കൻസാസ് സിറ്റി: അമേരിക്കന്‍ സംസ്ഥാനം കൻസാസിലെ നിരവധി കത്തോലിക്ക സ്കൂളുകളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണികൾ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഡിസംബർ 18നും ഡിസംബർ 19നും അതിരൂപതയിലെ നിരവധി കത്തോലിക്കാ സ്കൂളുകളിൽ ബോംബ് ഭീഷണികൾ ലഭിച്ചിട്ടുണ്ടെന്ന് കൻസാസ് സിറ്റി അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു.
കത്തോലിക്കാ സ്കൂളുകളിൽ നടന്ന ഭീഷണികളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.വിദ്യാർത്ഥികളും ജീവനക്കാരും സുരക്ഷിതരാണെന്നും നിയമ നിർവ്വഹണ ഏജന്‍സികള്‍ അന്വേഷണം തുടരുന്നുണ്ടെന്നും അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ സൂക്ഷ്മമായി പാലിക്കുന്നുണ്ടെന്നും അതിരൂപതാ സൂപ്രണ്ട് വിൻസ് കാസ്കോൺ പ്രസ്താവനയിൽ പറഞ്ഞു.
ബോംബ് ഭീഷണി ലഭിച്ച സ്കൂളുകളുടെ പട്ടിക അതിരൂപത പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും 12 കത്തോലിക്കാ സ്കൂളുകള്‍ക്ക് നേരെ ഭീഷണിയുണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ നല്കുന്ന സൂചന. അതേസമയം മറ്റ് മെട്രോ നഗരങ്ങളിലും സമാന ഭീഷണിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്രിസ്തുമസിനോട് അനുബന്ധിച്ച ദിവസങ്ങളായതിനാല്‍ അധികൃതര്‍ സുരക്ഷ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

