ബിജോ സില്‍വേരി
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ സാമൂഹ്യസാംസ്കാരിക പരിവര്‍ത്തനങ്ങളില്‍ ഒന്നാണ് സോഷ്യല്‍ മീഡിയയുടെ അതിവേഗ വളര്‍ച്ച. ആശയവിനിമയത്തിന്റെ പരമ്പരാഗത മാധ്യമങ്ങളായ പത്രം, റേഡിയോ, ടെലിവിഷന്‍ എന്നിവയെ മറികടന്ന്, സോഷ്യല്‍ മീഡിയ ഇന്ന് വ്യക്തികളുടെ അഭിപ്രായ രൂപീകരണത്തിലും സാമൂഹിക ബോധ നിര്‍മാണത്തിലും നിര്‍ണായക പങ്ക് വഹിക്കുന്നു.
ഈ പശ്ചാത്തലത്തില്‍, ഫ്രെയ്മിംഗ് സിദ്ധാന്തം സോഷ്യല്‍ മീഡിയയുടെ ആശയ സ്വാധീനം വിശകലനം ചെയ്യുന്നതിനുള്ള അഥവാ അജണ്ട നിശ്ചയിക്കുന്നതിനുള്ള ഒരു പ്രധാന സിദ്ധാന്താത്മക ഉപാധിയായി മാറുന്നതെങ്ങിനെയെന്ന് വിലയിരുത്തുന്നു.
തമിഴ് സിനിമയിലെ പ്രമുഖ നടനായ സൂര്യ ഒരു സിനിമാ പ്രസിദ്ധീകരണത്തോടു പറഞ്ഞ കാര്യമാണ്: ‘ ഒരു ദിവസം രാവിലെ മുതല്‍ സുഹൃത്തുക്കളുടെ ഫോണ്‍ കോളുകള്‍. ‘എന്തിനാണ് നീയങ്ങനെ ചെയ്തത്’ എന്നാണ് എല്ലാവരുടേയും ചോദ്യം. കാര്യമായ വിശദീകരണമില്ല. ഞാന്‍ വല്ലാതായി. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിക്കവാറും പേരും ഒരു അപവാദഭീഷണിയിലാണ് എല്ലാ ദിനവും തള്ളിനീക്കുന്നതെന്ന യാഥാര്‍ഥ്യമുണ്ട്.
വര്‍ഷങ്ങളായി ഞാനും അതില്‍ ഉള്‍പ്പെടുന്നു. സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോ ഈ അപവാദപ്രചരണങ്ങളെ എപ്പോഴും തള്ളിക്കളയാറുണ്ട്. എങ്കില്‍പോലും പുതിയ സംഭവം എന്നില്‍ ഒരു ഉള്‍ക്കിടിലമുണ്ടാക്കി. എന്താണ് സംഭവമെന്നു തിരക്കുമ്പോഴാണ്, ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ടത്രേ. ഞാന്‍ ഭാര്യയെ അതികഠിനമായി മര്‍ദിക്കുന്നതാണ് ദൃശ്യം. ആദ്യമെനിക്കത് തമാശയായി തോന്നിയെങ്കിലും ഞാനാ വീഡിയോ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. അത് അത്രയ്ക്ക് യാഥാര്‍ഥ്യമായിരുന്നു. എന്നെപ്പോലൊരാള്‍ എന്നു പറയാനാകില്ല, ഞാന്‍ തന്നെ എന്റെ ഭാര്യയെ അടിക്കുകയും ചവിട്ടുകയും തലമുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്യുന്നു…അത് യാഥാര്‍ഥ്യമല്ലെന്ന് എനിക്കും ഭാര്യയ്ക്കുമറിയാം. പക്ഷേ അത് ഞങ്ങളിലുണര്ത്തിയ ഞെട്ടല്‍ വളരെ വലുതായിരുന്നു’.
നമുക്കെല്ലാം പരിചിതമായ സോഷ്യല്‍മീഡിയ പ്രചരണത്തിന്റെ അപകടകരമായ സ്ഥിതിവിശേഷത്തിന്റെ മികച്ച ഉദാഹരണമാണീ സംഭവം. നമ്മള് ഫേസ്ബുക്കിലോ ഇന്സ്റ്റര്ഗ്രാമിലോ വാട്സാപ്പിലോ കാണുന്ന ഒരു സന്ദേശം സത്യമാണെന്ന ബോധ്യത്തോടെ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യുന്നു. ഏതാനും മിനിറ്റുകള്‍ക്കകം ആ വാര്‍ത്ത വ്യാജമാണെന്ന് തെളിയുകയും ചെയ്യുന്നു.
പക്ഷേ, അപ്പോഴേക്കും അതൊരു വ്യാജവാര്‍ത്തയാണ് എന്നതല്ല, ആ വാര്‍ത്ത ഉണ്ടാക്കിയ വികാരമാണ് നമ്മില്‍ ഉണരുന്നത്. അത് മനസിന്റെ അടിത്തട്ടില്‍ ശേഷിക്കുകയും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും സത്യത്തില്‍ നിന്ന് നാം വളരെ ദൂരം അകലുകയും ചെയ്യുന്നു. ഇതാണ് ഇന്നത്തെ എഐ നിയന്ത്രിക്കുന്ന സോഷ്യല്‍ മീഡിയയുടെ ഏറ്റവും സൂക്ഷ്മമായ വിജയം. നമ്മള് കാണുന്നത് യാഥാര്‍ഥ്യമാണോ, തെറ്റായി ചിത്രീകരിച്ച വാര്‍ത്തയിലേക്ക് നമ്മെ മനഃപൂര്‍വം കൂട്ടിക്കൊണ്ടുപോകുകയാണോ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ. സോഷ്യല്‍ മീഡിയ ഒരു ചട്ടകൂടാണ്. ആ ചട്ടകൂടിനുള്ളിലൂടെയാണ് നാം ലോകത്തെ കാണുന്നത്.
അതിനാല്‍, ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ ബൗദ്ധിക ചുമതല ഇതാണ്: യാഥാര്‍ഥ്യം കാണുന്നതിന് മുമ്പ്, അതിനെ കാണിക്കാന്‍ ഉപയോഗിക്കുന്ന ഫ്രെയിം തിരിച്ചറിയുക.ഫ്രെയ്മിംഗ് സിദ്ധാന്തംസോഷ്യല് മീഡിയകള്‍ ഗുണവും ദോഷവും വരുത്തിവയ്ക്കുന്ന സങ്കേതങ്ങളാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ട്. പക്ഷേ മനുഷ്യന്റെ തീരുമാനമെടുക്കല്‍ പ്രക്രിയ എന്നത് യുക്തിപരമായ വിവരവിശകലനത്തിന്റെ ഫലമാണെന്നാണ് പൊതുവായ ധാരണ. വിവരങ്ങള്‍ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് പലപ്പോഴും തീരുമാനങ്ങളെ നിര്‍ണ്ണയിക്കുന്നത്. ഇതാണ് ഫ്രെയ്മിംഗ് സിദ്ധാന്തം ചൂണ്ടിക്കാട്ടുന്നത്.
സോഷ്യല്‍ മീഡിയ വെറും ആശയവിനിമയ ഉപകരണമല്ല; ആശയങ്ങളുടെ രൂപീകരണവും പുനര്‍നിര്‍മാണവും നടത്തുന്ന ശക്തമായ ഫ്രെയ്മിംഗ് യന്ത്രമാണ്. മാധ്യമലോകത്ത് അത്തരമൊരു സിദ്ധാന്തമുണ്ടെന്നത് (ഫ്രെയ്മിംഗ് സിദ്ധാന്തം) അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. എന്നാല്‍ ആ സിദ്ധാന്തം പുതിയതല്ല, പുതിയ കാലഘട്ടത്തിലും പ്രസക്തമാണ്, അല്ലെങ്കില്‍ കൂടുതല്‍ പ്രസക്തമാകുന്നു എന്നാണ് അതിനെകുറിച്ചു പറയേണ്ടത്. മനുഷ്യന് ഒരിക്കലും ലോകത്തെ അതിന്റെ മുഴുവന്‍ തോതില്‍ കണ്ടിട്ടില്ലെന്നത് സത്യം തന്നെയാണ്.
നമ്മള് കാണുന്നത് എല്ലായ്പ്പോഴും ഒരു കണ്ണാടിയിലൂടെയാണ്-ആശയവിനിമയത്തിന്റേയും ചിത്രങ്ങളുടേയും കണ്ണാടിയിലൂടെ നമ്മള് ലോകത്തെ കാണാന്‍ ശ്രമിക്കുന്നു. ഈ ചട്ടകൂടുകളെ (ഫ്രെയിമുകള്‍) അവഗണിച്ച് മനുഷ്യബോധം ഒരു സംഭവത്തിലൂടേയും കടന്നുപോകുന്നില്ല. ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഈ അര്ത്ഥചട്ടങ്ങളുടെ ഏറ്റവും സജീവമായ നിര്‍മാതാവ് സോഷ്യല്‍ മീഡിയയാണെന്നത് യാദൃശ്ചികമല്ല.
അതുകൊണ്ടുതന്നെ, ഫ്രെയ്മിംഗ് സിദ്ധാന്തം ഇന്ന് ഒരു മാധ്യമസിദ്ധാന്തം എന്നതിലുപരി, ഒരു ബോധവ്യാഖ്യാന സിദ്ധാന്തമായി ഉയര്‍ന്ന് വരുന്നു. നിര്‍മിത ബുദ്ധി (എഐ) അതിന് ആവശ്യമായ വെള്ളവും വളവും നല്കുന്നു.ഫ്രെയ്മിംഗ് സിദ്ധാന്തത്തിന്റെ ആശയാടിസ്ഥാനം സാമൂഹ്യശാസ്ത്രജ്ഞനായ എര്‍വിംഗ് ഗൊഫ്മാന് ആണെന്ന് അക്കാദമിക് ലോകം പൊതുവെ അംഗീകരിക്കുന്നു.
1974-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘ഫ്രെയിം അനാലിസിസ്: ഏന് എസ്സെ ഓണ്‍ ദി ഓര്ഗനൈസേഷന് ഓഫ് എക്സ്പീരിയന്‍സ’് എന്ന കൃതിയിലൂടെയാണ് മനുഷ്യര്‍ സംഭവങ്ങളെ നേരിട്ട് ഗ്രഹിക്കുന്നില്ല; മറിച്ച് സാമൂഹികമായി നിര്‍മ്മിക്കപ്പെട്ട ‘ഫ്രെയിമുകള്‍’ അഥവാ അര്ത്ഥചട്ടങ്ങളിലൂടെ സംഭവങ്ങളെ വ്യാഖ്യാനിക്കുന്നു എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചത്.
പിന്നീട് ഈ ആശയത്തെ മാധ്യമകമ്മ്യൂണിക്കേഷന് പഠനങ്ങളുടെ മേഖലയിലേക്ക് വികസിപ്പിച്ചത് റോബര്‍ട്ട് എം. എന്റ്മാന്‍ ആണ്; അദ്ദേഹത്തിന്റെ ‘ഫ്രെയിമിംഗ് ബയസ്: മീഡിയ ഇന്‍ ദി ഡിസ്ട്രിബ്യൂഷന്‍ ഓഫ് പവര്‍’ എന്ന ലേഖനത്തിലൂടെ ഫ്രെയ്മിംഗ് സിദ്ധാന്തത്തിന് വ്യക്തമായ മാധ്യമനിര്വചനവും ശാസ്ത്രീയ രൂപവുമുണ്ടായി. അതിനാല്‍, ഫ്രെയ്മിംഗ് സിദ്ധാന്തത്തിന്റെ സിദ്ധാന്തപരമായ അടിസ്ഥാനം ഗൊഫ്മാനോടും, അതിന്റെ മാധ്യമസിദ്ധാന്ത രൂപീകരണം എന്റ്മാനോടുമാണ് ബന്ധിപ്പിക്കപ്പെടുന്നത്.
ഫ്രെയിമിംഗ് സിദ്ധാന്തവും സോഷ്യല്‍ മീഡിയയും മനുഷ്യബോധ്യത്തിന്റെ പുനര്നിര്മ്മാണവുംഒരു ഫ്രെയിം എന്നത് വാക്കുകളുടെയും ചിത്രങ്ങളുടെയും ആശയ ഊന്നലുകളുടെയും ഒരു അദൃശ്യ ഘടനയാണ്. അത് ഒരു സംഭവത്തിന്റെ ചില ഭാഗങ്ങളെ മുന്‍നിരയില്‍ കൊണ്ടുവരുമ്പോള്‍, മറ്റു ചില ഭാഗങ്ങളെ ഒഴിവാക്കുകയും വശങ്ങളിലേക്ക് മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. ഇതുവഴി സംഭവം നിഷേധിക്കപ്പെടുന്നില്ല; പക്ഷേ അത് ക്രമീകരിക്കപ്പെടുന്നു.
മനുഷ്യന് ഈ ക്രമീകരണത്തിനുള്ളിലൂടെയാണ് ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത്. എര്‍വിംഗ് ഗൊഫ്മാന് തന്റെ കൃതിയില്‍ മനുഷ്യര്‍ സാമൂഹിക സാഹചര്യങ്ങളെ മനസ്സിലാക്കുന്നത്, ”എന്താണ് ഇവിടെ നടക്കുന്നത്?” എന്ന ചോദ്യത്തിന് അവര്‍ നല്കുന്ന ഉത്തരങ്ങളിലൂടെയാണെന്ന് പറയുന്നു. സോഷ്യല്‍ മീഡിയ ഈ ചോദ്യത്തിന് മുന്‍കൂട്ടി ഉത്തരങ്ങള്‍ തയ്യാറാക്കി നല്കുന്ന ഒരു വേദിയായി മാറിയിരിക്കുന്നു എന്നതാണ് ഇന്നിന്റെ പ്രത്യേകത.
ഒരു ചിത്രം കാണുന്നതിന് മുമ്പ് തന്നെ അതിന്റെ തലക്കെട്ട് നമ്മോട് വ്യക്തമാക്കുന്നു, ഇത് കോപിക്കേണ്ടതാണോ, ദുഃഖിക്കേണ്ടതാണോ, അഭിമാനിക്കേണ്ടതാണോ എന്ന്.ചില വാക്കുകള്‍, ദൃശ്യങ്ങള്‍, ഹാഷ്ടാഗുകള്‍ എന്നിവ ചിന്തയെ ഒരു ചട്ടകൂടിനുള്ളില്‍ പൂട്ടുന്നു. ഇവയെല്ലാം ചേര്‍ന്നാണ് ഒരു ഫ്രെയിം സാമൂഹികബോധമായി മാറുന്നത്. സോഷ്യല്‍ മീഡിയയെ സംബന്ധിച്ചിടത്തോളം ഫ്രെയിമിംഗ് ഒരിക്കല്‍ പൂര്‍ത്തിയാകുന്ന പ്രക്രിയയല്ല. അത് തിരിച്ചുവരുന്ന ഒരു ചക്രമാണ്.
ഒരു സംഭവത്തെ വികാരാധിഷ്ഠിതമായി ഫ്രെയിം ചെയ്ത് അവതരിപ്പിക്കുമ്പോള്‍, ലൈക്ക്, ഷെയര്‍, കമന്റ് എന്നിവയിലൂടെ ഉപയോക്താക്കള്‍ പ്രതികരിക്കുന്നു. അല്‍ഗോരിതങ്ങള്‍ അതിനെ കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നു. ആവര്‍ത്തനത്തിലൂടെ ആ ഫ്രെയിം സാധാരണബോധമായി മാറുന്നു. ഇവിടെ സാമൂഹികബോധത്തിന്റെ അദൃശ്യ എഡിറ്റിംഗ് നടക്കുകയാണ്. വികാരത്തെ സ്പര്‍ശിക്കുന്ന ഫ്രെയിമുകള്‍ കൂടുതല്‍ പ്രചരിക്കുന്നു. അതിന്റെ ഫലമായി, സമൂഹം യുക്തിപരമായ സംവാദങ്ങളില്‍ നിന്ന് വികാരപരമായ പ്രതികരണങ്ങളിലേക്കു മാറുന്നു. ”നമ്മള്”’അവര്‍” എന്ന ദ്വന്ദം ശക്തമാകുന്നു. ഈ ധ്രുവീകരണം സാമൂഹിക ഐക്യത്തെ ക്ഷയിപ്പിക്കുകയും ജനാധിപത്യ സംവാദത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.
ചിന്തകനായ എലൈ പാരിസര് പറഞ്ഞതുപോലെ, സോഷ്യല്‍ മീഡിയ ഉപയോക്താവ് തനിക്കിഷ്ടമുള്ള ഫ്രെയിമുകള്‍ മാത്രം കാണുന്ന ഒരു ഫില്‍റ്റര്‍ ബബിളിലാണ് ജീവിക്കുന്നത്. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ അവിടെ അപൂര്‍വ്വമാണ്. ഇതുവഴി ബോധം വികസിക്കുന്നില്ല; മറിച്ച്, അത് ഉറച്ചുപോകുന്നു. സോഷ്യല്‍ മീഡിയ ജനാധിപത്യത്തിന് ആവശ്യമാണ്; അതേ സമയം തെറ്റിദ്ധാരണക്കും ധ്രുവീകരണത്തിനും വലിയ ഇടം കൊടുക്കുന്നതുമാണ്. ഫ്രെയ്മിംഗ് സിദ്ധാന്തം വെളിപ്പെടുത്തുന്നത് ഒരു നിശ്ശബ്ദ രാഷ്ട്രീയമാണ്. ഇവിടെ അധികാരം പ്രകടമാകുന്നത് നിയമങ്ങളിലൂടെയോ പ്രഖ്യാപനങ്ങളിലൂടെയോ അല്ല; മറിച്ച്, ദൃശ്യതയിലൂടെയും ആവര്ത്തനത്തിലൂടെയുമാണ്. എന്ത് ചിന്തിക്കണമെന്ന് പറയാതെ തന്നെ, എങ്ങനെ ചിന്തിക്കണം എന്ന് തീരുമാനിക്കപ്പെടുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചെയ്യുന്ന മനുഷ്യത്വരഹിതവും നിയമപരവുമല്ലാത്ത പല കാര്യങ്ങളും ലോകത്തിന്റെ ഭാവിയ്ക്കു വേണ്ടിയാണെന്ന് ഫ്രെയിം ചെയ്യപ്പെടുന്നു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ അനിവാര്യമാണെന്ന് പലര്‍ക്കും തോന്നിക്കുന്നു. ഇന്ത്യ ഒരു ഹൈന്ദവരാഷ്ട്രമാണെന്ന ബോധം ഊട്ടിയുറപ്പിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന രാഷ്ട്രീയക്കാരന് ചെയ്ത തെറ്റുകള്‍ മറ്റുപലരും ചെയ്തിട്ടുണ്ടെന്നും ഇരകളെന്ന് വിളിക്കപ്പെടുന്നവര്‍ അയാളോടൊപ്പം തെറ്റു ചെയ്തവരാണെന്നും അയാള്‍ സഹതാപമര്ഹിക്കുന്നവനാണെന്നുമുള്ള ചിന്ത വ്യാപകമാക്കുന്നു.ഫ്രെയ്മിംഗ് വഴി വ്യാജവാര്‍ത്തകള്‍ ”വിശ്വാസയോഗ്യമായ യാഥാര്‍ഥ്യങ്ങളായി” മാറുന്ന സാഹചര്യം ഇന്ത്യയില്‍ നിരവധി സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
കേരളത്തില്‍ ഉയര്‍ന്ന സാക്ഷരതയും രാഷ്ട്രീയ ബോധവുമുണ്ടെങ്കിലും, സോഷ്യല്‍ മീഡിയ ഫ്രെയ്മിംഗ് ഇവിടെ ശക്തമായി പ്രവര്‍ത്തിക്കുന്നു. അച്ചടിമാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും സോഷ്യല്‍ മീഡിയകളെ പിന്തുടരാന് നിര്‍ബന്ധിതമാകുകയാണ്. പരമ്പരാഗത മാധ്യമങ്ങളില്‍ ഫ്രെയിം വ്യക്തമായിരുന്നു. തലക്കെട്ട്, ഭാഷ, ചിത്രം എന്നിവയിലൂടെ. പരമ്പരാഗത അച്ചടി മാധ്യമങ്ങളില്‍ ഫ്രെയിമുകള്‍ നിര്‍ണ്ണയിച്ചത് എഡിറ്റോറിയല്‍ നിയന്ത്രണങ്ങളിലൂടെയായിരുന്നു. അതിന് ഒരു പരിധിവരെ വിശ്വാസ്യത ഉണ്ടായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയകളെ പിന്തുടരാന് തുടങ്ങിയതോടെ അവയുടെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെട്ടു.
സോഷ്യല്‍ മീഡിയ ഉപയോക്താവിനെ ഫ്രെയിം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, പരമ്പരാഗത മാധ്യമങ്ങളെ ഉപയോക്താവ് തന്നെ ചട്ടക്കൂട്ടില്‍ പെടുത്തിയെന്ന വിചിത്രമായ ഗതിമാറ്റവും സംഭവിച്ചു. ‘മലയാള മനോരമയല്ലേ അവര്‍ അങ്ങനെയേ എഴുതൂ, റിപ്പോര്‍ട്ടര്‍ ചാനലല്ലേ അവരങ്ങനെയേ കാണിക്കൂ’ എന്ന മുന്‍വിധിയില്‍ പത്രങ്ങളുടെ സര്‍ക്കുലേഷനും ചാനലുകളുടെ റേറ്റിംഗും ഇടിഞ്ഞുതാഴുന്നു.സോഷ്യല്‍ മീഡിയയില്‍ ഉപയോക്താവിന് അനവധി വിവരങ്ങള്‍ ലഭ്യമെന്ന തോന്നല്‍ ഉണ്ടെങ്കിലും, യഥാര്‍ഥത്തില്‍ കാണുന്നത് പരിമിതമായ ഫ്രെയിമുകളാണ്. ഇതോടെ സ്വതന്ത്രമായ വിമര്‍ശനാത്മക തീരുമാനമെടുക്കല്‍ ദുര്‍ബലമാകുന്നു.ഭയം, ക്രോധം, ദുഃഖം, ദേശാഭിമാനം, വര്‍ഗീയത തുടങ്ങിയ വികാരങ്ങളെ മുന്‍നിര്‍ത്തിയ ഫ്രെയിമുകള്‍ തീരുമാനങ്ങളെ യുക്തിയേക്കാള്‍ വികാരങ്ങളോട് അടുപ്പിക്കുന്നു. ഇത് സമൂഹത്തില്‍ ആകസ്മികവും അക്രമപരവുമായ പ്രതികരണങ്ങള്‍ വളര്‍ത്തുന്നു.
ഉപയോക്താവിന്റെ മുന്‍വിധികളെ ശക്തിപ്പെടുത്തുന്ന ഉള്ളടക്കം ആവര്‍ത്തിച്ച് നല്‍കുന്നതിലൂടെ വ്യത്യസ്ത കാഴ്ചകള്‍ അദൃശ്യമാകുകയും, സാമൂഹിക ധ്രുവീകരണം ശക്തമാകുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പ്, പൊതുനയ ചര്‍ച്ചകള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയ ഫ്രെയിമിംഗ് വഴി നിയന്ത്രിക്കപ്പെടുന്നു. വോട്ടര്‍മാരുടെ തീരുമാനം കൃത്രിമമായി രൂപപ്പെടുന്നതോടെ ജനാധിപത്യത്തിന്റെ അടിസ്ഥാനമായ തിരഞ്ഞെടുപ്പ് പ്രക്രിയ അപകടത്തിലാകുന്നു. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം സൃഷ്ടിക്കുന്നതിനേക്കാള്‍ അപകടകരമാണത്. കാരണം, വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം കണ്ടുപിടിക്കപ്പെടാം. എന്നാല്‍ ഒരാള്‍ സ്വന്തം ഇഷ്ടത്തിന് വോട്ടു ചെയ്യുന്നതില്‍ എന്ത് അപാകതയാണ് കാണാന്‍ കഴിയുക?തുടര്‍ച്ചയായി ഫ്രെയിം ചെയ്ത ഉള്ളടക്കം ഉപയോക്താവിനെ, ചിന്തിക്കുന്ന പൗരനില്‍ നിന്ന് പ്രതികരിക്കുന്ന ഉപയോക്താവാക്കി മാറ്റുന്നു. ലോകത്തില്‍ പലയിടങ്ങളിലായി നടന്ന നടന്നുകൊണ്ടിരിക്കുന്ന പല വിപ്ലവങ്ങളുടേയും അടിസ്ഥാനം ഈ ഫ്രെയിമിങാണ്; അത് ജനങ്ങളുടെ ഗുണത്തിനായാലും ദോഷത്തിനായാലും. ഫ്രെയ്മിംഗ് അധികാരം ഒരുകാലത്ത് മാധ്യമസ്ഥാപനങ്ങളുടേതായിരുന്നുവെങ്കില്, ഇന്ന് അത് കുറച്ച് ടെക് കമ്പനികളുടെ സെര്‍വറുകളിലേക്കാണ് മാറിയിരിക്കുന്നത്. കോടിക്കണക്കിന് മനുഷ്യരുടെ ശ്രദ്ധയും ബോധവും നിയന്ത്രിക്കുന്ന ഈ അധികാരം ജനാധിപത്യത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഗൗരവമുള്ളവയാണ്.വിമര്‍ശനാത്മക മീഡിയ സാക്ഷരതഫ്രെയ്മിംഗ് വഴി ”എല്ലാവരും ഇങ്ങനെ ചിന്തിക്കുന്നു” എന്ന പൊതുബോധം സൃഷ്ടിക്കപ്പെടുമ്പോള്‍, വ്യക്തിഗത ഉത്തരവാദിത്തബോധം കുറയുന്നു എന്നതാണ് മറ്റൊരു ഗുരുതരമായ ഫലം.
ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി നില്‍ക്കുന്നതാണ് സുരക്ഷിതത്വം എന്ന ബോധം സ്വയം സൃഷ്ടിക്കപ്പെടുന്നു. അത് സമൂഹത്തിന്റെ ജനാധിപത്യാരോഗ്യത്തിനും വെല്ലുവിളിയാകുന്നു. സോഷ്യല്‍ മീഡിയയെ നിഷേധിക്കാതെ, അതിനെ ബോധപൂര്‍വ്വം ഉപയോഗിക്കാനുള്ള കഴിവ് വളര്‍ത്തുക മാത്രമാണ് ഈ അപകടങ്ങളെ നേരിടാനുള്ള മാര്‍ഗം. അപകടം നമ്മള് ഉപയോഗിക്കുന്ന ഡിവൈസുകളിലല്ല, അതില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഫ്രെയിമുകള്‍ നാം തിരിച്ചറിയാതെ സ്വീകരിക്കുന്നതിലാണ്. ഈ കാലഘട്ടത്തില്‍, ‘വിമര്‍ശനാത്മക മീഡിയ സാക്ഷരത’ എന്നത് വെറും വിദ്യാഭ്യാസ വിഷയമല്ല; അത് ഒരു ജനാധിപത്യ ആവശ്യകതയാണ്.
ഒരു കണ്ണാടിയില്‍ നാം നോക്കുമ്പോള്‍, നമ്മള് കാണുന്നത് യാഥാര്‍ഥ്യമാണോ, അതോ നമുക്ക് വേണ്ടി ഒരുക്കിയ ഒരു കാഴ്ചയാണോ എന്ന ചോദ്യം ചോദിക്കാന്‍ പഠിക്കുന്നിടത്താണ് പ്രതിരോധം ആരംഭിക്കുന്നത്.ഇന്നത്തെ സാഹചര്യത്തില്‍ വിമര്‍ശനബോധം ഒരു ആഡംബരമല്ല; അത്യാവശ്യമാണ്. ഒരു വാര്‍ത്ത വായിക്കുമ്പോള്‍ ”ഇത് സത്യമാണോ?” എന്നതോടൊപ്പം ”ഇത് എങ്ങനെ അവതരിപ്പിക്കപ്പെടുന്നു?” എന്ന ചോദ്യവും ചോദിക്കേണ്ടതാണ്. ഫ്രെയിം തിരിച്ചറിയുന്ന നിമിഷം, അതിന്റെ അധികാരം ക്ഷയിക്കാന്‍ തുടങ്ങും. ഒരു ചെറിയ തീപ്പെട്ടിക്കൊളളിയുടെ ചൂടില്‍ ഒരു മഞ്ഞുമല ഉരുകുന്നതുപോലെയാകുമതെങ്കിലും സാവധാനത്തിലെങ്കിലും മഞ്ഞുമലയ്ക്ക് ഇല്ലാതാകാതിരിക്കാന്‍ കഴിയില്ല.—————–

