വത്തിക്കാൻ : സാമ്പത്തിക, സാംസ്കാരിക, ആത്മീയ അടിമത്തത്തിന്റെ പുതിയ രൂപങ്ങളാൽ, നിസ്സംഗതയും, ബഹിഷ്കരണവും നിറഞ്ഞ ഒരു ലോകത്ത്, വിശുദ്ധ അൻസ്ഗറിന്റെ ജീവിത മാതൃക ഏറെ പ്രധാനപ്പെട്ടതാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പറഞ്ഞു. ഡെൻമാർക്കിൽ വിശുദ്ധ അൻസ്ഗറിന്റെ പ്രേഷിതദൗത്യം ആരംഭിച്ചതിന്റെ 12-ാം ശതാബ്ദി ആഘോഷങ്ങളിൽ, കോപ്പൻഹേഗൻ കത്തീഡ്രലിൽ, പാപ്പായുടെ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ, എത്തിയ കർദിനാൾ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചുകൊണ്ട് സന്ദേശം നൽകവെയാണ് ഇക്കാര്യം പറഞ്ഞത്.
സഭ വിശ്വസനീയമായി നിലകൊള്ളുന്നത് അധികാരത്തിലൂടെയോ, സംഖ്യകളിലൂടെയോ, തന്ത്രങ്ങളിലൂടെയോ അല്ല, മറിച്ച് വിശ്വാസം ഒരു ജീവിക്കുന്ന സാക്ഷ്യമായി മാറുകയും, മനുഷ്യന്റെ അന്തസ്സ് പുനഃസ്ഥാപിക്കുകയും യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൾ തുറക്കുകയും ചെയ്യുന്ന വിമോചനത്തിന്റെയും നീതിയുടെയും കാരുണ്യത്തിന്റെയും മൂർത്തമായ പ്രവൃത്തികളായി പ്രകടിപ്പിക്കപ്പെടുകയും, വിവർത്തനം ചെയ്യപ്പെടുമ്പോഴാണെന്നു കർദിനാൾ എടുത്തു പറഞ്ഞു.
യേശുവിനോടുള്ള വിശ്വസ്തതയിൽ അധിഷ്ഠിതമായ പ്രേഷിതപ്രവർത്തനത്തിനായി, ഒൻപതാം നൂറ്റാണ്ടിൽ വടക്കൻ യൂറോപ്പിൽ എത്തിയ വിശുദ്ധ അൻസ്ഗറിന്റെ ജീവിത സാക്ഷ്യം ഇന്നും പ്രചോദനകരമാണെന്നു കർദിനാൾ ചൂണ്ടിക്കാണിച്ചു. ദൈവത്തിന്റെ ക്ഷമയുടെയും, കാരുണ്യത്തിന്റെയും സുവിശേഷസന്തോഷം മറ്റുള്ളവരിലേക്ക് പകരുകയും, അപ്രകാരം അവരുടെ ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തിക്കൊണ്ട് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്ത പുണ്യവാനാണ്, വിശുദ്ധ അൻസ്ഗർ എന്നതും കർദിനാൾ അനുസ്മരിച്ചു.
വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ പരാമർശിക്കുന്ന “കുരിശിന്റെ ഭോഷത്തം”, തന്റെ ജീവിതത്തിൽ വിജയമായി സ്വീകരിച്ച ഒരു വ്യക്തിയായിരുന്നു വിശുദ്ധ അൻസ്ഗർ എന്നും, ശക്തി, സ്വാധീനം, വിജയം എന്നിവയെ മാത്രം വിലമതിക്കാൻ നമ്മെ പഠിപ്പിക്കുന്ന ഒരു ലോകത്ത്, ദൈവത്തിന്റെ ജ്ഞാനമാണ് കുരിശിന്റെ ഭോഷത്തമെന്നു ജീവിതം കൊണ്ട് കാട്ടിത്തന്ന ആളാണ് വിശുദ്ധനെന്നും കർദിനാൾ അനുസ്മരിച്ചു. സഭാംഗങ്ങളുടെ എണ്ണമല്ല പ്രധാനമെന്നും, മറിച്ച് പ്രേഷിതദൗത്യം ആരംഭിക്കുന്നത്, രൂപാന്തരപ്പെട്ട ഹൃദയങ്ങളിൽ നിന്നാണെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു.
ക്രിസ്തുവിനൊപ്പം നടക്കാനും എല്ലാ സാഹചര്യങ്ങളിലും അവനോട് അടുത്തുനിൽക്കാനുമുള്ള വിശുദ്ധ അൻസ്ഗറിന്റെ ആഹ്വാനം ഏവരും ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്ന ആശംസയോടെയാണ് കർദിനാൾ തന്റെ സന്ദേശം ഉപസംഹരിച്ചത്.
