സാവോപ്പോളോ: ബ്രസ്സിലിലെ നോസ്സ സെൻഹോറ ഡ ഗ്ലോറിയ ഇടവകയില്‍ അംഗങ്ങളായ 1200 പേരാണ് ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത്. നവംബർ 15 ശനിയാഴ്ച രണ്ടു ഘട്ടങ്ങളിലായിട്ടാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. സിയേറ ഇവന്റ്സ് സെന്ററിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തിയത്.
ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു സ്ഥൈര്യലേപന കൂദാശയുടെ ആദ്യ ആഘോഷം നടന്നത്. നോസ്സ സെൻഹോറ ഡാ കോൺസീസാവോ വികാരി ഫാ. ജോവോ ബാറ്റിസ്റ്റയുടെ അധ്യക്ഷതയിൽ നടന്ന ദിവ്യബലി മധ്യേ യുവജനങ്ങളും മുതിര്‍ന്നവരും അടക്കം 589 പേര് സ്ഥിരീകരണ കൂദാശ സ്വീകരിച്ചു.
ഫോർട്ടലേസയിലെ ആർച്ച് ബിഷപ്പ് മിസ്റ്റർ ഗ്രിഗോറിയോ പൈക്സോയുടെ കാര്‍മ്മികത്വത്തില്‍ നടന്ന രണ്ടാം ഘട്ടത്തില്‍ 608 പേരാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. സ്ഥൈര്യലേപന കൂദാശയ്ക്കായി ഇത്രയും പേരെ ഒരുക്കാന്‍ 140 മതബോധന അധ്യാപകരാണ് കഴിഞ്ഞ നാളുകളില്‍ പ്രവര്‍ത്തിച്ചത്.
ഓരോ കൂദാശയും സുവിശേഷവൽക്കരണത്തിനും വിശ്വാസത്തിന്റെ പുതുക്കലിനുമുള്ള അവസരമായി കാണുകയാണെന്നും നോസ്സ സെൻഹോറ ഡ ഗ്ലോറിയ ഇടവകയുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ കാതൽ ഇതാണെന്നും ഇടവക വികാരിയായ ഫാ. ഹെലനോ സാമി പറഞ്ഞു.
സ്ഥൈര്യലേപനം സ്വീകരിക്കുന്നതിന് മുന്‍പായി ഓരോരുത്തരും കുമ്പസാരിച്ചും പ്രാര്‍ത്ഥിച്ചും ഒരുക്കങ്ങള്‍ നടത്തിയിരിന്നു. പരിഹാര ആഴ്ച എന്ന പേരില്‍ നടത്തിയ കുമ്പസാര വാരത്തില്‍ അനുതാപത്തോടെ ഓരോരുത്തരും അനുരജ്ഞന കൂദാശ സ്വീകരിച്ചു.
ഇതിനു ശേഷമാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. കത്തോലിക്കാ സഭയെ സ്വീകരിക്കാൻ തീരുമാനിച്ച മറ്റ് മതപാരമ്പര്യങ്ങളിൽ നിന്നുള്ള ആളുകളുടെ വിശ്വാസത്തിന്റെയും പരിവർത്തനത്തിന്റെയും സാക്ഷ്യമാണ് തങ്ങള്‍ ചടങ്ങില്‍ കണ്ടെതെന്നും ഫാ. ഹെലനോ സാമി അനുസ്മരിച്ചു.

