ഒഡിഷ: കട്ടക്ക്-ഭുവനേശ്വർ (ഇന്ത്യ) മെത്രാപ്പോലീത്തൻ അതിരൂപതയുടെ സഹായ മെത്രാനായി, മോൺസിഞ്ഞോർ രബീന്ദ്ര കുമാർ രണസിംഗിനെ, നവംബർ മാസം ഇരുപത്തിരണ്ടാം തീയതി, ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.
ക്രിസ്തു ജ്യോതി മഹാവിദ്യാലയ ദൈവശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡീനായി സേവനം അനുഷ്ഠിച്ചുവരവെയാണ്, പുതിയ ദൗത്യത്തിനായി, മോൺസിഞ്ഞോർ രബീന്ദ്ര കുമാർ തിരഞ്ഞെടുക്കപ്പെടുന്നത്. കിഴക്കൻ ഇന്ത്യയിലെ ഒറീസ്സ സംസ്ഥാനത്തെ ബൗദ്, കട്ടക്ക്, കന്ധമാൽ, കേന്ദ്രപാര, ഖുർദ, ജഗത്സിംഗ്പൂർ, ജാജ്പൂർ, നയാഗർ, പുരി എന്നീ ഒമ്പത് സിവിൽ ജില്ലകൾ അടങ്ങുന്നതാണ് കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപത.
1937-ൽ, കട്ടക്ക് മിഷനെ ഒരു രൂപതയായി ഉയർത്തുകയും, തുടർന്ന്, 1974 ൽ അതിരൂപതയായി ഉയർത്തുകയും ചെയ്തു.1972 ജൂലൈ 9 ന് ജനിച്ച മോൺസിഞ്ഞോർ രബീന്ദ്ര കുമാർ പൂനെയിലെ പേപ്പൽ സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്രവും സാസോണിലെ ക്രിസ്തോ ജ്യോതി മഹാവിദ്യാലയത്തിൽ നിന്ന് ദൈവശാസ്ത്രവും പൂർത്തിയാക്കി.
ബീഹാറിലെ ഭഞ്ചയിലെ ബെർഹാംപൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും, ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും പൂർത്തിയാക്കുകയും, റോമിലെ പൊന്തിഫിക്കൽ ഉർബാനിയ സർവകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്
.2001 മാർച്ച് 18 ന് കട്ടക്ക്-ഭുവനേശ്വർ അതിരൂപതയ്ക്കായി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളിലും, സ്ഥാപനങ്ങളിലും സേവനം ചെയ്ത അദ്ദേഹം, ബല്ലിഗുഡയിലെ സെന്റ് പോൾസ് മൈനർ സെമിനാരിയുടെ റെക്ടർ, സാസൊണിലെ ക്രിസ്തോ ജ്യോതി മഹാവിദ്യാലയത്തിലെ പ്രൊഫസർ, ഡീൻ എന്നീ നിലകളിലും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

