കൊച്ചി: പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ട് കേസ് ഗൂഢാലോചനയിൽ വിശദമായ അന്വേഷണത്തിന് എൻഐഎ. കേസിൽ നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൂടുതൽ അംഗങ്ങൾക്ക് പങ്കുണ്ടോ എന്നാണ് എൻഐഎ യുടെ പരിശോധന . അറസറ്റിലായ കേസിലെ മുഖ്യപ്രതിയായ സവാദിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചനകളാണ് ഗൂഢാലോചന അന്വേഷണം വ്യാപിപ്പിക്കാൻ എൻഐഎയ്ക്ക് ലഭിച്ച പ്രേരണ .
പ്രൊഫ .ടിജെ ജോസഫിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ സവാദ് തമിഴ്നാട്ടിലും കേരളത്തിലുമായാണ് ഒളിവിൽ കഴിഞ്ഞത്. ഇയാൾക്ക് താമസിക്കാനും ജോലി കണ്ടെത്താനും പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ പിന്തുണ ലഭിച്ചിരുന്നെന്നാണ് എൻഐഎ യ്ക്ക് കിട്ടുന്നവിവരം .
ഇത്തരം വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ തുടരന്വേണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചിയിലെ പ്രത്യേക കോടതിയിൽ എൻഐഎ വ്യാഴാഴ്ച അപേക്ഷ നൽകി. എൻഐഎയുടെ അപേക്ഷ കോടതി സ്വീകരിച്ചു.
2010 ജൂലെ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകൻ ആയിരുന്ന പ്രൊഫ. ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. മുഖ്യപ്രതി സവാദ് ആയിരുന്നു അധ്യാപകന്റെ വലത് കൈപ്പത്തി വെട്ടിമാറ്റിയത്.

