വത്തിക്കാൻ: ദരിദ്രരായ പെൺകുട്ടികളുടെ വിമോചനത്തിനായി വാഴ്ത്തപ്പെട്ട മദർ ഏലീശ്വാ കാട്ടിയ പ്രതിബദ്ധത, സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപിടിക്കാനായി പ്രവർത്തിക്കുന്ന ഏവർക്കും പ്രചോദനമെന്ന് ലിയോ പതിനാലാമൻ പാപ്പാ. നവംബർ 12 ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസരത്തിലാണ്,പാപ്പാ മദർ ഏലിശ്വയെ പിതാവ് അനുസ്മരിച്ചത്.
“ഇന്ത്യയിലെ കേരള സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച, പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മദർ ഏലീശ്വാ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടുവെന്ന്” പറഞ്ഞ പാപ്പാ, മദർ ഏലിശ്വയാണ് നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭയുടെ (TOCD), സ്ഥാപകയെന്നത് അനുസ്മരിച്ചു.
പാവപ്പെട്ട പെൺകുട്ടികളുടെ വിമോചനത്തിനുവേണ്ടിയുള്ള മദർ ഏലീശ്വായുടെ സധൈര്യമുള്ള പ്രതിബദ്ധത, സഭയിലും സമൂഹത്തിലും സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനായി പ്രവർത്തിക്കുന്ന ഏവർക്കും പ്രചോദനകരമാണെന്ന് പാപ്പാ പ്രസ്താവിച്ചു.
നവംബർ 8 ശനിയാഴ്ച വൈകുന്നേരം നാലരയ്ക്ക് വല്ലാർപാടം ബസലിക്കയിൽ മദർ ഏലീശ്വായെ വാഴ്ത്തപ്പെട്ടവളെന്ന് പ്രഖ്യാപിച്ച ചടങ്ങിൽ, മലേഷ്യയിൽനിന്നുള്ള കർദ്ദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ്, ലിയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധിയെന്ന നിലയിൽ മുഖ്യ കാർമ്മികത്വം വഹിച്ചിരുന്നു.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയും, പെൺകുട്ടികൾക്ക് വേണ്ടി ബോർഡിംഗ് സ്കൂൾ ആരംഭിക്കുകയും ചെയ്ത മദർ ഏലിശ്വ, കേരളത്തിൽ സ്ത്രീ നവോത്ഥാനത്തിനായി പ്രവർത്തിച്ചവരിൽ ഒരാളാണ്.

