അബൂജ: നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾക്കെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലേ, രാജ്യത്ത് ക്രൈസ്തവർക്ക് പീഡനം തുടരുകയാണെങ്കിൽ അമേരിക്ക കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഐസിസ് തീവ്രവാദികൾ ആസ്ഥാനമാക്കിയിട്ടുള്ള സോകോട്ടോ സംസ്ഥാനത്തെ ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള സംയുക്ത ഓപ്പറേഷനിലാണ് യുഎസ് സൈന്യം നൈജീരിയൻ സർക്കാരുമായി ഏകോപിപ്പിച്ചു കഴിഞ്ഞ ക്രിസ്തുമസ് ദിവസം ആക്രമണം നടത്തിയത്. നൈജറുമായി അതിർത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറൻ മേഖലയിലെ ഈ സംസ്ഥാനം പ്രധാനമായും സുന്നി മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശമാണ്.
കഴിഞ്ഞ ഒക്ടോബറിൽ നൈജീരിയൻ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ട്രംപ് പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിരിന്നു. “ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങൾ” നടക്കുന്ന രാജ്യങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള പ്രത്യേക ആശങ്കയുള്ള രാജ്യമായി നൈജീരിയായെ പുനർനാമകരണം ചെയ്തിരിന്നുവെന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്ന് നവംബറിൽ പ്രഖ്യാപനവും നടത്തി.
ഇതിന്റെ ഭാഗമായാണ് ഡിസംബർ 25നു ഇസ്ലാമിക് സ്റ്റേറ്റ്സ് താവളങ്ങളിൽ സൈനീക ആക്രമണം നടന്നത്. “ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ, നരകം അനുഭവിക്കേണ്ടിവരുമെന്ന് ഈ തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, ഈ രാത്രിയും അത് സംഭവിച്ചു” – ട്രംപ് നവമാധ്യമങ്ങളിൽ കുറിച്ചു. തന്റെ നേതൃത്വത്തിൽ, രാജ്യം റാഡിക്കൽ ഇസ്ലാമിക ഭീകരത അഭിവൃദ്ധി പ്രാപിക്കാൻ അനുവദിക്കില്ലായെന്നും ദൈവം നമ്മുടെ സൈന്യത്തെ അനുഗ്രഹിക്കട്ടെയെന്നും ട്രംപ് കുറിച്ചു.
മരിച്ച തീവ്രവാദികൾ ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നുവെന്നും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടർന്നാൽ ഇനിയും നിരവധി തീവ്രവാദികൾ കൊല്ലപ്പെടുമെന്ന മുന്നറിയപ്പോടെയാണ് ട്രംപിന്റെ കുറിപ്പ് അവസാനിക്കുന്നത്. നിരപരാധികളുടെ ജീവന് നേരെ തുടർച്ചയായ അക്രമങ്ങളും ഭീഷണികളും തടയുന്നതിനായി ഭീകരവിരുദ്ധ സഹകരണ ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിന് നൈജീരിയയിലെ പ്രാദേശിക പങ്കാളികളുമായി ചേർന്ന് യുഎസ് സേന പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് ആഫ്രിക്ക കമാൻഡിലെ (AFRICOM) ജനറൽ ഡാഗ്വിൻ ആൻഡേഴ്സൺ പ്രസ്താവനയിൽ പറഞ്ഞു.

