തിരുവനന്തപുരം: തിരുവനന്തപുരത്തു വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടലും ഉദ്ഘാടനവും ഫ്ളാഗ് ഓഫും നിർവഹിച്ചു പ്രസംഗിച്ച് പ്രധാനമന്ത്രി. തിരുവനന്തപുരത്തെ പ്രധാന സ്റ്റാർട്ടപ്പ് ഹബ്ബാക്കി മാറ്റുന്നതിനുള്ള സംരംഭങ്ങൾ ആരംഭിച്ചതായി പറഞ്ഞു.
സിഎസ്ഐആർ ഇന്നൊവേഷൻ ഹബ്ബിന്റെ ഉദ്ഘാടനവും അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ളാഗ് ഓഫും, വഴിയോര കച്ചവടക്കാർക്കു ക്രെഡിറ്റ് കാർഡ് നൽകുന്ന പിഎം സ്വാനിധി ക്രെഡിറ്റ് കാർഡ് പദ്ധതി ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
കേരളത്തിൻറെ വികസനത്തിനായുള്ള കേന്ദ്രസർക്കാരിൻറെ ശ്രമങ്ങൾക്ക് പുതിയ വേഗം കൈവന്നതായി മോദി പറഞ്ഞു. കേരളത്തിലെ റെയിൽ കണക്ടിവിറ്റി കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും തിരുവനന്തപുരത്തെ പ്രധാന സ്റ്റാർട്ടപ്പ് ഹബ്ബാക്കി മാറ്റുന്നതിനുള്ള സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദരിദ്രരുടെ ക്ഷേമത്തിനായുള്ള ഒരു പ്രധാന രാജ്യവ്യാപക സംരംഭത്തിന് പിഎം സ്വാനിധി ക്രെഡിറ്റ് കാർഡ് ലോഞ്ചിലൂടെ കേരളത്തിൽനിന്ന് ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനും ഉൾപ്പെടെ നാലു പുതിയ ട്രെയിൻ സർവീസുകളാണ് ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്തത്.
നാഗർകോവിൽ-മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം-താംബരം അമൃത് ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം-ചാർളപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്, തൃശൂരിനും ഗുരുവായൂരിനും ഇടയിലുള്ള പുതിയ പാസഞ്ചർ ട്രെയിൻ എന്നിവയാണിത്. തിരുവനന്തപുരത്ത് പൂജപ്പുരയിൽ പുതുതായി നിർമിച്ച ഹെഡ് പോസ്റ്റ് ഓഫീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ വി. സോമണ്ണ, ജോർജ് കുര്യൻ, തിരുവനന്തപുരം മേയർ വി.വി. രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

