കൊച്ചി: ഓൺലൈൻ തട്ടിപ്പ് വീണ്ടും. ട്രേഡിംഗിലൂടെ എറണാകുളം സ്വദേശിയിൽനിന്ന് 25 കോടി രൂപ തട്ടിയെടുത്തയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പോലീസ് . കേസിൽ പ്രധാന പ്രതികളിൽ ഒരാളെന്ന് സംശയിക്കുന്ന ഹൈദരാബാദ് സ്വദേശിക്കായാണ് അന്വേഷണം ഉർജിതമാക്കിയത് . ഇയാളെ കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസിലെ മൂന്നംഗ അന്വേഷക സംഘം ഹൈദരാബാദിലെത്തി.
ഹൈദരാബാദ് പോലീസിൻറെ സഹായം തേടിയിട്ടുണ്ട് . തട്ടിയെടുത്ത തുകയിൽ നിന്ന് 12 കോടി രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ കോഴിക്കോടുകാരായ പ്രതികൾ കൈവശം വച്ചിരുന്ന വാടക അക്കൗണ്ടുകളിൽ ചിലത് നേരത്തെ കൈകാര്യം ചെയ്തിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പ് സംഘമാണെന്നും അന്വേഷണ സംഘം കണ്ടെത്തി .
ഈ വാടക അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നതിൽ പ്രധാനിയാണ് ഹൈദരാബാദ് സ്വദേശിയെന്നാണ് വിവരം . കഴിഞ്ഞ 29നാണ് മൂന്നംഗ സംഘം ഹൈദരാബാദ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പുറപ്പെട്ടത്. കേസിൻറെ ആദ്യഘട്ടത്തിൽ തന്നെ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൻറെ സാന്നിധ്യം കൊച്ചി സിറ്റി സൈബർ പോലീസ് സംശയിച്ചിരുന്നു.

