ലേഖനം / ഫാ. ജോൺസൻ പുത്തൻവീട്ടിൽ
ലോകമെമ്പാടുമുള്ള മത്സ്യത്തൊഴിലാളികളുടെയും മത്സ്യകർഷകരുടെയും പ്രാധാന്യം, ആരോഗ്യകരമായ സമുദ്ര ആവാസവ്യവസ്ഥയുടെ ആവശ്യകത, മത്സ്യസമ്പത്തിന്റെ സുസ്ഥിരത എന്നിവയെക്കുറിച്ച് അവബോധം വളർത്തുക.
ഇന്ത്യയിൽ ഈ വർഷത്തെ പ്രധാന വിഷയം ” ഇന്ത്യയുടെ ബ്ലൂ ട്രാൻസ്ഫോർമേഷൻ: സമുദ്രോത്പന്ന കയറ്റുമതിയിലെ മൂല്യവർദ്ധനവ് ശക്തിപ്പെടുത്തുന്നു” (India’s Blue Transformation: Strengthening Value Addition in Seafood Exports) എന്നതാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം, സമുദ്രസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം, അമിത മത്സ്യബന്ധനം പോലുള്ള പ്രശ്നങ്ങൾ എന്നിവ ഈ ദിവസം ചർച്ചചെയ്യപ്പെടുന്നു.
” ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല, പക്ഷേ നിന്റെ വാക്കു കേട്ട് ഞാൻ വല ഇറക്കാം ” (ലൂക്കാ 5/5) എന്നതാണ് കത്തോലിക്കാ സഭ ഈ ദിനത്തിനായെടുത്ത ആപ്തവാക്യം. പ്രത്യാശ കൈവിടരുതെന്ന യേശുവിന്റെ ക്ഷണത്തിന് പത്രോസിന്റെ മറുപടിയാണത്. ജോലി ഫലം കാണാതെ വരികയും ശക്തി മങ്ങാൻ തുടങ്ങുകയും ചെയ്യുമ്പോൾ, യേശു അപ്പോസ്തലന്മാരോട് വീണ്ടും പുറപ്പെട്ട് വല താഴ്ത്താൻ ആവശ്യപ്പെടുന്നു. വിശ്വസിച്ചുകൊണ്ട് അപ്പോസ്തലന്മാർ അനുസരിക്കുന്നു. “ഇതാണ് മത്സ്യത്തൊഴിലാളികൾ എല്ലാ ദിവസവും ചെയ്യുന്നത്. അവർ പ്രതീക്ഷയോടെ വല ഇറക്കുന്നു.”
കടലുമായി ബന്ധപ്പെട്ട മേഖലകളിലെ അജപാലനകാര്യങ്ങൾ ക്രോഡീകരിക്കുന്നതിനായി കടലിലെ അജപാലനപ്രവർത്തനം Opus Apostolatus Maris നവംബർ 13 ന് ലിയോ പാപ്പാ ഒപ്പുവച്ചു രേഖ പുറത്തുവിടുകവഴി സമഗ്രമാനവവികസനത്തിനുള്ള ഡികാസ്റ്ററിയുടെ ഭാഗമായ ഈ ഘടനയക്ക് കാനോനിക നിയമപ്രകാരമുള്ള നൈയാമിക വ്യക്തിത്വം ലഭിച്ചുവെന്നതും ഈ ദിനത്തിൽ എടുത്തുപറയാവുന്നതാണ്.
ആലപ്പുഴ, കാട്ടൂർ ചെറിയപൊഴിയിൽ നിന്നു നവംബർ 10ന് ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ നഷ്ടമായ ജോസഫ് കറുകപ്പറമ്പിൽ (സുനി) യുടെ ശരീരം ഇനിയും കണ്ടുകിട്ടാതെ വിലപിക്കുന്ന കുടംബം ഈ ദിനത്തിന്റെ നൊമ്പരമായി മുന്നിലുണ്ട്.
ഒക്ടോബർ ആദ്യആഴ്ചയിൽ കപ്പലിൽ നിന്നു, കടലിൽ വീണു ജീവൻ നഷ്ടമായ ചെല്ലാനം, സേവ്യർദേശ് സ്വദേശിയായ എഡ്വിൻ ഗ്രേഷ്യസ് (അമൽ) എന്ന 27 വയസ്സുകാരന്റെ ശരീരം നിയമനടപടിക്രമങ്ങൾക്കുംശേഷം കുടുംബത്തിന്റെയും ഭാര്യയുടെയും വിലാപത്തിനുമുമ്പിലേക്ക് ഭവനത്തിലേക്ക് ഇന്നാണ് എത്തിചേരുന്നതെന്നും ഈ ദിനത്തിന്റെ തീരത്തിന്റെ കദനഭാരം കൂട്ടുന്നുവെന്നതും ആശ്വാസത്തിന്റെ തീരം തേടുന്ന കടലോരവാസിക്കത് അന്യമാകുന്നെഎന്ന സത്യമാണ് വെളിപ്പെടുന്നത്.
കടലിലെ മത്സ്യലഭ്യത കുറയുന്നത്, മത്സ്യബന്ധനത്തിനായുള്ള ചിലവ് വർദ്ധിക്കുന്നത്, മത്സ്യബന്ധനതീരങ്ങൾ ടൂറിസം മേഖല അപഹരിക്കുന്നത്, മത്സ്യബന്ധനത്തിൽ നിന്നും പരമ്പരാഗതതൊഴിൽ കുടുംബങ്ങളിൽ നിന്നുള്ള യുവതലമുറ ചുവടുമാറ്റുന്നത്, തുടർച്ചയായ അപകടങ്ങളും കടലിൽ ജീവൻ നഷ്ടപ്പെടുന്നതും, കടലിലെ കപ്പൽ അപകടങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിൽ ഉപകരണങ്ങൾക്കും വരുത്തുന്ന നഷ്ടങ്ങൾ, തുടർച്ചയായ ന്യൂനമർദ്ദത്താൽ കടലിൽ പൊകാൻപറ്റാത്ത അവസ്ഥ, മലയോരത്തും വനവാസിക്കും കിട്ടുന്ന ക്ഷേമകാര്യങ്ങളും ഇൻഷൂറൻസ് പരിരക്ഷയും അതേ പരിഗണനയിൽ തീരത്തു ലഭ്യമാകാത്തത്, കടലിലെ കാറ്റിലും മഴയിലും കടൽക്ഷോഭത്തിലും ജീവനും തൊഴിലും നഷ്ടമാകുന്നത് പ്രകൃതിദുരന്തങ്ങളിൽ ഇനിയും കേന്ദ്ര ഗവൺമെന്റ് പെടുത്താത്ത്, ജെ.ബി. കോശി കമ്മീഷൻ കണ്ടെത്തിയ മത്സ്യത്തൊഴിലാളി ക്ഷേമകാര്യങ്ങൾ കേരള ഗവൺമെന്റ് നടപ്പാക്കാത്തത് ഇങ്ങിനെ എണ്ണിതീർക്കാനാവാത്ത തിരമാലപോലെ തീരത്തിന്റെ നൊമ്പരങ്ങൾ ഉള്ളിൽ ആർത്തിരമ്പുന്നുണ്ട്.
ഉടനെ നടക്കാൻപോകുന്ന തിരഞ്ഞെടെപ്പ് രാഷ്ട്രീയത്തിലും തീരവാസിക്കു അർഹമായതും നീതിപൂർവം നൽകേണ്ടതുമായ സ്ഥാനങ്ങൾ നിലനിൽപ്പിന്റെയും വെച്ചുമാറലിന്റെയും സന്തുലിതാവാസ്ഥാ നിലപാടുകളുടെയും പേരിൽ മാറ്റിനിർത്തലും ഒഴിവാക്കപ്പെടലും വ്യക്തമാണ്. ഇതിൽ ഇടതു വലതു പക്ഷവ്യത്യാസമില്ലാതെ മത്സരബുദ്ധിയോടെ തീരദേശത്തോട് അവഗണനയും അനീതിയും കാണിക്കുന്നുവെന്നത് തെളിവോടെ സമർത്ഥിക്കാൻ സാധിക്കും. എന്നും എക്കാലവും തീരദേശത്തിന്റെ സ്വരം അവരുടെ കുടുംബങ്ങളിൽ നിന്നും സംഘടനാ രാഷ്ട്രീയത്തിലോ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലോ ഉയരരുതെന്നു തീരമാനമെടുക്കുന്ന മേൽക്കോയ്മ രാഷ്ടീയത്തിന്റെ ഇരകളായിരിക്കുന്ന തീരദേശവും ഇന്നത്തെ ചിന്തയിൽ ഉയരുന്നുണ്ട്. അതുകൊണ്ടു തന്നെ CRZ വിഷയവും Blue Economy യും കടൽമണൽ ഘനനവും തീരദേശ വികസനമെന്ന പേരിലുള്ള അശാസ്ത്രീയമായ സ്ഥലമെടുപ്പുമെല്ലാം നടത്തി പലായനത്തിന്റെ മുനമ്പിലേക്ക് മത്സ്യത്തൊഴിലാകളെത്തി നിൽക്കുമ്പോൾ അവർക്കായി തദ്ദേശ-നിയമ-പാർലമെന്റ് ഭരണസഭകളിൽ ശബ്ദമാകാനും രൂപമാകാനും പറ്റുന്ന ആണൊരുത്തനെയും പെണ്ണൊരുത്തിയേയും വളർത്തിയിട്ടില്ല എന്നതും ഈ ദിനത്തിന്റെ ഓർമയായി വരുന്നു.
ഇനിയും ദിനങ്ങൾ ആചരിച്ചും ആശംസിച്ചും ആശ്വസിച്ചും പൊകണമോ, അതോ കാലത്തിന്റെ വെല്ലുവിളികളോട് ക്രീയാത്മകായും പഠനപരമായും ചരിത്രപരമായും പ്രതികരിക്കാൻ പുതുതലമുറയെ ശക്തമാക്കണമോ എന്നത് ചോദ്യമായ് ഉള്ളിൽ ഉയരുമ്പോൾ കടലിനെയും കായലിനെയും മത്സ്യത്തൊഴിലാളികളെയും ഓർത്ത് എല്ലാവർക്കും ഈ ദിനത്തിന്റെ ആശംസകൾ

