കൊല്ലം: മരണസംസ്കാരം അതിരൂക്ഷമായ കാല ത്ത് ജപമാല പ്രാർഥനയ്ക്കു പ്രാധാന്യമുണ്ടെന്നു കൊല്ലം രൂപത ബിഷപ് പോൾ ആന്റണി മുല്ലശേരി. ജപമാലയിലൂടെ ജനത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിക്കുവാനുള്ള ദൗത്യം രൂപതയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജീവൻ സംരക്ഷണസമിതിക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം രൂപത ജീവൻ സംരക്ഷണസമിതിയുടെ ജപമാല യാത്ര തങ്കശേരി ബിഷപ് ഹൗസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
എഫ്.ഐ.എച്ച് കോൺഗ്രിഗേഷൻ മദർ ജനറൽ റെനോ മേരി, എംഎസ്എസ് റ്റി മദർ ജനറൽ സുജ ജോഷ്വാ എന്നിവർ ജപമാല യാത്രയുടെ പ്രയർ കാർഡും ജപമാലയും ബിഷപ് പോൾ ആന്റണി മുല്ലശ്ശേരിയിൽ നിന്നു സ്വീകരിച്ചു. ജാഥാ ക്യാപ്റ്റൻ ജോർജ് എഫ് സേവ്യർ വലിയ വീട്, വൈസ് ക്യാപ്റ്റൻ വി.ടി. കുരീപ്പുഴ എന്നിവർക്കും ബിഷപ് ജപമാല സമ്മാനിച്ചു. ജീവൻ സംരക്ഷണസമിതി വൈസ് ചെയർ പേർസൺ ജയിൻ ആൻസിൽ ഫ്രാൻസിസ്, കെസിബി സിപാലഫ് സമിതി സംസ്ഥാന സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടർ, കെഎൽസിഡബ്ല്യുഎ രൂപത സെക്രട്ടറി സുനിത, ഡിക്സൻ മയ്യനാട്, സോജാ ലീൻ ഡേവിഡ്, പ്രീൽ എന്നിവർ പ്രസംഗിച്ചു.

