കൊല്ലം : ലഹരിവിപത്തിനെതിരെ സമൂഹത്തിന് മുന്നറിയിപ്പ് നൽകി ജനങ്ങളെ ജാഗരൂകരാക്കുന്നതിനു വേണ്ടി കെസിബിസി മദ്യവിരുദ്ധ സമിതി രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ സമാരംഭിച്ച ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ മാസാചരണം സമാപിച്ചു.
സമാപനത്തിൻ്റെ ഭാഗമായി തങ്കശ്ശേരി മൗണ്ട് കാർമൽ ചാപ്പലിൽ നടന്ന ദിവ്യബലിക്ക് കൊല്ലം രൂപത വികാർ ജനറൽ മൊൺ. ബൈജു ജൂലിയാൻ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്നു നടന്ന ലഹരിവിരുദ്ധ യോഗത്തിൽ സമിതി പ്രസിഡൻറ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. മൊൺ. ബൈജു ജൂലിയാൻ ലഹരിവിരുദ്ധ സന്ദേശം നൽകി.
നാടിൻറെ സമസ്ത മേഖലകളിലെയും തകർത്തു കൊണ്ട് മുന്നേറുന്ന ലഹരി വിപത്തിനെതിരെ വിശ്വാസ സമൂഹം പ്രേഷിത സജ്ജരായി മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. മദ്യവ്യാപാരത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ ജനങ്ങളുടെ ആരോഗ്യത്തെ പണയപ്പെടുത്തുന്ന തെറ്റായ നയങ്ങളും തീരുമാനങ്ങളും അവസാനിപ്പിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എ ജെ ഡിക്രൂസ്, മദർ സുപ്പീരിയർ സിസ്റ്റർ എൽസി പോൾ, പ്രിൻസിപ്പൽ സിസ്റ്റർ ജി.സൂസി, സിസ്റ്റർ മാർഗ്രറ്റ്, സിസ്റ്റർ മെറീന, രൂപതാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

