വത്തിക്കാൻ: 2025-ലെ പ്രത്യാശയുടെ ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും, റോമിലെത്തിയ തീർത്ഥാടകർക്ക് സ്വീകാര്യമായ ആതിഥേയത്വം ഒരുക്കാനും വേണ്ടി അദ്ധ്വാനിച്ചവർക്ക് നന്ദി പറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ. ജൂബിലി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ പ്രതിനിധി സംഘങ്ങൾക്ക് ജനുവരി 10 ശനിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പാപ്പാ ഏവർക്കും നന്ദിയേകിയത്.
ജൂബിലിക്കായി റോം നഗരത്തെ ഒരുക്കുന്നതിലും, തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രത്യേകമായി സഹകരിച്ച ഇറ്റലിയുടെ ഗവൺമെന്റ്, വിവിധ സുരക്ഷാസേനകൾ എന്നിവയെ പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു.
ജൂബിലി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ “സുവിശേഷവത്കരണത്തിനായുളള ഡികാസ്റ്ററിയിലെ നേതൃനിരയെയും, മറ്റ് ഡികാസ്റ്ററികളെയും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്ഥാനങ്ങളെയും വത്തിക്കാനിലെ സുരക്ഷാസേനകളെയും, ജൂബിലിയിൽ സഹായിച്ച കുമ്പസാരക്കാരായ വൈദികർ, വിവിധ രൂപതകളുടെ പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവരെയും തന്റെ പ്രഭാഷണത്തിൽ പാപ്പാ പ്രത്യേകം പരാമർശിച്ചു.

