ജെറുസലേം: വിശുദ്ധ നാട്ടിലേക്ക് കൂടുതൽ തീർത്ഥാടകർ എത്തണമെന്നും, വാക്കുകൾ കൊണ്ടുമാത്രമല്ല, സാന്നിദ്ധ്യം കൊണ്ടു മാത്രമേ ഭയത്തെ അതിജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും വിശുദ്ധ നാട്ടിലെ കത്തോലിക്കാസഭയുടെ സംരക്ഷണത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ ചുമതലയുള്ള ഫാ. ഫ്രാന്‍സ്സെസ്കോ യെൽപോ.
ജനുവരി ഏഴാം തീയതി റോമിൽ നിന്നെത്തിയ വൈദികരും, രൂപതയിലെ ജോലിക്കാരും, മാധ്യമപ്രവർത്തകരും ഉൾപ്പെടുന്ന സംഘത്തെ ജെറുസലേമിലെ ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ കേന്ദ്രത്തില്‍ സ്വീകരിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതുവഴി പ്രാദേശികസമൂഹത്തിന് സാമ്പത്തികമായ സഹായം കൂടിയാണ് ലഭിക്കുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജെറുസലേം ഉൾപ്പെടുന്ന വിശുദ്ധ നാട്ടിലേക്കുള്ള ക്രൈസ്തവ തീർത്ഥാടനം പുനഃരാരംഭിക്കണമെന്നും, കൂടുതൽ ആളുകൾ എത്തുന്നതിലൂടെ മാത്രമേ ഭയത്തെ മറികടക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീർത്ഥാടനങ്ങൾ വിശുദ്ധ നാട്ടിലെ ക്രൈസ്തവരുൾപ്പെടുന്ന പ്രാദേശികസമൂഹങ്ങളുടെ സാമ്പത്തിക സ്രോതസുകൂടിയാണെന്ന് ഫാ. ഫ്രാന്‍സ്സെസ്കോ ഓർമ്മിപ്പിച്ചു.
ഭയത്തെ മറികടക്കാൻ വാക്കുകൾ മാത്രം പോരാ. ആളുകളുടെ സാക്ഷ്യവും സാന്നിദ്ധ്യവും ആവശ്യമാണ്. ക്രൈസ്തവർ വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനെത്തുന്നത് പ്രത്യാശ വളർത്തുന്നതാണ്. ഇവിടേക്ക് കൂടുതല്‍ പേര് എത്തുമ്പോള്‍ ലോകമെങ്ങും നിന്നുള്ള തീർത്ഥാടനത്തിന് മറ്റുള്ളവർക്ക് കൂടുതൽ പ്രേരണ നൽകും.
ഇസ്രായേലിലും പാലസ്തീനിലുമായി ഏതാണ്ട് അൻപതിനായിരത്തോളം ക്രൈസ്തവർ ജീവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഫാ. യെൽപോ, ഇവരിൽ ആറായിരത്തോളം പേർ ജെറുസലേമിലാണ് താമസിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. കൂടുതൽ തീർത്ഥാടകരെത്തുന്നത് പ്രത്യാശ പകരുന്നതായിരിക്കുമെന്നും, ക്രിയാത്മകമായ സംരഭങ്ങൾക്ക് കാരണമാകുമെന്നും അഭിപ്രായപ്പെട്ടു. 2023 ഒക്ടോബർ 7-ന് നടന്ന ആക്രമണത്തിന് ശേഷമാണ് വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടനത്തിന്റെ ഗതി മാറിയെന്നും, അതുകൊണ്ടുതന്നെ, കൂടുതൽ തീർത്ഥാടകർ എത്തേണ്ടത് പ്രധാനപ്പെട്ട ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

