പാലക്കാട്: ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി കൊല്ലപ്പെട്ട രാംനാരായണന്റെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ . രാം നാരായണന്റെ (31) കൊലപാതകത്തില്‍ എസ് സി എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും, ആള്‍ക്കൂട്ട ആക്രമണം സംബന്ധിച്ച വകുപ്പുകള്‍ പ്രകാരം കേസെടുക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെക്കില്ല. നടപടി ഉണ്ടാകും വരെ കേരളത്തില്‍ തുടരുമെന്നും കുടുംബം വ്യക്തമാക്കുന്നു.
ബുധനാഴ്ച വൈകീട്ടായിരുന്നു സംസ്ഥാനത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്. മോഷണക്കുറ്റം ആരോപിച്ച് രാം നാരായണനെ ആള്‍ക്കൂട്ടം തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ചോര ഛര്‍ദിച്ച് രാം നാരായണൻ കുഴഞ്ഞു വീഴുകയും പിന്നാലെ മരിക്കുകയുമായിരുന്നു.
സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെയാണ് വാളയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ച് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്, വിബിന് എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം. രണ്ടുമണിക്കൂറിലേറെ നേരം പതിനഞ്ച് പേര് അടങ്ങിയ സംഘം ക്രൂരമായി മര്‍ദിച്ചെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ അഞ്ചുപേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. മര്‍ദിച്ച സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നാടുവിട്ടതായും പൊലീസ് പറയുന്നു. ഇവരുടെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടായേക്കും. കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി.

