാന ലോജിസ്റ്റിക്സ് സംവിധാനങ്ങള്‍ക്കായി കിന്‍ഫ്രയും മറ്റ് ഏജന്‍സികളും ഭൂമി കണ്ടെത്താന്‍ കഴിയാതെ വലയുകയാണ്. തുറമുഖ കേന്ദ്രീകൃത വ്യവസായവത്കരണത്തിനായുള്ള ഒരു കണ്‍സള്‍ട്ടന്റിനെ സര്‍ക്കാരിനു നിയോഗിക്കാന്‍ സാധിച്ചതുതന്നെ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ്.
തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍പാതയില്‍ ബാലരാമപുരത്തു നിന്ന് വിഴിഞ്ഞത്തേക്ക് 10.7 കിലോമീറ്റര്‍ ബ്രോഡ് ഗേജ് റെയില്‍ ലിങ്ക് നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് 2018ല്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനുമായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് കമ്പനി കരാര്‍ ഒപ്പുവച്ചതാണ്. പാതയില്‍ 9.02 കിലോമീറ്റര്‍ ഭാഗം ഭൂതലത്തില്‍ നിന്ന് 25 – 30 മീറ്റര്‍ താഴെ കടന്നുപോകുന്ന ഭൂഗര്‍ഭ തുരങ്കമാണ്. 1,482 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് നബാര്‍ഡ് വായ്പ നല്‍കും. നബാര്‍ഡ് 193 കോടി രൂപ അനുവദിച്ചെങ്കിലും പദ്ധതിക്കായി ഭൂമിയേറ്റെടുക്കാനായിട്ടില്ല. ബാലരാമപുരം, പള്ളിച്ചല്‍, അതിയന്നൂര്‍ വില്ലേജുകളിലായി 4.6 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. റെയില്‍വേ ടണല്‍ വിഴിഞ്ഞ് മുക്കോല മുതല്‍ കോട്ടപ്പുറം വഴി ഭൂനിരപ്പിലേക്ക് ഉയരുന്നിടത്ത് അലൈന്മെന്റില് വരുത്തിയ മാറ്റങ്ങള്‍ രണ്ടു ക്രൈസ്തവ ദേവാലയങ്ങളെയും കോട്ടപ്പുറം സെന്റ് മേരീസ് സ്കൂള്‍ സമുച്ചയങ്ങളെയും കുരിശടികളെയും അഞ്ഞൂറോളം കുടുംബങ്ങളെയും ബാധിക്കുമെന്ന് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഇടവക സമൂഹം ആശങ്ക പ്രകടിപ്പിച്ചിട്ടും സര്‍ക്കാരും അദാനി പോര്‍ട്ടും ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
രാജ്യത്തെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് ട്രാന്‍സ്ഷിപ്മെന്റ് ഹബ് എന്നു വിശേഷിപ്പിക്കപ്പെടുന്ന വിഴിഞ്ഞത്ത് ഒന്‍പത് തദ്ദേശീയ വനിതാ ക്രെയിന്‍ ഓപ്പറേറ്റര്‍മാരാണ് ഓട്ടോമേറ്റഡ് സിആര്‍എംജി ക്രെയ്നുകള്‍ നിയന്ത്രിക്കുന്നത്. 2025 ഏപ്രില്‍ മാസത്തെ കണക്കുകള്‍ പ്രകാരം വിഴിഞ്ഞം തുറമുഖത്തെ 774 തൊഴിലാളികളില്‍ 534 പേര് കേരളത്തില്‍ നിന്നുള്ളവരാണ് – തിരുവനന്തപുരത്തു നിന്നുള്ളവര്‍ 453, വിഴിഞ്ഞത്തു താമസിക്കുന്നവര്‍ 286. അദാനി ഗ്രൂപ്പിന്റെ സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ലാഷര്‍, ഐടിവി ഡ്രൈവര്‍, ഹൗസ്കീപ്പിങ് തൊഴിലുകളില്‍ പരിശീലനം നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നു. തുറമുഖ പദ്ധതിയുടെ പേരില്‍ തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരടക്കം പ്രദേശവാസികള്‍ക്ക് വാഗ്ദാനം ചെയ്ത ജോലിയൊന്നും ലഭിച്ചിട്ടില്ല എന്ന പരാതിയും നിലനില്ക്കുന്നു.
ചരക്കുഗതാഗതം, വെയര്‍ഹൗസിംഗ്, ഫ്രെയ്റ്റ് സ്റ്റേഷന്, കണ്ടെയ്നര്‍ സ്റ്റഫിങ്, ഡിസ്റ്റഫിങ്, ഹോട്ടലുകള്‍, മാനുഫാക്ചറിങ്, ഭക്ഷ്യസംസ്കരണ ക്ലസ്റ്ററുകള്‍ എന്നിവയിലൂടെയും അനുബന്ധ സേവനങ്ങളിലൂടെയും തുറമുഖവുമായി ബന്ധപ്പെട്ട വ്യാവസായിക, സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ്, ടൂറിസം വികസനത്തിലൂടെയും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ക്കായി യുവാക്കള്‍ കാത്തിരിക്കയാണ്. സാങ്കേതികവൈദഗ്ധ്യം നേടിയവര്‍ക്കൊപ്പം പുതിയ തൊഴിലവസരങ്ങള്‍ക്കായി യുവജനങ്ങള്‍ക്ക് നൈപുണ്യവികസനത്തിന് സഹായം ഒരുക്കേണ്ടതുമുണ്ട്.
തുറമുഖ പദ്ധതി മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് 116 കോടി രൂപ നഷ്ടപരിഹാരമായി കൈമാറിയെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി പറയുന്നുണ്ട്. വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ നേട്ടങ്ങളും തൊഴില്‍ സാധ്യതകളും മറ്റും ഉയര്‍ത്തിക്കാട്ടുമ്പോഴും, പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിനും തീരദേശ ജനതയ്ക്കും ഈ പദ്ധതിയുടെ ഫലമായി നഷ്ടപ്പെട്ട തൊഴില്‍, ഭൂമി, പാര്‍പ്പിടം എന്നിവയ്ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാനും അവരുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനും അവരെ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ എന്തു ചെയ്തു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
വിഴിഞ്ഞം തീരക്കടലിലെ പുലിമുട്ടു നിര്‍മാണവും ഡ്രെജിങ്ങും തീരശോഷണം രൂക്ഷമാകാന്‍ കാരണമായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പുനെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എം.ഡി. കുഡാലെ അധ്യക്ഷനായ വിദഗ്ധ സമിതി 2024 മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മിറ്റിക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത് വിഴിഞ്ഞം സീപോര്‍ട്ടും അദാനി ഗ്രൂപ്പുമാണ്. ആ റിപ്പോര്‍ട്ട് ഇനിയും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. സമുദ്രവിഭവങ്ങളുടെ ഉത്പാദനത്തിലുണ്ടായ വ്യതിയാനം, കോവളം മുതല്‍ ശംഖുമുഖം വരെയുള്ള തീരശോഷണം തടയാനുള്ള നടപടികള്‍, തീരസംരക്ഷണ നടപടികള്‍, നഷ്ടപരിഹാരവും ക്ഷേമപ്രവര്‍ത്തനങ്ങളും എന്നിവ സംബന്ധിച്ച ഫിഷറീസ് ഡയറക്ടര്‍, ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് ചീഫ് എന്‍ജിനിയര്‍, കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്പറേഷന് മാനേജിങ് ഡയറക്ടര്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
‘നമ്മുടെ തീരങ്ങള്‍, നമ്മുടെ കടല്‍: മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ പൈതൃകവും എല്ലാ പൗരന്മാരുടെയും ഫലഭോഗാവകാശവും’ എന്ന ശീര്‍ഷകത്തില്‍, തീരക്കടലിലെ നിര്‍മിതികള്‍ ബീച്ചുകളിലും തീരമേഖലയിലും ജൈവവൈവിധ്യത്തിലും മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ഉപജീവനമാര്‍ഗങ്ങളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനകീയ പഠന സമിതി 2022ല്‍ പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു.
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാഷ് ട്രത്തിനു സമര്‍പ്പിച്ച് മൂന്ന് ആഴ്ച തികയും മുന്‍പാണ്, 2025 മേയില്‍ വിഴിഞ്ഞത്തു നിന്ന് കൊച്ചിയിലേക്കു തിരിച്ച എംഎസ് സി എല്‍സ-3 എന്ന വിദേശ ഫീഡര്‍ കപ്പല്‍ തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അടുത്തായി തീരക്കടലില്‍ മുങ്ങിയത്. കാത്സ്യം കാര്‍ബൈഡ് അടക്കം ആപല്‍ക്കരമായ ചരക്കുകള്‍ കയറ്റിയിരുന്ന കപ്പലില്‍ നിന്ന് 640 കണ്ടെയ്നറുകള്‍ കടലില്‍ വീണു. 450 ടണ്‍ ഹെവി ഫ്യൂയല്‍ ഓയിലും ഡീസലുമായി മുങ്ങിയ കപ്പലില്‍ നിന്ന് പ്ലാസ്റ്റിക് പെല്ലെറ്റും മറ്റും ചോര്‍ന്ന് തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലും തീരപ്രദേശത്ത് വ്യാപകമായി മലിനീകരണമുണ്ടായി ദിവസങ്ങളോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുടങ്ങി. അപകടത്തില്‍പെട്ട കപ്പലിലെ കാര്‍ഗോ മാനിഫെസ്റ്റ് പോലും പുറത്തുവിടാന്‍ വിഴിഞ്ഞം പോര്‍ട്ട് അധികാരികള്‍ തയാറായില്ല. 9,531 കോടി രൂപ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട അഡ്മിറാല്‍റ്റി കേസില്‍ 1,227 കോടിയുടെ ബാങ്ക് ഗാരന്റി ഹൈക്കോടതിയില്‍ കെട്ടിവച്ചാണ് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി വിഴിഞ്ഞത്ത് തടഞ്ഞുവയ്ക്കപ്പെട്ട ഒരു കപ്പലിന്റെ മോചനം ഉറപ്പാക്കിയത്.
ഗുജറാത്ത് രീതിയില്‍ കേരളത്തെ പിടിക്കുമെന്നും കേരളത്തെ ഗുജറാത്ത് ആക്കി മാറ്റുമെന്നും തിരുവനന്തപുരം നഗരസഭയില്‍ ബിജെപിയുടെ കന്നിവിജയം ആഘോഷിക്കാന്‍ എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി മോദി പ്രസ്താവിച്ചത് അത്ര ലഘുവായി കാണരുത്. ഗുജറാത്ത് മോഡല്‍ നമ്മുടെ കാലാവസ്ഥയ്ക്കു ചേര്ന്നതാകണമെന്നില്ല. ഗുജറാത്തില്‍ ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള മുണ്ഡ്ര തുറമുഖത്തുനിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ഇടനാഴി ആരംഭിക്കുന്നത്. ഇറാന് വഴി അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിയ 21,000 കോടി രൂപ വിലവരുന്ന 3,000 കിലോ ഹെറോയിന്‍ ആണ് 2021 സെപ്റ്റംബറില്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മുണ്ഡ്രയില്‍ നിന്ന് പിടികൂടിയത്. ഇത്തരം അഞ്ചു കണ്സൈന്മെന്റില് പിടിക്കപ്പെടാതെ പോയ മയക്കുമരുന്നിനെക്കുറിച്ച് പിന്നീട് സൂചന ലഭിച്ചു. വിഴിഞ്ഞം മറ്റൊരു മുണ്ഡ്രയാകാതിരിക്കട്ടെ.

