വത്തിക്കാൻ :ലോകത്ത് 184 രാജ്യങ്ങളുമായി നയതന്ത്രബന്ധം പുലർത്തി പരിശുദ്ധ സിംഹാസനം. യൂറോപ്യൻ യൂണിയനും, സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ട എന്ന സന്നദ്ധസേവന സംഘടനയുമായുള്ള ബന്ധത്തിന് പുറമെയാണ് ഇത്രയധികം രാജ്യങ്ങളുമായി വത്തിക്കാൻ ഡിപ്ലോമാറ്റിക് ബന്ധം തുടരുന്നത്. വത്തിക്കാനിലേക്കുള്ള നയതന്ത്രപ്രതിനിധികൾക്ക് ലിയോ പതിനാലാമൻ പാപ്പാ ജനുവരി ഒൻപതിന് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് , ഈയൊരു കണക്ക് ഒരു ഔദ്യോഗിക കുറിപ്പിലൂടെ പുറത്തുവിട്ടത്.
വത്തിക്കാനുമായി നയതന്ത്രബന്ധം പുലർത്തുന്നവരിൽ, റോമിൽത്തന്നെ സ്ഥിരം ഓഫീസുള്ളത് തൊണ്ണൂറ്റിമൂന്ന് നയതന്ത്രമിഷനുകൾക്കാണ്. ഇതിൽ യൂറോപ്യൻ യൂണിയനും ഓർഡർ ഓഫ് മാൾട്ടയും ഉൾപ്പെടും. അറബ് രാഷ്ട്രങ്ങളുടെ ലീഗ്, അഭയാർത്ഥികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസംഘടനയുടെ ഹൈക്കമ്മീഷണർ കുടിയേറ്റത്തിനായുള്ള അന്താരാഷ്ട്രസംഘടന എന്നിവയ്ക്കും റോമിൽ ഓഫീസുണ്ട്.
കഴിഞ്ഞ വർഷം ഇറ്റലിയുമായി ചില പ്രധാന കരാറുകളും പരിശുദ്ധ സിംഹാസനം ഒപ്പുവച്ചു. ഇതനുസരിച്ച് 2025 ജൂലൈ 31-ന് റോമിന് പുറത്തുള്ള സാന്താ മരിയ ദി ഗലേറിയ എന്നയിടത്ത്, കാർഷിക, സോളാർ പാനൽ ഉപയോഗിച്ചുള്ള വിദ്യുശ്ചക്തി ഉത്പാദനം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു കരാർ ഇരുകക്ഷികളും ഒപ്പിട്ടു. വത്തിക്കാൻ റേഡിയോയുടെ പ്രധാനപ്പെട്ട ആന്റിനകൾ സ്ഥിതി ചെയ്യുന്നതും ഇതേ സ്ഥലത്താണ്.
ഇറ്റലിയിലെ സായുധസേനയ്ക്ക് അദ്ധ്യാത്മികസേവനം ഉറപ്പുനൽകുന്നതുമായി ബന്ധപ്പെട്ട് 2018 ഫെബ്രുവരി 13-ന് റോമിൽ നിലവിൽ വന്ന കരാർ ഭേദഗതി ചെയ്തുകൊണ്ടുള്ള പുതിയ കത്തുകൾ 2024 നവംബർ 12-ന് റോമിലും 2024 ഡിസംബർ 23-ന് വത്തിക്കാനിലും കൈമാറ്റം ചെയ്യപ്പെട്ടു, ഈ ഭേദഗതി 2025 നവംബർ 3-ന് പ്രാബല്യത്തിൽ വന്നു.
ബെർലിനിലെ ഹംബോൾട്ട് യൂണിവേഴ്സിറ്റിയിലുള്ള കത്തോലിക്കാ ദൈവശാസ്ത്ര ഇൻസ്റ്റിട്യൂട്ടിനെ സംബന്ധിച്ച് പരിശുദ്ധ സിംഹാസനവും, ബെർലിനും തമ്മിൽ സെപ്റ്റംബർ 29-ന് മറ്റൊരു കരാറും ഒപ്പിട്ടിരുന്നു.

