ഫോർട്ട്കൊച്ചി. കൊച്ചി രൂപതയുടെ വികാരി ജനറലായി ഡോ. ജോസി കണ്ടനാട്ടുതറയെ പുതിയ മെത്രാൻ ആൻറണി കാട്ടിപ്പറമ്പിൽ നിയമിച്ചു. മുണ്ടംവേലി സെൻ്റ് ലൂയിസ് പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിച്ചു വരികയാണ് ഈ നിയമനം അദ്ദേഹത്തിന് ലഭിക്കുന്നത്. 70 വയസുകാരനായ അദ്ദേഹം കൊച്ചി രൂപതയിലെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വൈദികനാണ്. അരൂർ സെൻ്റ് അഗസ്റ്റിൻസ് ഇടവകാംഗമായ ഫാ. ജോസി കണ്ടനാട്ടുതറ 1999-ൽ അന്നത്തെ മെത്രനായിരുന്ന ജോസഫ് കുരീത്തറയുടെ നിര്യാണത്തെ തുടർന്ന് കൊച്ചി രൂപതയുടെ അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റോമിലെ, ഉർബനിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോനിക നിയമത്തിൽ ഡോക്ട്രേറ്റ് ബിരുദമുള്ള അദ്ദേഹം കൊച്ചി രൂപതയിലെ പ്രോ ചാൻസിലർ, ചാൻസിലർ, ജൂഡീഷ്യൽ വികാർ, രൂപതാ ഉപദേശക സമിതിയംഗം, ഏജ്യുക്കേഷൻ ഏജൻസി ജനറൽ മാനേജർ തുടങ്ങിയ തസ്തികകളിൽ നിസ്തുല സേവനം കാഴ്ച്ച വെച്ചിട്ടുണ്ട്.
ഫോർട്ടു കൊച്ചി സാന്തക്രൂസ്സ് കത്തീഡ്രൽ ബസിലിക്ക, കണ്ണമാലി സെൻറ് ആൻറണീസ്, എരമല്ലൂർ സെൻറ് ഫ്രാൻസിസ് സേവ്യർ, പൂങ്കാവ് ഇമാക്കുലേറ്റ് കൺസംപ്ഷൻ, എന്നീ ഇടവകകളിൽ വികാരിയായി സേവനം ചെയ്ത അദ്ദേഹം വൈദിക ജീവിതം തുടങ്ങിയത് സാന്ത ക്രൂസ്സ് കത്തീഡ്രലിൽ അസ്സിൻ്റെൻ്റ് വികാരിയായി സേവനം അനുഷ്ഠിച്ചു കൊണ്ടാണ്.

കൂടാതെ രൂപതയിലെ വിവിധ വിവിധ ഭക്ത സംഘടനകളുടെ ഡയറക്ടറായും അൽമായ കമ്മീഷന്റെ കോഡിനേറ്ററായും സേവനം ചെയ്തിരുന്നു. കെ. എൽ.സി. ഡബ്ലിയൂ. എ. യുടെ സംസ്ഥാന സ്പിരിച്ച്വൽ ഫാദർ കൂടിയാണ് അദ്ദേഹം. 2026 ജനുവരി നാലിന് പുതിയ വികാരി ജനറൽ ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുമെന്ന് രൂപത കേന്ദ്രത്തിൽ നിന്ന് അറിയിച്ചു. ഇപ്പോഴത്തെ സാന്ത ക്രൂസ്സ് കത്തീഡ്രൽ വികാരിയും റെക്ടറുമായ ഫാ. ജോൺസൺ ചിറമേൽ ആയിരിക്കും മുണ്ടംവേലിയിലെ സെൻ്റ് ലൂയിസ് ഇടവകയിലെ അടുത്ത വികാരി. അദ്ദേഹത്തിന്റെ തസ്തികയിലേക്ക് ഇപ്പോൾ രൂപതാ കേന്ദ്രത്തിൽ സേവനമനുഷ്ഠിച്ചുവരുന്ന മുൻവികാരി ജനറൽ ഫാദർ ഷൈജു പര്യാത്തുശ്ശേരിയും നിയമിതാനായിട്ടുണ്ട്.

