വത്തിക്കാൻ: സൃഷ്ടിയുടെ ജീവിക്കുന്ന പ്രതീകമായ ആമസോൺ മേഖലയെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തരാവശ്യം വ്യക്തമാക്കി പാപ്പാ. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനമായ കോപ്പ് 30, ബ്രസീലിലെ ബെലെമിൽ നടക്കുന്ന അവസരത്തിലാണ് പാപ്പായുടെ സന്ദേശം .ബെലേമിലെ ആമസോണിയൻ മ്യൂസിയത്തിൽ ഒത്തുകൂടിയ ആഗോള ദക്ഷിണ മേഖലയിലെ, പ്രാദേശിക സഭകൾക്കാണ് പാപ്പാ, വീഡിയോ സന്ദേശമയച്ചത് .
ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ആഗോള സമൂഹത്തിനു രൂപം നൽകുവാൻ, നിരാശയ്ക്കുമേൽ, പ്രത്യാശയുടെയും, പ്രവർത്തനങ്ങളുടെയും വഴിയാണ് തിരഞ്ഞെടുക്കപെട്ടതെന്നും, അത് പുരോഗതിയുണ്ടാക്കിയെങ്കിലും, ഇനിയും ഏറെ പുരോഗതി കൈവരിക്കുവാനുണ്ടെന്നും പാപ്പാ പറഞ്ഞു. വാക്കുകളിലും അഭിലാഷങ്ങളിലും മാത്രമല്ല, മൂർത്തമായ പ്രവർത്തനങ്ങളിലും, പ്രതീക്ഷയും ദൃഢനിശ്ചയവും പുതുക്കണമെന്നും സന്ദേശത്തിൽ പാപ്പാ ആഹ്വാനം ചെയ്തു.
വെള്ളപ്പൊക്കത്തിലും, വരൾച്ചയിലും, കൊടുങ്കാറ്റിലും, നിരന്തരമായ ചൂടിലും ഇന്ന് സൃഷ്ടിയുടെ രോദനം കേൾക്കുന്നുവെന്നും, ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം മൂന്നിൽ ഒരാൾ ലോകത്ത്, ഇന്ന് പ്രതിസന്ധിയിൽ കഴിയുന്നുവെന്നും പാപ്പാ അനുസ്മരിച്ചു. ഈ ആളുകളെ അവഗണിക്കുന്നത് നമ്മൾ പങ്കിട്ട മാനവികതയെ നിഷേധിക്കുന്നതിന് തുല്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ആഗോള താപനിലയിലെ വർദ്ധനവ് 1.5°C യിൽ താഴെയായി നിലനിർത്താൻ ഇനിയും സമയമുണ്ടെങ്കിലും, അതിനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ദൈവത്തിന്റെ സൃഷ്ടിയുടെ കാര്യസ്ഥർ എന്ന നിലയിൽ, അവൻ നമ്മെ ഏൽപ്പിച്ച ദാനങ്ങൾ വിശ്വസ്തതയോടെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വവും പാപ്പാ എടുത്തു പറഞ്ഞു.
പാരീസ് ഉടമ്പടി യഥാർത്ഥ പുരോഗതിക്ക് കാരണമായിട്ടുണ്ടെങ്കിലും, ഈ കരാറിനോട് സത്യസന്ധത പുലർത്തുവാൻ പാപ്പാ ഏവരെയും ക്ഷണിച്ചു. അല്ലാത്തപക്ഷം പരാജയപ്പെടുന്നത്, കരാറല്ല, നമ്മുടെ പ്രതികരണവും, രാഷ്ട്രീയ ഇച്ഛാശക്തിയുമാണെന്നു പാപ്പാ വ്യക്തമാക്കി . യഥാർത്ഥ നേതൃത്വം എന്നാൽ സേവനവും പിന്തുണയും എന്നാണ് അർത്ഥമാക്കുന്നതെന്നും, അപ്രകാരം മാത്രമാണ് ഒരു പരിവർത്തനം സാധ്യമാവുകയുള്ളുവെന്നും പാപ്പാ എടുത്തു പറഞ്ഞു. ദൈവത്തിന്റെ സൃഷ്ടിയെ പരിപാലിക്കുന്നതിൽ തുടരാനുള്ള ശ്രമങ്ങൾക്ക് പാപ്പാ ദൈവാനുഗ്രഹവും ആശംസിച്ചു.

