കൊച്ചി :സമകാലിക കലയുടെ ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ രാജ്യാന്തര മാമാങ്കമായി മാറിയിട്ടുള്ള കൊച്ചി-മുസിരിസ് ബിനാലെയ്ക്കും, കൊച്ചിയുടെ തനിമയുള്ള ക്രിസ്മസ്, പുതുവര്‍ഷ കാര്‍ണിവല്‍ ആഘോഷത്തിനും മുന്നോടിയായി ഫോര്‍ട്ട്കൊച്ചി, കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിന്റെ മഹിതമായൊരു ചരിത്ര പൈതൃകത്തിന്റെ അനന്യവും അനുസ്യൂതവുമായ കൃപാസമൃദ്ധിയിലേക്ക് വീണ്ടും ഉണരുകയാണ് – കൊച്ചി റോമന്‍ കത്തോലിക്കാ രൂപതയുടെ അഞ്ചാമത്ത തദ്ദേശീയ മെത്രാനായി അന്‍പത്തഞ്ചുകാരനായ മോണ്‍. ആന്റണി കാട്ടിപ്പറമ്പില്‍ അഭിഷിക്തനാകുന്നു.
പ്രത്യാശയുടെ മഹത്തായ തീര്‍ഥാടനത്തില്‍, സമകാലിക ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന വിധത്തില്‍ ക്രിസ്തുവിന്റെ സ്നേഹം പ്രഘോഷിക്കുന്ന പുതിയ ഇടയന് ഈ ആഗമനകാലത്തെ കൂടുതല്‍ നിര്‍മലവും വിശുദ്ധവുമാക്കുന്നു. 520 വര്‍ഷം മുന്‍പ്, വിശുദ്ധ കുരിശിന്റെ (സാന്തക്രൂസ്) നാമത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ പട്ടണമാണ് യൂറോപ്യന്‍ രീതിയില്‍ രൂപകല്പന ചെയ്യപ്പെട്ട ഫോര്‍ട്ട്കൊച്ചി.
1503 – 1947 കാലയളവില്‍ 444 വര്‍ഷം മാറിമാറി പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരുന്ന തീരം. ഇങ്ങനെ മൂന്നു യൂറോപ്യന്‍ ശക്തികളുടെ നിയന്ത്രണത്തിലായിരുന്ന രാജ്യത്തെ ഏക തുറമുഖ നഗരമാണ് കൊച്ചി.വാസ്കോ ഡ ഗാമയ്ക്കു പിന്നാലെ ലിസ്ബണില്‍ നിന്ന് 1500 മാര്‍ച്ച് ഒന്‍പതിന് പുറപ്പെട്ട അഡ്മിറല്‍ പേദ്രോ അല്‍വരെസ് കബ്രാളിന്റെ കപ്പല്പ്പടയ്ക്കൊപ്പം എത്തിയ എട്ട് പോര്‍ച്ചുഗീസ് ഫ്രാന്‍സിസ്കന്‍ പ്രേഷിതസന്ന്യാസിമാരില് മൂന്നുപേര്‍ കോഴിക്കോട് തീരത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് 1500 നവംബര്‍ 26ന് കൊച്ചിയിലെത്തിച്ചേര്ന്ന ഫ്രാന്‍സിസ്കന്‍ സംഘത്തിലെ ഗാസ്പര്‍, ഫ്രാന്‍സിസ്കോ ദ ക്രൂസ്, സിമാവോ ദെ ഗുയ്മാരെന്സ്, ലുയീസ് ദൊ സാല്‍വദോര്‍ എന്നിവരാണ് പുതുയുഗസംക്രമത്തില് രാജ്യത്ത് കത്തോലിക്കാ വിശ്വാസത്തിന്റെ വിതയ്ക്കാരാകുന്നത്.
കേരളത്തിലെ പൂര്വക്രിസ്ത്യാനികളുടെ ഒരു പ്രതിനിധി സംഘം 1502 ഡിസംബറില്‍ കൊച്ചിയില്‍ വച്ച് വാസ്കോ ഡ ഗാമയെ കണ്ട് തങ്ങളുടെ പൂര്‍വികനായ നസ്രാണിത്തമ്പുരാന്റെ ചെങ്കോലും രാജപത്രികയും അദ്ദേഹത്തിനു സമര്‍പ്പിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ രാജാവിന്റെ സംരക്ഷണം തേടുന്ന രംഗം ഗുണ്ടര്‍ട്ടിന്റെ ‘കേരളപ്പഴമ’യില്‍ വിവരിക്കുന്നുണ്ട്.
ഫ്രാന്‍സിസ്കന്‍ മിഷനറിമാരുടെ പ്രേരണയാല്‍ തോമാ ക്രിസ്ത്യാനികള്‍ വലിയ തോതില്‍ ലത്തീന്‍ രീതികളിലേക്ക് ആകര്‍ഷിക്കപ്പെട്ടു. പോര്‍ച്ചുഗീസുകാരുടെ ആഗമനകാലത്ത് മെസൊപൊട്ടേമിയയില്‍ നിന്ന് കൊടുങ്ങല്ലൂരിലെത്തിയ മാര്‍ യാക്കോബ് അബൂന എന്ന ‘നെസ്തോറിയന്‍’ മെത്രാപ്പോലീത്ത ഫ്രാന്‍സിസ്കന്‍ സന്ന്യാസിമാരുമായി നല്ല ബന്ധം പുലര്‍ത്തി. ഫ്രാന്‍സിസ്കന്‍ മിഷനറി ഫാ. വിന്‍സെന്റ് ദെ ലാഗോസ് കൊടുങ്ങല്ലൂരില്‍ സ്ഥാപിച്ച സെമിനാരിയില്‍ ലത്തീന്‍ റീത്ത് വൈദിക പരിശീലനത്തിന് സുറിയാനി വൈദികാര്‍ഥികളെ അദ്ദേഹം വിട്ടുകൊടുത്തു
.കൊച്ചിക്കോട്ടയിലെ സാവൊ ബര്‍ത്തലോമിയോ പള്ളിയില്‍ നിന്നു തുടങ്ങി, സാന്താ ക്രൂസ് ദേവാലയവും, സെന്റ് ആന്റണി ആശ്രമവും ദേവാലയവും, കൊച്ചിയിലെ പൗരസമൂഹം വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനു സമ്മാനിച്ച മാദ്രെ ദെ ദേവൂസ് പള്ളിയും, ഈശോസഭയുടെ കോളജും നൊവിഷ്യേറ്റും മലബാര്‍ പ്രോവിന്‍സ് ആസ്ഥാനവും ഗ്രന്ഥശാലയും അച്ചടിശാലയും, ഡോമനിക്കന്‍, അഗസ്റ്റീനിയന്‍, കപ്പൂച്ചിന്‍ സമൂഹങ്ങളുടെ ആശ്രമങ്ങളും കോളജുകളും, സാന്താ കാസാ ദാ മിസെരികോര്‍ദിയ കണ്ഫ്രറ്റേണിറ്റിയുടെ ആശുപത്രിയും അഗതിമന്ദിരവും അനാഥശാലയും, 1511ല്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ പൊതുവിദ്യാലയവും, പോര്‍ച്ചുഗല്‍ രാജാവിനു വേണ്ടി ഓര്‍ഡര്‍ ഓഫ് ക്രൈസ്റ്റ് മേല്‍നോട്ടം വഹിച്ച, കല്ലും കുമ്മായവും കൊണ്ടുള്ള നിര്‍മിതികളുമെല്ലാം ഈ നാടിന്റെ മതാത്മക, സാംസ്കാരിക പരിണാമ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.
ആറുമാസത്തെ ഉപരോധത്തിനൊടുവില്‍ ഡച്ചുകാര്‍ 1663 ജനുവരിയില്‍ കൊച്ചിക്കോട്ട പിടിച്ചെടുത്തപ്പോള്‍, 13 ദേവാലയങ്ങളും ചാപ്പലുകളും കോളജുകളും ആശ്രമങ്ങളും ജസ്യുറ്റ് ലൈബ്രറിയും മെത്രാന്റെ അരമനയും രണ്ട് ആശുപത്രികളും നശിപ്പിക്കപ്പെട്ടു.
സാന്തക്രൂസ് കത്തീഡ്രല്‍ ദേവാലയം ആയുധപ്പുരയാക്കി; 1806ല്‍ ബ്രിട്ടീഷുകാര്‍ അത് സ്ഫോടനത്തില്‍ തകര്‍ക്കുകയും ചെയ്തു. നാല് ഫ്രാന്‍സിസ്കന്‍ സന്ന്യാസിമാര്‍ ഒഴികെ മറ്റെല്ലാ കത്തോലിക്കാ വൈദികരെയും ഡച്ചുകാര്‍ പുറത്താക്കി. ഫ്രാന്‍സിസ്കന്‍ ആശ്രമത്തോടു ചേര്‍ന്നുള്ള പഴയ സെന്റ് ആന്റണി ദേവാലയം പ്രൊട്ടസ്റ്റന്റ് ആരാധനാലയമാക്കി.
1795ല്‍ ബ്രിട്ടീഷുകാര്‍ ഡച്ചുകാരെ തുരത്തിയപ്പോള്‍ അത് ആംഗ്ലിക്കന്‍ പള്ളിയായി നിലനിര്‍ത്തി. 501 വര്‍ഷം മുന്‍പ്, ക്രിസ്മസിന്റെ തലേന്ന് കൊച്ചിയില്‍ അന്തരിച്ച വാസ്കോ ഡ ഗാമയെ അടക്കം ചെയ്ത, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ പലവട്ടം ദിവ്യബലി അര്‍പ്പിച്ചിട്ടുള്ള രാജ്യത്തെ ഏറ്റവും പുരാതനമായ യൂറോപ്യന്‍ പാരമ്പര്യമുള്ള ദേവാലയം, ലന്തപ്പള്ളി എന്നറിയപ്പെടുന്ന സെന്റ് ഫ്രാന്‍സിസ് പള്ളി, ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷണത്തിലുള്ള സിഎസ്ഐ ആരാധനാലയമായി നിലകൊള്ളുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാകെയും ചൈനയിലെ മക്കാവോ, പീക്കിങ്, നാന്‍കിങ് പ്രവിശ്യകളിലും മലാക്കയിലും കിഴക്കന്‍ ആഫ്രിക്കയിലെ മൊസാംബിക്കിലും ജപ്പാനിലെ ഫുനായ് വരെയും അധികാരവിസ്തൃതിയുണ്ടായിരുന്ന ഗോവ അതിരൂപതയുടെ സാമന്ത രൂപതയായി 1557 ഫെബ്രുവരി നാലിന് സംസ്ഥാപിതമായ കൊച്ചി രൂപതയ്ക്ക് കണ്ണൂര്‍ മുതല്‍ കന്യാകുമാരി വരെയും, ബംഗാള്‍ അടക്കം ഇന്ത്യയുടെ കിഴക്കന്‍ തീരം മുഴുവനും, ബര്‍മയും (മ്യാന്മര്) സിലോണും (ശ്രീലങ്ക) ഉള്‍പ്പെടെയുള്ള അതിവിശാലമായ ഭൂപ്രദേശങ്ങളില്‍ അജപാലന, സഭാഭരണ അധികാരമുണ്ടായിരുന്നു.
പഴയ പേപ്പല്‍ കൊണ്കോര്ഡാറ്റ് ഭേദഗതിയിലൂടെയും ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള റോമന്‍ കാര്യാലയത്തില്‍ നിന്നുള്ള ഹയരാര്‍ക്കി പുനഃസംഘടനയുടെ ഭാഗമായും നടന്ന വിഭജനങ്ങള്ക്കൊടുവില്, ഭൂവിസ്തൃതിയില്‍ അത് രാജ്യത്തെ ഏറ്റവും ചെറിയ രൂപതയായി മാറി. എങ്കിലും, ഇന്ത്യയിലെ സുവിശേഷവത്കരണത്തിന്റെയും പ്രേഷിതത്വത്തിന്റെയും ക്രൈസ്തവ കാരുണ്യശുശ്രൂഷയുടെയും സാംസ്കാരിക നവോത്ഥാനത്തിന്റെയും ചരിത്രത്തില്‍ അദ്വിതീയ സ്ഥാനമാണ് കൊച്ചി രൂപയ്ക്കുള്ളത്.
കൊച്ചിയുടെ ആദ്യ മെത്രാനായി ലിസ്ബണില്‍ അഭിഷിക്തനായ ഡോമനിക്കന്‍ സന്ന്യാസി ജോര്‍ജ് തെമൂദോ ഏഴു വര്‍ഷം കഴിഞ്ഞ് ഗോവയിലെ മെത്രാപ്പോലീത്തയായി. ഗോവ അതിമെത്രാസനത്തില് ഒഴിവുണ്ടായാല്‍ കൊച്ചി ബിഷപ് അവിടെ അഡ്മിനിസ്ട്രേറ്ററായി ഭരണച്ചുമതല ഏറ്റെടുക്കണമെന്ന ഗ്രിഗറി പതിമൂന്നാമന്‍ പാപ്പായുടെ ഡിക്രി അനുസരിച്ച് കൊച്ചിയില്‍ നിന്നു പോയ പല പോര്‍ച്ചുഗീസ് മെത്രാന്മാരും ഗോവയില്‍ മെത്രാപ്പോലീത്തമാരായി തുടര്‍ന്ന ചരിത്രമുണ്ട്. കൊച്ചിയിലെ അവസാനത്തെ പോര്‍ച്ചുഗീസുകാരനായ മെത്രാന് ജുസെ വിയേരാ അല്‍വര്‍ണാസ്,
കൊച്ചിയിലെ പ്രഥമ തദ്ദേശീയ മെത്രാന് ഡോ. അലക്സാണ്ടര്‍ എടേഴത്തിനും ആലപ്പുഴയില്‍ ഡോ. മൈക്കള്‍ ആറാട്ടുകുളത്തിനും വഴിയൊരുക്കി 1950 ഡിസംബറില്‍ ഗോവ അതിരൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള ആര്‍ച്ച്ബിഷപ്പായി നിയമിതനാവുകയും 1975 ഫെബ്രുവരി വരെ അവിടെ തുടരുകയും അവസാനത്തെ പോര്‍ച്ചുഗീസ് മെത്രാപ്പോലീത്തയും ഈസ്റ്റ് ഇന്‍ഡീസിന്റെ സ്ഥാനിക പാത്രിയാര്‍ക്കീസുമായി വിരമിക്കുകയുമായിരുന്നു.
ഏഷ്യയുടെ അപ്പസ്തോലന് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദക്ഷിണേന്ത്യയില്‍ സുവിശേഷപ്രവര്‍ത്തനം നടത്തിയ പശ്ചിമതീരത്തെയും കിഴക്കന്‍ തീരത്തെയും പ്രധാന മേഖലകളെല്ലാം കൊച്ചി രൂപതയുടെ കീഴിലായിരുന്നു. പ്രേഷിതയാത്രകള്‍ക്കിടയില്‍ വിശുദ്ധന് കൊച്ചിയില്‍ 120 ദിവസം ചെലവഴിച്ചു. നാമകരണ നടപടികളുടെ ഭാഗമായി പരിശോധിക്കപ്പെട്ട വിശുദ്ധന്റെ സുകൃതജീവിതത്തിലെ നിരവധി അദ്ഭുത സംഭവങ്ങളാണ് ഈ മേഖലയില്‍ നിന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യയിലെ അല്മായരുടെ മധ്യസ്ഥനായി ലെയോ പാപ്പാ അടുത്തകാലത്ത് ഉയര്‍ത്തിയ വിശുദ്ധ ദേവസഹായം തമിഴ്നാട്ടിലെ തിരുനല്‍വേലിക്കടുത്ത് കൊച്ചി രൂപതയുടെ ഭാഗമായിരുന്ന വടക്കന്‍കുളത്ത് വിശുദ്ധ ജോണ്‍ ഡി ബ്രിട്ടോ സ്ഥാപിച്ച തിരുകുടുംബ ദേവാലയത്തിലാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. അരല്വായ്മൊഴിയിലെ കാറ്റാടിമലയില്‍ ദേവസഹായം രക്തസാക്ഷിത്വം വരിച്ച വിവരം അറിഞ്ഞ ഉടന്‍ കൊച്ചി രൂപതയിലെ എല്ലാ പള്ളികളിലും കൂട്ടമണിയടിച്ച് ‘തെദേവും’ ആലപിക്കാന്‍ അഞ്ചുതെങ്ങ് പരിശുദ്ധാരൂപിയുടെ ദേവാലയത്തില്‍ താമസിച്ചിരുന്ന കൊച്ചി രൂപതയുടെ പോര്‍ച്ചുഗീസുകാരനായ ജസ്യുറ്റ് മെത്രാന് ഡോം ക്ലെമെന്സ് ജുസെ കൊലാസൊ ലെയ്ത്തോ കല്പനയിറക്കുകയും, നവാഗതനായ ആ അല്മായ രക്തസാക്ഷിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കോട്ടാറിലെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രത്തിലെ പ്രധാന അള്‍ത്താരയ്ക്കു മുമ്പില്‍ അടക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തത് ചരിത്രമാണ്.
ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് ബിഷപ് ക്ലെമെന്സ് റോമില്‍ സമര്‍പ്പിച്ച ആദ് ലീമിന റിപ്പോര്‍ട്ടാണ് നാമകരണത്തിനായി വത്തിക്കാന്‍ അംഗീകരിച്ച പ്രാഥമിക ചരിത്രരേഖ.പോര്‍ച്ചുഗല്‍ രാജാവ് ഡോം പേദ്രോ രണ്ടാമന്റെ കളിത്തോഴനായി ലിസ്ബണിലെ രാജകൊട്ടാരത്തില്‍ വളര്‍ന്ന പ്രഭുകുമാരനായ ജോണ്‍ ഡി ബ്രിട്ടോ ജസ്വിത്തരുടെ മധുര മിഷനില്‍ അരുളാനന്ദര്‍ എന്ന പേരില്‍ പണ്ടാരസ്വാമിയായി പ്രേഷിതവേല ചെയ്ത്, കൊറമാണ്ടല്‍ തീരത്ത് മറവന്മാരുടെ നാട്ടുരാജ്യത്തെ ഒരിയൂരില് ശിരച്ഛേദം ചെയ്യപ്പെട്ട് രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.
ജോണ്‍ ബ്രിട്ടോ കൊച്ചിയിലെ ജസ്യൂറ്റ് കേന്ദ്രത്തില്‍ നിന്നാണ് മധുരയിലേക്കു പോയത്. ശ്രീലങ്കയുടെ മധ്യസ്ഥനായ, ഗോവയിലെ വിശുദ്ധ ഫിലിപ് നേരിയുടെ ഓറട്ടറി സ്ഥാപകന്‍ വിശുദ്ധ ജോസഫ് വാസ് ഡച്ചുകാരുടെ നിരോധനാജ്ഞയെ മറികടന്ന് കാന്‍ഡി കേന്ദ്രീകരിച്ച് സുവിശേഷപ്രവര്‍ത്തനം ചെയ്യുമ്പോള്‍ 1696-ല്‍ കൊച്ചി ബിഷപ് സിലോണ്‍ മുഴുവന്‍ അധികാരമുള്ള തന്റെ വികാരി ജനറലായി അദ്ദേഹത്തെ നിയമിക്കുകയുണ്ടായി.
‘ചൈനയ്ക്കും പാശ്ചാത്യലോകത്തിനുമിടയില്‍ സൗഹൃദത്തിന്റെ പാലം സ്ഥാപിച്ച് ചൈനീസ് സംസ്കാരത്തിന് ഇണങ്ങും വിധം ക്രൈസ്തവ സന്ദേശത്തിന്റെ സാധുവായ മാതൃക അവതരിപ്പിച്ച’ ഇറ്റാലിയന്‍ ജസ്യുറ്റ്, ധന്യനായ മത്തെയോ റിച്ചി ഫോര്‍ട്ട്കൊച്ചി സാന്തക്രൂസ് ബസിലിക്കയിലാണ് വൈദികപട്ടം സ്വീകരിച്ചത്. ഇടക്കൊച്ചി സെന്റ് ലോറന്‍സ് ഇടവകയില്‍ 33 വര്‍ഷം വികാരിയായി സേവനം ചെയ്ത ദൈവദാസന് ലോറന്‍സ് പുളിയനത്തിന്റെ പുണ്യസുകൃതങ്ങളും ഇതോടൊപ്പം അനുസ്മരിക്കാം.
കേരളസഭയുടെയും സമൂഹത്തിന്റെയും ചരിത്രത്തിലെ പ്രധാന വഴിത്തിരിവുകളിലൊന്നായ ഉദയംപേരൂര്‍ സൂനഹദോസിന്റെയും – ഗോവയിലെ അഗസ്റ്റീനിയന്‍ ആര്‍ച്ച്ബിഷപ് ഡോം അലക്സിയോ ദെ മെനേസിസ് 1599 ജൂണില്‍ വിളിച്ചുചേര്‍ത്തത് – അതിന്റെ അനന്തരഫലമെന്നോണം മട്ടാഞ്ചേരിയില്‍ 1653ല്‍ നടന്ന കൂനന്‍കുരിശ് ശപഥത്തിന്റെയും ഭൂമികയില്‍ കൊച്ചി രൂപതയുമുണ്ട്. റോമില്‍ നിന്ന് പാപ്പാ അനുരഞ്ജനദൗത്യവുമായി മലബാറിലേക്ക് അയച്ച കര്‍മലീത്താ കമ്മിസറിയും പ്രഥമ വികാരി അപ്പസ്തോലിക്കയുമായ ഇറ്റാലിയന്‍ ബിഷപ് ജോസഫ് മരിയ സെബസ്ത്യാനി കൊച്ചിയിലെ പോര്‍ച്ചുഗീസ് വാഴ്ചയുടെ അന്ത്യഘട്ടത്തില്‍ കൊച്ചിക്കോട്ടയില്‍ നിന്നാണ് തെറ്റിപ്പിരിഞ്ഞുപോയ സുറിയാനി ഇടവകക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിയത്.
കോട്ട കീഴടക്കിയ ഡച്ചുകാര്‍ ബിഷപ് സെബസ്ത്യാനി അടക്കമുള്ള കത്തോലിക്കാ പുരോഹിതരെയെല്ലാം പുറത്താക്കിയപ്പോഴും, സെബസ്ത്യാനിയുടെ സംഘത്തിലുണ്ടായിരുന്ന മത്തേവൂസ് പാതിരി എന്ന ഇറ്റാലിയന്‍ കര്‍മലീത്താ സസ്യശാസ്ത്ര വിശാരദന് ഡച്ച് ഗവര്‍ണര്‍ വാന്‍ റീഡിന്റെ സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റി ഫോര്‍ട്ട്കൊച്ചിയിലെ ഓടത്തയില് ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന ലത്തീന്‍ ഭാഷയിലെ ബൃഹദ്ഗ്രന്ഥപരമ്പരയുടെ രചനയില്‍ മുഖ്യ പങ്കാളിയായി കേരളത്തിലെ ഔഷധസസ്യ സാംപിളുകളുടെ ശേഖരമൊരുക്കിയത് മറ്റൊരു ഉപാഖ്യാനമാണ്.
.പ്രേഷിതത്വത്തിന്റെയും കാരുണ്യശുശ്രൂഷയുടെയും ചരിത്ര പൈതൃകത്തിന്റെ നവീന സാക്ഷാത്കാരം ഇന്നത്തെ ലോകത്തിനു മുമ്പാകെ എത്ര ജീവസ്സുറ്റതാക്കാം എന്നു കൊച്ചി രൂപത കാണിച്ചുതരുന്നു. രൂപതയിലെ ഓരോ ഇടവകയിലും ഒരു സന്ന്യസ്തഭവനമെങ്കിലും വേണം എന്നു നിശ്ചയിച്ച ക്രാന്തദര്‍ശിയായ ബിഷപ് ജോസഫ് കുരീത്തറ രൂപതയെ വൈവിധ്യമാര്‍ന്ന കാരിസവും ആധ്യാത്മിക പാരമ്പര്യവും സേവനവൈദഗ്ധ്യവുമുള്ള സന്ന്യാസിനീസന്ന്യാസ സമൂഹങ്ങളുടെ ഇന്റര്‍നാഷണല്‍ ഹബ്ബാക്കി മാറ്റി.
1964ലെ ക്രിസ്മസ് കാലത്ത് റോമില്‍ നിന്ന് ക്രെമോണയിലേക്കുള്ള ട്രെയിനില്‍ യാത്രയില്‍ പരിചയപ്പെട്ട സ്കാന്തിച്ചിയിലെ ഇന്സ്തിത്തൂത്തോ സൊരെല്ലെ അപ്പൊസ്തോലെ ദെല്ല കൊണ്‍സൊലാത്ത സമൂഹത്തിന്റെ സ്ഥാപക മദര്‍ ക്വിന്തില്ല സോലിയോ, ഇന്ത്യയില്‍ നിന്ന് അര്‍ഥിനികളെ കിട്ടുമോ എന്നു തന്നോടു ചോദിച്ചതും, നിഗൂഢമായ ദൈവിക പദ്ധതിയില്‍ ആ മദര്‍ വഴി ഡോമനിക്കന്‍ റോസറി സമൂഹത്തിലെ മദര്‍ റോസയെ പരിചയപ്പെട്ടതും, 1969ല്‍ കൊച്ചിയില്‍ നിന്ന് 20 അര്‍ഥിനികളെ ഇറ്റലിയിലെ ഡോമനിക്കന്‍ കോണ്ഗ്രിഗേഷന് സ്വീകരിച്ചതും ബിഷപ് കുരീത്തറ ഇറ്റാലിയന്‍ സന്ന്യസ്തസമൂഹങ്ങളുടെ ആഗമനത്തിന്റെ ചരിത്രാഖ്യാനത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. നിരവധി ഇറ്റാലിയന്‍ സന്ന്യസ്ത സമൂഹങ്ങളുടെ കടന്നുവരവ് ആധ്യാത്മിക, സാമൂഹിക രംഗങ്ങളില്‍ സൃഷ്ടിച്ച മുന്നേറ്റം വളരെ വലുതാണ്
.കൊച്ചി രൂപതയുടെ 36-ാമത്തെ മെത്രാനായി ഡോ. ആന്റണി കാട്ടിപ്പറമ്പില്‍ അഭിഷിക്തനാകുമ്പോള്‍, ആധ്യാത്മിക പാരമ്പര്യത്തില്‍ ആഴത്തിലുള്ള വേരുകളും സൃഷ്ടിപരമായ ധൈര്യവും ഉള്‍ക്കൊള്ളുന്ന നവീകരണത്തിലേക്കുള്ള പുതിയൊരു അധ്യായം ആരംഭിക്കുകയാണ്. ആത്മാവിന്റെ പരിവര്‍ത്തന ശക്തിയാല്‍, കാരുണ്യത്തോടെയും സന്തോഷം നിറഞ്ഞ രീതിയിലും ലോകത്തിലേക്ക് ക്രിസ്തുവിന്റെ വെളിച്ചം കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയട്ടെ!

