തൃശ്ശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ പത്ത് മണിക്ക് തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. 18 വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ 15000ത്തിലധികം കലാപ്രതിഭകൾ പങ്കെടുക്കും. 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരം നടക്കുക.
തൃശ്ശൂർ പൂരത്തിന്റെ പ്രൗഢിവിളിച്ചോതുന്ന പാണ്ടി മേളവും 64കുട്ടികൾ അണിനിരക്കുന്ന വർണ്ണാഭമായ കുടമാറ്റവും നടക്കും. 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തെ സൂചിപ്പിച്ചാണ് 64 കുട്ടികൾ അണിനിരക്കുക. കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗതത്തിന്റെ അവതരണം നടക്കും. ബി കെ ഹരിനാരായണനാണ് കലോത്സവ സ്വാഗത ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കലോത്സവ തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർത്ഥികളാണ് ഒരുക്കിയിട്ടുള്ളത്.

