വത്തിക്കാൻ : മോണക്കോ രാജകുമാരൻ ആൽബർട്ട് രണ്ടാമന് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് ലിയോ പതിനാലാമൻ പാപ്പാ. ജനുവരി 17-ന് രാവിലെയാണ് ലോകത്തിലെ തന്നെ ചെറിയ രാജ്യങ്ങളിൽ രണ്ടാമത്തേതായ മൊണാക്കോയുടെ തലവനായ ആൽബർട്ട് രണ്ടാമൻ രാജകുമാരൻ, ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമായ വത്തിക്കാനിലെത്തിയത്. പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ്, ഇതേദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, ഇരു രാഷ്ട്ര നേതൃത്വങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിശദവിവരങ്ങൾ അറിയിച്ചത്.
വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ പാപ്പായും രാജകുമാരനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം, വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസമൂഹങ്ങളുമായുള്ള ബന്ധത്തിനായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗറുമായും ആൽബർട്ട് രണ്ടാമൻ സംസാരിച്ചു.
സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ വച്ച് ഇരുനേതൃത്വങ്ങളും തമ്മിൽ നടന്ന വിവിധ ചർച്ചകളിൽ, പരിശുദ്ധ സിംഹാസനവും മോണക്കോയും തമ്മിലുള്ള സുദൃഢമായ ഉഭയകക്ഷിബന്ധവും, രാജ്യത്തിന്റെ സാമൂഹ്യജീവിതത്തിൽ കത്തോലിക്കാസഭയുടെ പ്രാധാന്യവും, സഭ നൽകുന്ന ചരിത്രപരമായ സംഭാവനകളും പരാമർശിക്കപ്പെട്ടുവെന്ന് പത്രക്കുറിപ്പ് വിശദീകരിച്ചു.
പ്രകൃതിപരിപാലനം, മാനവികസഹായം, മനുഷ്യാന്തസ്സ് സംരക്ഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിൽ ഇടം പിടിച്ചു. അന്താരാഷ്ട്രസമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രധാന കാര്യങ്ങൾ, പ്രത്യേകിച്ച് സമാധാനം, സുരക്ഷ തുടങ്ങിയവയും, മദ്ധ്യപൂർവ്വദേശങ്ങളിലെയും ചില ആഫ്രിക്കൻ പ്രദേശങ്ങളിലെയും രാഷ്ട്രീയ, സാമൂഹിക സ്ഥിതിഗതികളും ചർച്ച ചെയ്യപ്പെട്ടുവെന്നും പരിശുദ്ധ സിംഹാസനം അറിയിച്ചു.
ഫ്രാൻസും മെഡിറ്ററേനിയൻ കടലുമായി അതിർത്തി പങ്കിടുന്ന മോണക്കോയുടെ സംരക്ഷണം ഫ്രാൻസാണ് ഉറപ്പാക്കുന്നത്. 1949 മുതൽ 2005 വരെ ഭരണം നടത്തിയ റൈനിയർ മൂന്നാമൻ രാജകുമാരന്റെ മക്കളിൽ രണ്ടാമത്തെയാളായ ആൽബർട്ട് രണ്ടാമൻ രാജകുമാരൻ, പിതാവിന്റെ മരണത്തെത്തുടർന്ന് 2005-ലാണ് ഭരണം ഏറ്റെടുത്തത്.
