ജെക്കോബി
മലപ്പുറം, കാസര്‍കോട് ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ വര്ഗീയധ്രുവീകരണവുമായി ബന്ധപ്പെടുത്തി നടത്തിയ വിവാദ പ്രസ്താവനയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചുകൊണ്ട് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് മൂന്നാം നാള് വാര്‍ത്താക്കുറിപ്പ് ഇറക്കാന്‍ കാണിച്ച വിവേകത്തിന് നന്ദി പറയണം.
വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി ടിവി ക്യാമറകള്‍ക്കും ലൈവ് സ്ട്രീം ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും മുന്നില്‍ പിന്നെയും വിവരക്കേട് വിളിച്ചുപറഞ്ഞിട്ട് ‘വാക്കുകള്‍ വളച്ചൊടിച്ചു’ എന്നു വിലപിച്ച് മന്ത്രി കൂടുതല്‍ പരിഹാസ്യനാകുന്നത് ജനങ്ങള്‍ക്ക് കാണേണ്ടിവരില്ലല്ലോ.കാസര്‍കോട് മുനിസിപ്പാലിറ്റിയിലേക്കും മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ നോക്കിയാല്‍ വര്‍ഗീയത വ്യക്തമാകുമെന്നും, ആര്‍ക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷമുണ്ടോ ആ സമുദായത്തില്‍പ്പെട്ടവര്‍ മാത്രമാണ് അവിടെ ജയിക്കുന്നതെന്നും മറ്റുള്ളവര്‍ക്ക് ജയിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും മറ്റുമുള്ള പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് രണ്ടാം ദിവസം താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന വിശദീകരണവുമായെത്തി കാര്യങ്ങള്‍ പിന്നെയും വഷളാക്കുകയായിരുന്നു ഇദ്ദേഹം.
”കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ജയിച്ചവരുടെ പേരു നോക്കാന്‍ പറഞ്ഞാല്‍ ഒരു പ്രത്യേക മതവിഭാഗത്തെ സൂചിപ്പിച്ചുവെന്നല്ല അര്‍ഥമാക്കേണ്ടത്. 39 സീറ്റുള്ള നഗരസഭയില്‍, മതേതരത്വം പറഞ്ഞ സിപിഎമ്മിന് ഒരു സീറ്റും, കോണ്‍ഗ്രസിന് രണ്ടു സീറ്റുമാണ് കിട്ടിയത്. വര്‍ഗീയത പറഞ്ഞ ബിജെപിക്ക് ഹിന്ദു മേഖലകളില്‍ 12 സീറ്റും, മുസ് ലിം ഭൂരിപക്ഷ മേഖലകളില്‍ ലീഗിന് 22 സീറ്റും കിട്ടി. ബിജെപി ജയിപ്പിച്ച ആളിന്റെയും മുസ് ലിം ലീഗ് ജയിപ്പിച്ച ആളിന്റെയും പേരു നോക്കാനേ പറഞ്ഞുള്ളൂ, അല്ലാതെ ഏതെങ്കിലും പ്രത്യകേ മതവിഭാഗത്തിനെപ്പറ്റിയല്ല പറഞ്ഞത്.”
ഇതുതന്നെയാണ് മലപ്പുറത്തും നടന്നതെന്നും സജി ചെറിയാന് വിശദീകരിച്ചു. മലപ്പുറത്തെയും കാസര്‍കോടിനെയും മാത്രം എടുത്തുപറയുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയര്‍ന്നതോടെ മന്ത്രി ക്ഷുഭിതനാകുന്നതാണ് കണ്ടത്. ബിജെപിയുടെ ഭൂരിപക്ഷ വര്‍ഗീയതയെയും ലീഗിന്റെ ‘ന്യൂനപക്ഷ വര്‍ഗീയതയെയും’ ഒരേപോലെ വിമര്‍ശിക്കുന്നു എന്ന മട്ടില്‍ മന്ത്രി ആപല്കരമായ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു.
ലീഗിന്റെ രാഷ്ട്രീയം വര്‍ഗീയത വളര്‍ത്തുന്നു എന്നാരോപിച്ചുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ മതപരമായ ചേരിതിരിവോടെ നോക്കികാണാന്‍ നടത്തിയ ശ്രമം അപലപനീയമാണ്. ഇത്തരം മതവിദ്വേഷ പ്രചാരണവും ന്യൂനപക്ഷവിരുദ്ധ പ്രസ്താവനയും ഒരു മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് സത്യപ്രതിജ്ഞാലംഘനമാണ്.
‘വേഷം കണ്ടാല്‍ തിരിച്ചറിയാവുന്നവരെ’ ചൂണ്ടിക്കാട്ടിയാണ് ഉത്തരേന്ത്യയില്‍ ബിജെപിയും സംഘപരിവാറും മുസ് ലിം ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്നത്. മതനിരപേക്ഷ കേരളത്തില്‍ ഇടതുഭരണകൂടത്തിലെ ഒരു മന്ത്രി പേരു നോക്കി സാമൂഹികസ്പര്ദ്ധയുടെ ഭാഷ സംസാരിക്കുന്നത് നമ്മുടെ രാഷ് ട്രീയ സംസ്കാരത്തിന് തീരാകളങ്കമാണ്. വര്‍ഗീയസംഘര്‍ഷത്തിന്റെ ഒരു തീപ്പൊരി കാത്തിരിക്കുന്നവരുടെ മുമ്പിലേക്ക് ഒരു തീപന്തം എറിഞ്ഞുകൊടുക്കുകയാണ് ഇത്തരക്കാരെന്ന് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മുന്നറിയിപ്പുനല്‍കുന്നുണ്ട്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ ത്രിദിന സമ്മേളനം തിരുവനന്തപുരത്തു ചേര്‍ന്ന്, രാജ്യത്തെ സങ്കീര്‍ണ രാഷ് ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യവാദികള്‍ക്ക് ദിശാബോധവും ഹിന്ദുത്വ വര്‍ഗീയശക്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ സമരസന്ദേശവും നല്കുന്ന കമ്യൂണിക്കെ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെ സംസ്ഥാനത്ത് മുസ് ലിം സമുദായത്തെയും മുസ് ലിം ഭൂരിപക്ഷപ്രദേശങ്ങളെയും ഉന്നംവെച്ചുകൊണ്ട് മന്ത്രി സജി ചെറിയാന് നടത്തിയ വര്‍ഗീയ പ്രസ്താവനയെ തള്ളിപ്പറയാനോ മന്ത്രിയെക്കൊണ്ട് തെറ്റു തിരുത്തിപ്പിക്കാനോ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോ മുഖ്യമന്ത്രിയോ തിടുക്കമൊന്നും കാട്ടിയില്ല. വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ കൊല്ലത്ത് മുഖ്യമന്ത്രിയോടൊത്ത് മന്ത്രി ഒരു വേദി പങ്കിടുമ്പോള്‍ തമാശ പറഞ്ഞു ചിരി പങ്കുവയ്ക്കുന്നതായാണ് കാണപ്പെട്ടത്. പൊളിറ്റ് ബ്യൂറോയും പാര്‍ട്ടി കേന്ദ്ര നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാകണം മന്ത്രി സജിയുടെ പ്രസ്താവന പിന്‍വലിപ്പിക്കാന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി സംസ്ഥാന നേതൃത്വമോ നിര്‍ദേശം നല്‍കിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഇപ്പോള്‍ മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ വലിയ കാര്യമില്ലെന്ന് തോന്നാം. മതസൗഹാര്‍ദത്തിന്റെയും ഭരണഘടനാമൂല്യങ്ങളുടെയും മതനിരപേക്ഷതയുടെയും പേരില്‍ ഊറ്റംകൊള്ളുന്ന ഇടതുപക്ഷ പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ വ്യക്തമായ നിലപാടാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ ഹിന്ദുത്വ രാഷ് ട്രീയം വേരുറപ്പിക്കാന്‍ ശ്രമിച്ച കാലത്തൊക്കെ ജീവന്‍നല്‍കിയും അതിനെ ചെറുത്ത ചരിത്രമാണ് സിപിഎമ്മിനുണ്ടായിരുന്നത്. ആ പ്രതിരോധങ്ങളെ മുഴുവന്‍ റദ്ദുചെയ്യുന്ന നാലപാടുമാറ്റമാണ് അടുത്തകാലത്തായി ആ പാര്‍ട്ടിയില്‍ സംഭവിച്ചിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിട്ട ഇടതുമുന്നണി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ അടവുനയം സ്വീകരിക്കുന്നതിന്റെ സൂചനകളാണ് പിണറായി വിജയന് സംസ്ഥാനത്തെ നവോത്ഥാന സംരക്ഷണ സമിതി പ്രസിഡന്റായി വാഴിച്ചിട്ടുള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കുറച്ചുനാളായി കടുപ്പിച്ചുകൊണ്ടിരിക്കുന്ന ലീഗ് വിരുദ്ധ വിമര്‍ശനങ്ങള്‍.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുസ് ലിം ലീഗിന്റെ ആധിപത്യത്തില്‍ ജമാഅത്തെ ഇസ് ലാമി സംസ്ഥാന ആഭ്യന്തര വകുപ്പ് ഭരിക്കും, പല ‘മാറാടുകള്‍’ സംഭവിക്കും എന്ന സിപിഎം കേന്ദ്ര കമ്മിറ്റി മുന്‍ അംഗവും മുന്‍മന്ത്രിയുമായ എ.കെ ബാലന്റെ വിഷലിപ്തമായ വിദ്വേഷ പ്രസ്താവന സൃഷ്ടിച്ച കോലാഹലത്തിനിടയില്‍ മുഖ്യമന്ത്രി, കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഒരു വര്‍ഗീയ കലാപവും ഉണ്ടാകാതെ നോക്കിയ തന്റെ ഭരണമികവിന്റെ മഹിമ വര്‍ണിക്കാന്‍ മാറാട് കലാപത്തിന്റെ പഴയ മുറിവുകള്‍ മാന്തി പുണ്ണാക്കുന്ന ബാലനെ ന്യായീകരിക്കുകയാണുണ്ടായത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ് ലിം ജമാഅത്ത് സംഘടിപ്പിച്ച കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലും മാറാട് കലാപം പ്രതിപാദിക്കുന്നുണ്ട്. ‘വര്‍ഗീയതയോട് സന്ധിയില്ല’ എന്ന തലക്കെട്ടില്‍ ആ പ്രസംഗത്തിന്റെ പൂര്‍ണരൂപം സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം വ്യാപകമായിരിക്കെ സിപിഎം മുഖപത്രം നാലു ദിവസം വൈകി പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമാണ്. ലീഗിന്റെ സാമുദായിക സ്വത്വ രാഷ്ട്രീയ സമീപനത്തില്‍ തീവ്രത പോരെന്നു പറഞ്ഞ് രൂപീകരിക്കപ്പെട്ട ചില തീവ്രവാദ പ്രസ്ഥാനങ്ങളെ സംരക്ഷിക്കാനും ജമാഅത്തെ ഇസ് ലാമിയുടെ രാഷ് ട്രീയ സംഘടനയുമായി സഖ്യമുണ്ടാക്കാനും സിപിഎം മുന്‍കൈ എടുത്തിരുന്നു എന്നത് ചരിത്രയാഥാര്‍ഥ്യമാണ്.
മലബാറിലെ രണ്ടു ജില്ലകളിലെ മുസ് ലിം ജനപ്രതിനിധികളുടെ പേരുകളിലെ വര്‍ഗീയത തിരയാന്‍ ശ്രമിച്ച മന്ത്രി സജി ചെറിയാന് തെക്കന്‍ ജില്ലകളിലെ ജനപ്രതിനിധികളുടെ മതത്തിന്റെയും സമുദായത്തിന്റെയും വേര്‍തിരിച്ചുള്ള കണക്കുകള്‍ ശേഖരിക്കാത്തതെന്താണെന്ന് മലപ്പുറത്തെ രാഷ് ട്രീയ പ്രതിനിധികള്‍ ചോദിക്കുന്നുണ്ട്.
71 ശതമാനത്തോളം മുസ്ലിം സമുദായത്തില്‍പെട്ടവര്‍ അധിവസിക്കുന്ന മലപ്പുറം ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ മഹാഭൂരിപക്ഷവും ആ സമുദായത്തില്പെട്ടവരാവുക സ്വാഭാവികമല്ലേ? മുസ് ലിം ലീഗ് ടിക്കറ്റില്‍ ജയിച്ച 1,456 ജനപ്രതിനിധികളില്‍ 153 പേര് അമുസ് ലിംകളാണ്. എല്ലാ മതവിഭാഗത്തില്‍ പെട്ടവരും ലീഗ് ടിക്കറ്റില്‍ നിന്നു വിജയിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നു ജയിച്ച കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ എണ്ണം 666. ഇതില്‍ 319 പേര് മുസ് ലിം സമുദായത്തില്‍ നിന്നുള്ളവരല്ലെന്ന് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി വെളിപ്പെടുത്തുകയുണ്ടായി.
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് തിരഞ്ഞെടുത്ത് ഹൈന്ദവ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഒരു യുവ വനിതാ അഭിഭാഷകയെയാണ് – എ.പി. സ്മിജിയെ. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ മകളാണ് വനിതാ സംവരണമൊന്നുമില്ലാത്ത ഈ പദത്തിലേക്ക് നിയോഗിക്കപ്പെട്ടത്. മലപ്പുറത്ത് ലീഗിനെതിരെ സിപിഎം അണിനിരത്തുന്ന സ്ഥാനാര്‍ഥികളിലേറെയും ഒരു പ്രത്യേക സമുദായ പേരുള്ളവര്‍ തന്നെയാണ് എന്നത് സജി ചെറിയാന് അറിയേണ്ടതാണ്.
താന്‍ ബഹുമാനിക്കുന്ന വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും തെറ്റിദ്ധരിച്ചുവെന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നാണ് സജി ചെറിയാന് ഖേദപ്രകടനത്തില്‍ പറയുന്നത്. ജീവിതത്തില്‍ പുലര്‍ത്തിയ മതനിരപേക്ഷ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോള്‍ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഒരു പ്രത്യേക സമൂഹത്തിനെതിരെയാണെന്ന് ചിത്രീകരിച്ചുകൊണ്ട് നടത്തുന്ന പ്രചാരണം തനിക്ക് വലിയ വേദനയുണ്ടാക്കുന്നു. വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം സഹോദരങ്ങള്‍ക്ക് പ്രയാസവും വേദനയും ഉണ്ടാക്കി. ഉദ്ദേശ്യശുദ്ധി മനസിലാക്കാതെ ആര്‍ക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
തന്റെ പൊതുജീവിതത്തെ വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാനാവില്ല. 42 വര്‍ഷത്തെ പൊതുജീവിതം ഒരു വര്‍ഗീയതയോടും സമരസപ്പെട്ടല്ല കടന്നുപോയത് – ഈ മട്ടിലുള്ള ഖേദപ്രകടനം കൊണ്ട് ലീഗിനെതിരെ സജി ചെറിയാന് ഉന്നയിച്ച ന്യൂനപക്ഷ വര്‍ഗീയതയുടെ ഗുരുതരമായ ആരോപണങ്ങളുടെ രാഷ്ട്രീയ പ്രത്യാഘാതം ഇല്ലാതാകുമോ?’ബ്രിട്ടീഷുകാര്‍ പറഞ്ഞതുകേട്ട് ഇന്ത്യക്കാരെ കൊള്ളയടിക്കാന്‍ എഴുതിയുണ്ടാക്കിയ ഇന്ത്യന്‍ ഭരണഘടന കുന്തവും കുടച്ചക്രവും’ എന്ന വര്‍ണനയുടെ പേരില്‍ പിണറായി മന്ത്രിസഭയില്‍ നിന്ന് 2020 ജൂലൈയില്‍ രാജിവയ്ക്കേണ്ടിവന്ന സജി ചെറിയാനെ 2023 ജനുവരിയില്‍ കാബിനറ്റില്‍ തിരിച്ചെടുത്തതാണ്.
അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോര്‍ട്ടില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന പരാതിയിന്മേല് സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി 2024 നവംബറില്‍ നിര്‍ദേശിച്ചിരുന്നു. സൗദി അറേബ്യ സന്ദര്‍ശവുമായി ബന്ധപ്പെട്ട്, ആ രാജ്യത്ത് പരസ്യമായി ബാങ്കുവിളിയില്ല എന്ന വിചിത്ര നിരീക്ഷണത്തിന്റെ പേരിലും മന്ത്രി സജി ചെറിയാന് മാപ്പുചോദിക്കേണ്ടിവന്നിട്ടുണ്ട്.മലപ്പുറം വിഷയത്തില്‍ ഹൃദയത്തില്‍ തട്ടി സത്യം പറഞ്ഞതിന് എന്തിനാണ് സജി ചെറിയാന് ഖേദം പ്രകടിപ്പിക്കുന്നതെന്നായിരുന്നു.

