തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങൾ ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നവംബർ 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്തു.
പരമ്പരാഗതമായ അറിവുകളിലും മൂല്യങ്ങളിലും ഊന്നിക്കൊണ്ടുള്ള ആധുനിക വിദ്യാഭ്യാസമാണ് കേരളം ലക്ഷ്യമാക്കേണ്ടതെന്ന് ഗവർണർ പറഞ്ഞു. ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള പൗരൻമാരെ സൃഷ്ടിക്കാൻ, കുട്ടികളുടെ സ്വഭാവ രൂപീകരണം, ദേശീയ ബോധം എന്നിവയ്ക്കും ഉന്നതവിദ്യാഭ്യാസം പ്രാധാന്യം നല്കണം.
വികസിതഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന രാജ്യത്തിന് പിന്തുണ നല്കേണ്ടത് വിദ്യാർത്ഥി സമൂഹമാണെന്നും തൊഴിൽദാതാക്കളെ സൃഷ്ടിക്കുവാൻ ഉതകുന്നതാവണം മരിയൻ പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസപദ്ധതികളെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
കഴക്കൂട്ടം മരിയൻ എഡ്യൂസിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ മരിയൻ എഞ്ചിനിയറിംഗ് കോളേജിന്റെ സ്ഥാപക രക്ഷാധികാരിയായഡോ. സൂസപാക്യം, തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപോലീത്ത ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ബിഷപ്പ് ഡോ. ക്രിസ്തുദാസ് രാജപ്പൻ, മാനേജർ ഫാ. ഡോ. എ. ആർ. ജോൺ, പ്രിൻസിപ്പൽ ഡോ. അബ്ദുൾ നിസാർ, ടാറ്റ എലിക്സിയുടെ സെന്റർ ഹെഡും ജിടെക് സെക്രട്ടറിയുമായ ശ്രീ കുമാർ വി. എന്നിവരും പങ്കെടുത്തു.

