കൊച്ചി: സിൽവെസ്റ്റർ കൊച്ചിൻ 2025-26 ആഘോഷങ്ങളുടെ സമാപന സംഗമവും സമ്മാനദാനവും എം.എൽ.എ കെ.ജെ മാക്സി ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന സിൽവെസ്റ്റർ കൊച്ചിൻ എന്ന ഈ കൂട്ടായ്മയ്ക്ക് ഇനിയും ഒത്തിരി പ്രവർത്തനങ്ങളുമായി മുന്നോട്ട് വരാൻ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
സിൽവെസ്റ്റർ കൊച്ചിൻ കോർ ടീം അംഗവും, കാർണിവൽ ഫ്ലോട്ട് കമ്മിറ്റി കൺവീനറുമായ കാസി പൂപ്പന അധ്യക്ഷത വഹിച്ചു. ഈ വർഷം സിൽവെസ്റ്റർ കൊച്ചിൻ്റെ ഭാഗമായി ദീപാലങ്കാര മത്സരം, ഫുട്ബോൾ ടൂർണമെൻ്റ്, ഓൾ കേരള കരോൾ കോമ്പറ്റീഷൻ എന്നീ മത്സരങ്ങളാണ് നടത്തിയതെന്നും, വരും വർഷങ്ങളിൽ കൂടുതൽ മത്സരങ്ങളുമായി മുന്നോട്ട് വരുമെന്നും അദ്ദേഹം പറയുകയുണ്ടായി.
കൊച്ചി രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സിൽവെസ്റ്റർ കൊച്ചിൻ കോർ ടീം അംഗം ഫാ. മെൽറ്റസ് ചാക്കോ കൊല്ലശ്ശേരി ആമുഖ പ്രഭാഷണം നടത്തി. സംഗമത്തിൽ സിൽവെസ്റ്റർ കൊച്ചിൻ ആഘോഷ പരിപാടികളുമായി സഹകരിച്ച എല്ലാവരെയും ആദരിക്കുകയുണ്ടായി.
കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് സിൽവെസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ “വേട്ടയാടപ്പെടുന്ന മനുഷ്യർ : അന്നും ഇന്നും” എന്ന ഫ്ലോട്ട് മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഫ്ലോട്ടിൻ്റെ ഭാഗമായി അണിയറയിലും വേദിയിലും പ്രവർത്തിച്ച എല്ലാവർക്കും എം.എൽ.എ. കെ.ജെ മാക്സി ആദരവ് നൽകി. സിൽവെസ്റ്റർ ദീപാലങ്കാര മത്സരത്തിൻ്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകുകയും ചെയ്തു.
കൗൺസിലർ സുമിത് ജോസഫ്, അഡ്വ. ആൻ്റണി കുരീത്തറ, ഡാനിയ ആന്റണി, അന്ന സിൽഫ, ആൻ്റണി നിതീഷ്, മാർട്ടിൻ ജോസഫ് എന്നിവർ സംസാരിച്ചു.

