സുല്‍ത്താന്‍ ബത്തേരി: തന്റെ സുഹൃത്തായ വൈദികന് തിരുപ്പട്ട സ്വീകരണത്തിന്റെ ആശംസയുമായി നടി അനുശ്രീ. ഇന്നലെ നവമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് സോഷ്യല്‍ മീഡിയയിലൂടെയും ഗാനാലാപനത്തിലൂടെയും ശ്രദ്ധ നേടിയ സച്ചിന് ബേബി എന്ന തന്റെ സുഹൃത്തിന്റെ തിരുപ്പട്ട സ്വീകരണത്തിന് നടി ആശംസ അറിയിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 8നു ബത്തേരി അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ വെച്ചായിരിന്നു തിരുപ്പട്ട സ്വീകരണം.
മാര്‍ ജോസ് പൊരുന്നേടം പിതാവില്‍ നിന്നാണ് ഫാ. സച്ചിന് ബേബി വൈദികപട്ടം സ്വീകരിച്ചത്. തിരുപട്ട സ്വീകരണത്തില്‍ പങ്കെടുക്കാന്‍ അനുശ്രീയും എത്തിയിരിന്നു. ഈശോയോട് തന്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി ഉണ്ടാകണമെന്നും വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നിൽക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ടെന്നും നടി അനുശ്രീ കുറിച്ചു. ജീവിതത്തിൽ ആദ്യമായാണ് ഈ ചടങ്ങ് നേരിട്ട് കാണുന്നതെന്ന് കുറിപ്പിന്റെ ആമുഖത്തില്‍ പറയുന്നു.
നിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് സാക്ഷിയായെന്നും നിന്നെ ഓർത്ത് ഞങ്ങൾ എന്നും അഭിമാനിക്കുമെന്നും കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ലായെന്നും ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേർന്ന് നിന്ന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ കഴിയട്ടെയെന്നും അനുശ്രീ ആശംസിച്ചു. ചിത്രങ്ങള്‍ സഹിതമാണ് അനുശ്രീ സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് പങ്കുവെച്ചത്.
“സച്ചുവേ. ഒരുപാട് സന്തോഷം. ഒരുപാട് അഭിമാനം. കാരണം എത്രത്തോളം വർഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹിത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം. ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നിൽക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. ജീവിതത്തിൽ ആദ്യമായാണ് ഈ ചടങ്ങ് ഞാൻ നേരിട്ട് കാണുന്നത്. സന്തോഷവും സങ്കടവും കലർന്ന ഒരുപാട് മുഖങ്ങൾ ഞാൻ അവിടെ കണ്ടു.
അതിനെല്ലാം ഒടുവിൽ നിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് ഞാനും സാക്ഷിയായി. നിന്നെ ഓർത്ത് ഞങ്ങൾ എന്നും അഭിമാനിക്കും. കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ല സച്ചുവേ. ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേർന്ന് നിന്ന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ നിനക്ക് കഴിയട്ടെ. ഈശോയോട് എൻ്റെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം.”

