കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ വിടവാങ്ങി .വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു . ഡയാലിസിസിനായി തൃപ്പൂണുത്തുറയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം.69 വയസ്സായിരുന്നു. നീണ്ട 48 വർഷമായി മലയാള സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ശ്രീനിവാസൻ.
നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരിൽ മുന്നിലാണ്. 1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു.
സാമൂഹിക പ്രശ്നങ്ങൾ കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിൻറെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നതായിരുന്നു ശ്രീനിവാസൻറെ സിനിമകളുടെ പ്രത്യേകത.
ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ, ആത്മകഥ തുടങ്ങി നിരവധി ചിത്രങ്ങളാണ് ശ്രീനിവാസന്റെ മികവാർന്ന സൃഷ്ടികൾ .
ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പൂച്ചയ്ക്കൊരു മൂക്കുത്തിയാണ് ശ്രീനി ആദ്യം തിരക്കഥ എഴുതിയ ചിത്രം.
ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്).

