ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ വ്യാപാര-സുരക്ഷാ കരാറുകളിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒപ്പുവച്ചു. പുതുയുഗത്തിന് തുടക്കമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ചരിത്രമുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ പറഞ്ഞു.
ലോകത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികളാണ് ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നത്. രണ്ട് യൂറോപ്യൻ യൂണിയൻ നേതാക്കളും ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കൾ. ഇതൊരു വ്യാപാര കരാർ മാത്രമല്ല, രാജ്യത്തിന്റെ സമൃദ്ധിയുടെ ഒരു ബ്ലൂ പ്രിന്റ് കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യൂറോപ്പ് എന്ന വലിയ വിപണി തുറന്നു കിട്ടുകയാണ്. മൊബിലിറ്റി കരാർ വഴി ഇന്ത്യയിലുള്ള പ്രാഫഷണലുകൾക്ക് യൂറോപ്പിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദത്തെ തടയാനും സമുദ്ര സുരക്ഷയ്ക്കും ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയായി. സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യ, യൂറോപ്യൻ യൂണിയൻ നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യുക്രെയ്ൻ, പശ്ചിമേഷ്യ, ഇന്തോ പസഫിക് സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തുവെന്നും ഇന്ത്യയും യൂറോപ്യൻ യൂണിയനും ബഹുരാഷ്ട്രവാദത്തിൽ വിശ്വസിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളുടെയും ബന്ധത്തിൽ ഒരു പുതിയ അധ്യായം തുറക്കുന്നുവെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അൻ്റോണിയോ കോസ്റ്റ പറഞ്ഞു. വ്യാപാരം, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കരാർ സഹായിക്കും. താനും ഒരു വിദേശ ഇന്ത്യൻ പൗരനാണെന്നും തന്റെ പിതാവിന്റെ കുടുംബം ഗോവയിൽ നിന്നാണ് വന്നതെന്നും അതിൽ തനിക്ക് അഭിമാനമുണ്ട് എന്നും കോസ്റ്റ പറഞ്ഞു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം തന്നെ സംബന്ധിച്ച് വ്യക്തിപരമാണ്. തന്ത്രപരവും വിശ്വസനീയവുമായ പങ്കാളിയായി ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒരുമിച്ച് നിൽക്കുന്നു എന്നും കോസ്റ്റ പറഞ്ഞു.

