പാലക്കാട്: യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും മാറ്റത്തിന്റെ ശക്തിയാണെന്ന് പാലക്കാട് രൂപത ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ. കെസി വൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ, പാലക്കാട് രൂപതയുടെ ആതിഥേയത്വത്തിൽ മുണ്ടൂർ യുവക്ഷേത്ര കോളജിൽ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കന്നിവയലിൽ അധ്യക്ഷത വഹിച്ചു. യുവജന പ്രവർത്തനങ്ങളുടെ ദിശാ സൂചികയും പ്രവർത്തനമാർഗരേഖയും ഉൾക്കൊള്ളുന്ന സംസ്ഥാന യുവജനനയം രൂപീകരിക്കുന്നതിലേക്കുള്ള നിർണായകഘട്ടമാണ് ഈ അസംബ്ലിയെന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.
സംസ്ഥാന ഡയറക്ടർ ഫാ. ഡീറ്റോ കൂള, ജനറൽ സെക്രട്ടറി ജോബിൻ ജോസ്, പാലക്കാട് രൂപത പ്രസിഡന്റ് അഭിഷേക് പൂന്നാം തടത്തിൽ, ഡയറക്ടർ ഫാ. ജോബിൻ മലമുറിയിൽ, സംസ്ഥാന ഭാരവാഹികളായ ജെ. ആർ. അനൂപ്, ജോഷി എലിസബത്ത്, ജോസ്മി ജോസ്, ജീന ജോർജ്, അസിസ്റ്റന്റ് ഡയറക്ട്ർ സിസ്റ്റർ ഡോ. നോർബർട്ട് സി ടിസി എന്നിവർ അസംബിക്കു നേതൃത്വം നൽകി.
യുവജനങ്ങളെ നേരിട്ടുബാധിക്കുന്ന വിഷയങ്ങളായ ആഗോളകുടിയേറ്റം, നൈപുണ്യ വികസനവും കരിയർ ശാക്തീകരണവും, സാമൂഹിക രാഷ്ട്രീയ നേതൃത്വം, മാനസികാരോഗ്യം, കുടുംബബന്ധങ്ങൾ, ആത്മീയ , മാധ്യമ-കലാ-സാഹിത്യമേഖല, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിലായി ചർച്ച ചെയ്തു. ഓരോ വിഷയങ്ങളിലും സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികൾ ക്ലാസുകളും ചർച്ചകളും നയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യൂത്ത് അസംബ്ലി, യുവജനങ്ങളുടെ ആശയങ്ങളും നിർദേശങ്ങളും രേഖപ്പടുത്തി ഭാവിയിലെ പ്രവർത്തനങ്ങൾക്കു വ്യക്തമായ രൂപരേഖ തയാറാക്കുന്നതിനുള്ള വേദിയായി.
കെസിവൈഎം സംസ്ഥാനസമിതി മുന്നോട്ടുവയ്ക്കുന്ന യുവജനനയം സഭയുടെയും സമുഹത്തിന്റെയും വികസനത്തിൽ യുവജനങ്ങളെ സജീവപങ്കാളികളാക്കുന്നതിനു സഹായകരമാകുമെന്നു സംഘാടകർ വ്യക്തമാക്കി.

