ജെയിംസ് അഗസ്റ്റിന്
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുഴക്കമാര്‍ന്ന ശബ്ദത്തിനുടമയായ അമിതാബ് ബച്ചന് കേള്‍വിക്കാരെ ഒരു ആല്‍ബത്തിലെ പാട്ടുകള്‍ കേള്‍ക്കാന്‍ ക്ഷണിക്കുകയാണ്.
‘ജീവിതത്തിന്റെ ആരവങ്ങള്‍ക്കും രാഷ്ട്രീയത്തിലെ അരാജകത്വത്തിനും ബന്ധങ്ങളുടെ കറുപ്പിനും വെളുപ്പിനുമിടയില്‍ നഷ്ടപ്പെട്ടതിനും നേടിയതിനുമിടയില്‍ ഏകാന്തതയില്‍ അയാളിലെ കവി ഉണര്‍ന്നു.’
‘സംവേദ്ന’ എന്ന ഹൃദയഹാരിയായ സംഗീതസമാഹാരത്തിലെ പാട്ടുകളിലേക്ക് ശ്രോതാക്കളെ പ്രവേശിപ്പിക്കുകയാണ് അമിതാബ് ബച്ചന്. പുസ്തകങ്ങള്‍ക്ക് അവതാരിക എന്ന പോലെ മ്യൂസിക്കല്‍ ആല്ബത്തിലേക്കുള്ള ഈ പ്രവേശിക എഴുതിയത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രഗത്ഭനായ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറാണ്. ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി എഴുതിയ കവിതകളാണ് സംവേദ്ന എന്ന ആല്‍ബത്തില്‍ നമുക്ക് കേള്‍ക്കാനുള്ളത്. ഇന്ത്യയിലെ റൊമാന്റിക് ഗായകനായ ജഗ്ജിത് സിംഗ് ഈണം നല്കി ആലപിച്ച ആറു ഗാനങ്ങളാണ് ഈ സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ളത്.
ജാവേദ് അക്തര്‍ അമിതാബ് ബച്ചനെക്കൊണ്ട് വീണ്ടും പറയിപ്പിക്കുന്നു, ‘നിറങ്ങളുള്ള വാക്കുകള്‍ കൊണ്ട് ജീവിതത്തിന്റെ ചിത്രം വരച്ചുകാട്ടുകയാണ് അടല്‍ ബിഹാരി വാജ്പേയി. ‘നീ’, ‘ഞാന്‍’ എന്നീ മതിലുകള്‍ തകര്‍ക്കുന്ന, ലോകത്തിലെ എല്ലാ ഹൃദയമിടിപ്പുകളും ഒരു ഹൃദയത്തില്‍ ചേരുന്ന പോലെയാണ് കവിയുടെ രചനകള്‍’.
ആല്‍ബത്തിന് ആമുഖം നല്‍കിയത് അമിതാബ് ബച്ചനാണെങ്കില്‍ ഓരോ പാട്ടിനെക്കുറിച്ചും കവി തന്നെ ലഘുവിവരണം നല്‍കുന്നുണ്ട്. ‘ഏക് ബരാസ് ബീത് ഗയാ’ എന്നു തുടങ്ങുന്ന ഗാനം എഴുതിയത് അടിയന്തരാവസ്ഥക്കാലത്തു ജയില്‍വാസമനുഭവിക്കുമ്പോഴാണ്.
‘ഒരാണ്ടു കഴിഞ്ഞു
ചുട്ടുപൊള്ളുന്ന മാസം വരുന്നു
ദുഖമാകുന്നു ശരത്കാലം
കരയുന്ന മഴക്കാലം
ഭൂമിയില്‍ നിന്നും പ്രണയത്തിന്റെ
സ്വരം പ്രതിധ്വനിക്കുന്നു
കണ്പോളകള് ക്ഷീണത്താല്‍ താഴുന്നു
തിരിച്ചു വരുമോ എന്നെങ്കിലും
ഒരാണ്ട് കഴിയുന്നു….
‘ചൗരാഹേ പര്’ എന്ന ഗാനത്തിന്റെ ആമുഖത്തില്‍ വാജ്പേയീ പറയുന്നുണ്ട് :
‘ഇന്നലെ ഉണ്ടായിരുന്നത് ഇന്നില്ല. ഇന്നുള്ളത് നാളെയുണ്ടാവില്ല. നമ്മള് എന്നേക്കും ജീവിക്കുമോ? ഉള്ളതും ഇല്ലാത്തതും ഒരേ സത്യത്തിന്റെ രണ്ടു മാനങ്ങളാണെന്ന് ഞാന്‍ കരുതുന്നു.
‘ക്യാ ഖോയാ ക്യാ പായാ’ എന്ന ഗാനത്തിലൂടെ കവി ചോദിക്കുന്നുണ്ട് .’ഈ ലോകത്തില്‍ ഞാനെന്താണ് നേടിയത്? എന്താണ് ഞാന്‍ നഷ്ടപ്പെടുത്തിയത്? കണ്ടുമുട്ടലിന്റെയും വേര്‍പിരിയലിന്റെയും പാതയില്‍ ഓരോ ചുവടുവയ്പ്പിലും ഞാന്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടങ്കിലും എനിക്കാരോടും പരാതിയില്ല. ഓര്‍മകളുടെ കെട്ടുകള്‍ മടക്കി സ്വന്തം ഹൃദയത്തോടു മാത്രം സംസാരിക്കുക.’
ആത്മബന്ധമുള്ള വരികളും വരികള്‍ക്കിണങ്ങിയ ഇമ്പമാര്‍ന്ന സംഗീതവും പ്രണയത്തിന്റേയും വിരഹത്തിന്റെയും നൊമ്പരത്തിന്റെയും സ്വരമുള്ള ആലാപനവും കൂടിച്ചേര്‍ന്ന ഈ ആല്‍ബം കാതുകള്‍ കൊണ്ടല്ല ഹൃദയം കൊണ്ടാണ് കേള്‍ക്കേണ്ടത്. പൊതുപ്രവര്ത്തനങ്ങള്ക്കിടയിലും കവിതരചനയ്ക്കും പ്രഭാഷണങ്ങള്‍ക്കും സമയം മാറ്റിവച്ചിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ സംവേദ്ന എന്ന ആല്‍ബം ഒരിക്കലെങ്കിലും കേള്‍ക്കേണ്ടതാണ്.


