എഡിറ്റോറിയൽ / ജെക്കോബി

Hindu group allegedly disrupts Xmas prayers at UP cathedral
ആംഗ്ലിക്കന്‍ കമ്യൂണിയന്റെ ഭാഗമായ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ഡല്‍ഹി കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷനില്‍ ക്രിസ്മസ് പ്രഭാതശുശ്രൂഷയില് പ്രധാനമന്ത്രി മോദി പങ്കുചേര്‍ന്നത് രാജ്യത്തെ സന്മനസുള്ള സകല മനുഷ്യര്‍ക്കും ഏറെ സന്തോഷവും അഭിമാനവും ആശ്വാസവും പകരേണ്ടതാണ്.
ക്രിസ്മസ് കാരള്‍ ഗാനങ്ങളും സ്തുതിഗീതങ്ങളും പ്രാര്‍ഥനകളും വിശുദ്ധഗ്രന്ഥ വായനയും ശ്രദ്ധാപൂര്‍വം പിന്തുടര്ന്ന്, ദൈവാത്മാവിന്റെ അഭിഷേകത്തിനായുള്ള പ്രാര്‍ഥനയ്ക്കായി ശിരസു നമിച്ച്, വിശുദ്ധഗ്രന്ഥം ഭക്ത്യാദരപൂര്‍വം ഏറ്റുവാങ്ങി നില്ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും കാലാതീതമായ സന്ദേശം നല്കുന്ന യേശുവിന്റെ പ്രബോധനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദ്ദവും ശക്തമാക്കട്ടെയെന്ന ആശംസയും അത്രമേല്‍ അര്ത്ഥഗാംഭീര്യമുള്ളതായിരുന്നു.
ബിഷപ് പോള്‍ സ്വരൂപിന്റെ ആശീര്വാദപ്രാര്ഥനയിലൂടെ നീതിയുടെയും സമാധാനത്തിന്റെയും വെളിച്ചം പ്രധാനമന്ത്രിയുടെ ഹൃദയത്തില്‍ നിറഞ്ഞിരുന്നെങ്കില്‍ എന്ന് നാം ആശിച്ചുപോവുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും അശാന്തമായ, അക്രമകലുഷിതമായ ഒരു ക്രിസ്മസ് സീസണില്‍, ‘അരുത്’ എന്ന ഒരു വാക്ക് തന്റെ സംഘപരിവാര്‍ അനുയായികളോടായി ഉരുവിടാനുള്ള ഉള്വെട്ടം മോദിക്കു ലഭിക്കണേ എന്നായിരുന്നു നമ്മുടെ പ്രാര്‍ഥന.
കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന മോദി, ജര്‍മനിയിലെ മാഗ്ദബുര്ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ തന്റെ ഹൃദയവേദന രേഖപ്പെടുത്തിയത് ഓര്‍ക്കുക. ആ ഭീകരാക്രമണത്തിനു പിന്നില്‍ ഇസ് ലാമിക ബന്ധമുണ്ടായിരുന്നു. ഇന്ത്യയില്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തീവ്രഹിന്ദുത്വശക്തികള്ക്കെതിരെ ഒരു വാക്ക് ഉച്ചരിക്കാനുള്ള പ്രചോദനം മോദിക്ക് ഇനിയും ലഭിച്ചിട്ടില്ല. മോദിയുടെ ‘എക്സ്’ പോസ്റ്റിന് ഒരു വിലയും സംഘപരിവാര്‍ അക്രമിസംഘങ്ങള്‍ കല്പിക്കുന്നില്ല എന്നും വ്യക്തം.
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും, ഹൈന്ദവ സംസ്കാരം രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം കാലം ഇക്കാര്യത്തില്‍ ഭരണഘടനാ ഭേദഗതിയൊന്നും ആവശ്യമില്ലെന്നും കൊല്‍ക്കത്തയില്‍ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വേണം രാജ്യത്ത് ക്രിസ്ത്യാനികളെ ലക്ഷ്യംവച്ചുകൊണ്ടുള്ള അക്രമസംഭവങ്ങളുടെ പെരുപ്പത്തിന്റെ ആഴം കണ്ടെത്താന്‍.
ക്രൈസ്തവ ഔട്ട്റീച്ചില്‍ കേരളത്തിലേക്കു ശ്രദ്ധകേന്ദ്രീകരിച്ച ബിജെപിക്ക് ഇവിടെ തലസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പറേഷനില്‍ അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞതിന്റെ അനന്തരഫലങ്ങള്‍ പലയിടങ്ങളിലായി കണ്ടുതുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഗവര്‍ണറുടെ കാര്യാലയമായ ലോക്ഭവനില്‍ ഇക്കുറി ക്രിസ്മസ് അവധി റദ്ദാക്കപ്പെട്ടത് വലിയൊരു മാറ്റത്തിന്റെ സൂചനതന്നെയാണ്.
വാജ്പേയി ജന്മവാര്‍ഷികം ഗുഡ് ഗവേണന്‍സ് ഡേ ആയി ആഘോഷിക്കാന്‍ വേണ്ടിയാണ് ഡിസംബര്‍ 25ന് ലോക്ഭവനില്‍ എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് കണ്ട്രോളര് ഉത്തരവിറക്കിയത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണറുടെ കാര്യാലയത്തില്‍ ക്രിസ്മസ് ഇങ്ങനെ തമസ്കരിക്കപ്പെടുന്നത്.
പാലക്കാട് പുതുശേരിയില്‍ 10-15 പ്രായപരിധിയിലുള്ള കുട്ടികളുടെ കാരള്‍ സംഘത്തെ ആക്രമിക്കുകയും സിപിഎം ഏരിയ കമ്മിറ്റി വക ബാന്‍ഡ് സെറ്റ് ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്ത ഇരുപത്തിനാലുകാരനായ ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റിലായപ്പോള്‍, അഞ്ചാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ ഉള്‍പ്പെടുന്ന കാരള്‍ സംഘം മദ്യപിച്ചിരുന്നതാണ് സംഘര്‍ഷത്തിന് കാരണം എന്ന മട്ടില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് ആക്ഷേപിക്കുന്നതും മലയാളികള്‍ക്ക് കേള്‍ക്കേണ്ടിവരുന്നു.
ഡല്‍ഹിയില്‍ ക്രൈസ്തവരുടെ പ്രതിനിധിയായ ഒരു മലയാളി കേന്ദ്രസഹമന്ത്രിയാകട്ടെ, രാജ്യത്താകമാനം ‘ചെറിയ ചെറിയ സംഭവങ്ങളെ’ ക്രിസ്ത്യാനികള്‍ വല്ലാതെ പെരുപ്പിച്ചുകാട്ടുകയാണെന്ന് പരിഹസിച്ച് ഇളിച്ചുകാട്ടുന്നുമുണ്ട്. കേരളത്തില്‍ ചില വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് പിന്മാറാന് മാനേജ്മെന്റുകളുടെമേല്‍ സമ്മര്‍ദമുണ്ടായി. തപാല്‍ വകുപ്പിന്റെ ക്രിസ്മസ് ആഘോഷത്തില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടണമെന്ന യൂണിയന് സമ്മര്‍ദം പ്രതിസന്ധി സൃഷ്ടിക്കുന്നു. അപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കാര്യം എന്താകും!
മധ്യപ്രദേശിലെ ജബല്‍പുരില്‍ ഹവാബാഗ് പ്രിന്‍സ് ഓഫ് പീസ് ദേവാലയത്തില്‍, സര്‍ക്കാര്‍ വക അന്ധവിദ്യാലയത്തിലെ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്കു വേണ്ടി ബ്ലൈന്‍ഡ് മിഷന് സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത കാഴ്ചപരിമിതിയുള്ള യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ഭാര്‍ഗവ് എന്ന ഉഗ്രരൂപിണിയായ സ്ത്രീ അധിക്ഷേപിക്കുന്നതും കവിളത്ത് ഞെരിച്ചും കൈപിടിച്ചുതിരിച്ചും കയ്യേറ്റം ചെയ്യുന്നതും ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ നടത്തിയ കടന്നാക്രമണത്തിന്റെ ഒരു ദൃഷ്ടാന്തമായിരുന്നു.
മതപരിവര്‍ത്തനവും കുട്ടിക്കടത്തും ലൈംഗികചൂഷണവുമൊക്കെ ആരോപിച്ചാണ് ബിഎഡ്കാരിയായ അക്രൈസ്തവ യുവതിയെ ആ വനിതാനേതാവ് പരസ്യമായി ആക്രമിച്ചത്. മുജ്ജന്മപാപത്തിന്റെ ഫലമായാണ് കാഴ്ചയില്ലാത്തവളായതെന്നും അടുത്ത ജന്മത്തിലും നീ കുരുടിയായിരിക്കുമെന്നും ആ സ്ത്രീ കലിതുള്ളി അലറുന്നുണ്ട്.
മധ്യപ്രദേശിലെ ജബുവാ രൂപതയിലെ നാല് കത്തോലിക്കാ ഇടവകകളില്‍ ക്രിസ്മസ് ഗാനാലാപനവും ആഘോഷവും പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിനെ സമീപിച്ച് സംരക്ഷണം തേടേണ്ടിവന്നു.
ഉജ്ജൈനില്‍ സാന്താ ക്ലോസിന്റെ വേഷമിട്ട നഴ്സറി കുട്ടികളുടെ ക്രിസ്മസ് ആഘോഷം അലങ്കോലമാക്കാനെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അവരെക്കൊണ്ട് ഹനുമാന് ചാലിസ ചൊല്ലിച്ചു.
ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ ആദ്യമായി ഡിസംബര്‍ 25ന് സ്കൂളുകള്‍ക്ക് ക്രിസ്മസ് അവധി റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷം 2024 ഡിസംബര്‍ 25ന് ആരംഭിച്ചതിന്റെ തുടര്‍ച്ചയായി ഇക്കൊല്ലം ഡിസംബര്‍ 25ന് ‘സദ്ഭരണ ദിനാചരണത്തിന്’ വിദ്യാലയങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും കുട്ടികളുടെ ഹാജര്‍ നിര്‍ബന്ധമാക്കാനും വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യയില്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറുടെ കാലം മുതലെങ്കിലും ആഘോഷിച്ചുവന്ന ക്രിസ്മസിനെ തമസ്കരിച്ചുകൊണ്ട് വാജ്പേയിയുടെ ജന്മവാര്‍ഷികം ദേശീയ കലണ്ടറില്‍ എഴുതിച്ചേര്ക്കുന്നതിലെ രാഷ് ട്രീയം ന്യൂനപക്ഷ വിദ്വേഷമായി വായിച്ചെടുക്കാം.
ഉത്തര്‍പ്രദേശിലെ ബരേലി കന്റോണ്‍മെന്റിലെ സെന്റ് അല്‍ഫോന്‍സസ് കത്തീഡ്രലില്‍ തിരുകര്‍മങ്ങള്‍ നടക്കുമ്പോള്‍ ഒരുകൂട്ടം ബജ്റംഗ്ദള്‍, വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ദേവാലയ കവാടത്തില്‍ ഹനുമാന് ചാലിസ ആലപിച്ചത് പൊലീസിന്റെ കാവലിലാണ്. കത്തീഡ്രല്‍ വളപ്പിലെ ബിഷപ് കൊണ്‍റാഡ് സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ കന്റോണ്‍മെന്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ രണ്ടു ദിവസത്തെ ക്രിസ്മസ് മഹോത്സവ് പരിപാടികളില്‍ മതപരിവര്‍ത്തനം ലക്ഷ്യമാക്കി ഹൈന്ദവ ധര്‍മ്മത്തെ തെറ്റായ രീതിയില്‍ അവതരിപ്പിച്ചു എന്നാരോപിച്ചാണ് ഹിന്ദുത്വതീവ്രവാദികള്‍ ക്രിസ്മസ് തിരുകര്‍മങ്ങള്‍ അലങ്കോലമാക്കാനൊരുമ്പെട്ടത്.
യുപിയിലെ ഗാസിയാബാദില്‍ ഹാര്‍വെസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍ രാജു സദാശിവനെയും ഭാര്യയെയും പ്രാര്ഥനാശുശ്രൂഷയ്ക്കിടയില്, നെറ്റിയില്‍ നീണ്ട തിലകമണിഞ്ഞ രൗദ്രഭാവമുള്ള ശ്രീ സത്യനിഷ്ഠ് ആര്യ എന്ന ഹിന്ദുത്വ തീവ്രവാദി പ്രസംഗപീഠത്തില്‍ കയറിനിന്ന് ഭീഷണിപ്പെടുത്തുന്നതും, പരിശുദ്ധ കന്യകമറിയത്തെയും യേശുവിനെയും ബൈബിളിനെയും അധിക്ഷേപിക്കുന്നതും ക്രിസ്മസ് സീസണിലെ ഉള്‍ക്കിടിലം സൃഷ്ടിക്കുന്ന ബീഭത്സ ടിവി ന്യൂസ് ക്ലിപ്പുകളിലൊന്നായിരുന്നു. സുന്നിയൂര് റഹ്മാന് എന്ന ബംഗ്ലാദേശിയാണത്രെ യേശുവിനെയും വിശുദ്ധഗ്രന്ഥത്തെയും നിന്ദിച്ചുകൊണ്ട് സമൂഹമാധ്യമ പ്ലാറ്റ്ഫോമിലൂടെ വിദ്വേഷപ്രചാരണം നടത്തുന്ന ഈ ഭീകരാവതാരം. ഇതിനിടെ, ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ ഗാസിയാബാദില്‍ ‘ഹിന്ദുക്കളുടെ ആത്മരക്ഷയ്ക്ക്’ എന്ന പേരില്‍ വീടുകള്‍ തോറും നൂറുകണക്കിന് വാളുകള്‍ വിതരണം ചെയ്തു.
ഉത്തര്‍പ്രദേശില്‍ മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയില്‍ സാന്താക്ലോസിന്റെ തൊപ്പിയും ചുവന്ന അടിവസ്ത്രവുമണിഞ്ഞ് ഗംഗാസ്നാനഘട്ടത്തില് നിന്ന ജാപ്പനീസ് ടൂറിസ്റ്റുകളെ സംഘപരിവാര്‍ സംഘം വളഞ്ഞുവച്ച് വിചാരണ ചെയ്തു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഗംഗാ നദീതീരത്തെ സംസ്ഥാന ടൂറിസം വകുപ്പിന്റെ ഭാഗീരഥി ലക്ഷ്വറി ഹോട്ടലില്‍ പ്ലാന്‍ ചെയ്തിരുന്ന ക്രിസ്മസ് ആഘോഷം ഗംഗാനദിയുടെ പവിത്രസംസ്കാരത്തിന് എതിരാണെന്ന് ആരോപിച്ച് ശ്രീ ഗംഗാ സഭയും ആര്‍എസ്എസ് ക്ഷേത്രീയ പ്രചാര്‍ പ്രമുഖും മറ്റും രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് റദ്ദാക്കേണ്ട സാഹചര്യമുണ്ടായി.
ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ‘മതപരിവര്‍ത്തനത്തിനെതിരെ’ സര്‍വ സമാജ് ഹിന്ദുത്വവാദികള്‍ ക്രിസ്മസിനു തലേന്ന് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം നല്‍കിയിരുന്നു. അക്രമഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രാദേശികതലത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രേഖാമൂലം അപേക്ഷ സമര്‍പ്പിക്കാന്‍ റായ്പൂര്‍ ആര്‍ച്ച്ബിഷപ് വിക്ടര്‍ ഹെന് റി ഠാക്കുര്‍ സ്കൂളുകള്‍ക്കും കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കും ഇടവകസമൂഹങ്ങള്‍ക്കും കത്തെഴുതി.
ഒഡിഷയിലെ കന്ധമാലില്‍ 2007ലെ ക്രിസ്മസിനു തലേന്നുണ്ടായ അക്രമസംഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് ജാഗ്രത പുലര്‍ത്താന്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് മെത്രാന് നിര്‍ദേശം നല്‍കിയത്. ഗോത്രവര്‍ഗ മേഖലയായ ബസ്തറിലെ കാങ്കേറില് അന്‍പതുകാരനായ നവാഗത ക്രിസ്ത്യാനിയുടെ മൃതദേഹം സ്വന്തം ഗ്രാമത്തില്‍ സംസ്കരിക്കാന്‍ സംഘപരിവാറും ഗ്രാമസഭയും അനുവദിക്കാത്തതിനെ തുടര്‍ന്ന് മൂന്നുനാള്‍ മൂന്നു ഗ്രാമങ്ങളിലേക്ക് പൊലീസിന്റെ നിര്‍ദേശപ്രകാരം കൊണ്ടുപോകേണ്ടിവന്നു.
സംസ്ഥാനത്തെ ആദിവാസി ക്രൈസ്തവ മേഖലയില്‍ മൃതസംസ്കാരവുമായി ബന്ധപ്പെട്ട് ഇക്കൊല്ലം 19 അക്രമസംഭവങ്ങളുണ്ടായിട്ടുണ്ട്. കാങ്കേറിലെ സംഘര്‍ഷത്തിന്റെ തുടര്‍ച്ച ക്രിസ്മസ് സീസണില്‍ പല ദേവാലയങ്ങളിലേക്കും പടരുകയുണ്ടായി.
ഛത്തീസ്ഗഢ് ബന്ദില്‍ അടഞ്ഞുകിടന്ന റായ്പൂരിലെ മാഗ്നെറ്റോ മാളില്‍ മുഖംമറച്ച് ഇരുമ്പുദണ്ഡും ഹോക്കി സ്റ്റിക്കും മറ്റുമായി എത്തിയ നാല്പതോളം പേര് ചേര്‍ന്ന് ക്രിസ്മസ് തീമിന്റെ കമാനങ്ങളും അലങ്കാരങ്ങളും സാന്തക്ലോസിന്റെ വലിയ ശില്പവും മറ്റും നശിപ്പിച്ചു.
ഛത്തീസ്ഗഡിലും ഡിസംബര്‍ 25ന് സ്കൂളുകള്‍ക്ക് ക്രിസ്മസ് അവധി നിഷേധിച്ചുകൊണ്ട്, വാജ്പേയി ജന്മശതാബ്ദിയുടെ സദ്ഭരണദിനാചരണ പരിപാടിസംഘടിപ്പിക്കാനായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍ബന്ധമായും തുറന്നുപ്രവര്‍ത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവ് ഇറക്കി.
ഗുജറാത്തിലെ അഹമ്മദാബാദില്‍ ഭഗവാ സേന എന്ന ഒരു പുതിയ ഹിന്ദുത്വ സംഘടനയുടെ പേരില്‍ ഒരുകൂട്ടം അക്രമികള്‍ എസ്ജി ഹൈവേയിലെ പലാഡിയം മാളിലെ ക്രിസ്മസ് ട്രീയും അലങ്കാരങ്ങളും നശിപ്പിച്ചു. രാജസ്ഥാനില്‍ ശ്രീ ഗംഗാനഗര്‍ ജില്ല വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ വിദ്യാര്‍ഥികളെ സാന്തക്ലോസ് വേഷമണിയാന്‍ നിര്‍ബന്ധിക്കരുതെന്ന് ഉത്തരവിറക്കി.
രാജസ്ഥാനിലെ ഡുംഗര്പുറിലെ ബിച്ചിവാഡ ഗ്രാമത്തിലെ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഞായറാഴ്ച തിരുകര്‍മങ്ങള്‍ തടസപ്പെടുത്തി. ജയ്പൂരില്‍ ഒരു പ്രാര്ഥനയോഗത്തിലേക്ക് ഹിന്ദുത്വ വിജിലാന്റി സംഘം ഇരച്ചുകയറി നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു.
ഡല്‍ഹി ലാജ്പത് നഗറില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സാന്താ തൊപ്പി ധരിച്ച സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോയില്‍, അവര്‍ മതപരിവര്‍ത്തനത്തിനാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത് എന്ന് ആരോപിക്കുന്നുണ്ട്. ഹിന്ദുക്കള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ബഹിഷ്കരിക്കണമെന്നും, വ്യാപാരസ്ഥാപനങ്ങള്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും വിശ്വ ഹിന്ദു പരിഷത്ത് ആഹ്വാനം നല്‍കിയിരുന്നു.
അസമിലെ നല്ബാഡിയിലെ പാനിഗാവില് ബൊംഗൈഗാവ് രൂപതയുടെ കീഴിലുള്ള സെന്റ് മേരീസ് സ്കൂള്‍ വളപ്പില്‍ ഒരു സംഘം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്മസിനു തലേന്ന് അതിക്രമിച്ചുകയറി പുല്‍ക്കൂടും ക്രിസ്മസ് അലങ്കാരങ്ങളും ബാനറുകളും തീയിട്ടുനശിപ്പിച്ചു. ജയ് ശ്രീ റാം, ജയ് ഹിന്ദു രാഷ്ട്ര മുദ്രാവാക്യം വിളിച്ച് ചിലര്‍ നല്ബാഡിയിലെ കടകളില്‍ വില്പനയ്ക്കു വച്ചിരുന്ന ക്രിസ്മസ് അലങ്കാരങ്ങള്‍ റോഡില്‍ വലിച്ചുവാരിയിട്ട് തീവച്ചു. ബിജെപി ആദ്യമായി അധികാരത്തിലേറിയ ഒഡീഷയില്‍, വഴിയോരത്ത് സാന്താ തൊപ്പിയും മുഖംമൂടിയും മറ്റും വില്‍ക്കുന്ന രാജസ്ഥാനില്‍ നിന്നുള്ള നാടോടി വില്പനക്കാരെ, ‘ഇത് ഹിന്ദുരാഷ്ട്രമാണ്, ഇവിടെ ക്രിസ്ത്യാനികളെ വച്ചുപൊറുപ്പിക്കുകയില്ല’ എന്ന് ആക്രോശിച്ചുകൊണ്ട് കെട്ടുകെട്ടിക്കുന്ന ദൃശ്യങ്ങളും വൈറലായി പരന്നിരുന്നു.
പ്രധാനമന്ത്രി മോദി ഉള്‍പ്പെടുന്ന ആര്‍എസ്എസ് എന്ന തീവ്ര വലതുപക്ഷ ഹിന്ദു ദേശീയവാദ സംഘം ഇന്ത്യയെ ഒരു ഹിന്ദു-ആദ്യ രാഷ്ട്രമാക്കാന്‍ ഒരു നൂറ്റാണ്ട് ചെലവഴിച്ച് ‘നിഴലുകളില്‍ നിന്ന് അധികാരത്തിലേക്ക്’ എത്തി രാജ്യത്തെ മാറ്റിമറിച്ചത് എങ്ങനെ എന്ന് ‘ന്യൂയോര്‍ക്ക് ടൈംസ്’ അസാധാരണമായ ഒരു ഒന്നാം പേജ് ഫീച്ചറില്‍ വിശകലനം ചെയ്യുന്നുണ്ട്. ഇന്ത്യയെ മതപരമായി വിഭജിക്കുന്നതില്‍ വിജയം കണ്ടെത്തിയ ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ഡയില്‍ രാജ്യത്തെ ജനാധിപത്യ, ഭരണഘടനാ സംവിധാനങ്ങളെല്ലാം തകര്‍ന്നടിയുകയാണെന്ന മുന്നറിയിപ്പാണ് ഈ ലേഖനത്തില്‍ മുഴങ്ങുന്നത്.

