കൊച്ചി : 2025 ലെ ക്രിസ്തുമസ് കാലഘട്ടത്തിലു ണ്ടാവുന്ന അനിഷ്ടസംഭവങ്ങൾ ക്രൈസ്തവരിൽ ആശങ്കയുളവാക്കുന്നതെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം ഉണ്ടായിട്ടും രാജ്യത്ത് ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുന്നത് ഖേദകരമാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ ഗവർണറുടെ ഓഫീസിൽപോലും ക്രിസ്തുമസ് പ്രവർത്തി ദിനം ആക്കിയത് എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും ഉൽക്കണ്ഠയുളവാക്കുന്നതാണ്. ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതേതര പാരമ്പര്യത്തിന് ഏറ്റ ആഘാതമാണ്. അതിൻറെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെയും തിരിച്ചറിയാനാകും.
ഛത്തീസ്ഗഢിലെ റായ്പൂരിലെ മാളിൽ സാന്താക്ലോസിന്റെ രൂപം തകർത്തതും, ജബൽപൂരിൽ അന്ധയായ ഒരു ക്രൈസ്തവ പെൺകുട്ടിയെ ആക്രമിച്ചതും, ഉത്തർപ്രദേശിൽ പള്ളിയിലെ പ്രാർത്ഥന തടസ്സപ്പെടുത്താൻ ശ്രമിച്ചതും കാലങ്ങളായി ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് എന്ന് മനസ്സിലാകും.
വെറുപ്പിന്റെ സംസ്കാരമല്ല സ്നേഹത്തിന്റെ സംസ്കാരമാണ് ക്രിസ്തുമസ്. പ്രകോപനങ്ങൾ ഉണ്ടായാലും സഹിഷ്ണുതയോടുകൂടി നിലകൊള്ളുകയും അത്തരക്കാരെ തിരിച്ചറിയാൻ ക്രൈസ്തവ സമൂഹത്തിന് കഴിയുന്നുവെന്നുള്ളതും ആക്രമങ്ങൾക്ക് നേതൃത്വം നൽകുന്നവർ മനസ്സിലാക്കേണ്ടതാണ്.
വിദ്വേഷം വളർത്തി ഭിന്നത ഉണ്ടാക്കുന്ന സാഹചര്യങ്ങളെ ക്രൈസ്തവ സമൂഹം തിരിച്ചറിയുന്നുണ്ട്. ഭയപ്പെടുത്തി വരുതിയിൽ ആക്കാൻ ശ്രമിച്ചാൽ അതൊന്നും നടപ്പിലാകില്ല. വെറുപ്പിന്റെ സംസ്കാരത്തിനെതിരെ സ്നേഹത്തിൻറെ സംസ്കാരം പടുത്തുയർത്താൻ കെൽപ്പുള്ളവരാണ് ക്രൈസ്തവർ. അക്രമങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ഭരണകൂടം തയ്യാറാകണം.
ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ജാഗ്രതയുടെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാൻ ഈ ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Sherry J Thomas
President

