ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫ് ആണ് പിടിയിലായത്. യുപിയിലെ കാൺപുരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി എൻഐഎ തിരച്ചിൽ തുടരുകയാണ്. രണ്ടിലേറെ ഡോക്ടർമാർ കൂടി ഈ ശൃംഖലയിലുണ്ടെന്നാണ് വിവരം.
ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണം തന്നെയാണെന്ന് ബുധനാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയതെന്ന വാദമുണ്ട് .
കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

