ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരണം. 30 പേർക്ക് പരുക്കേൽക്കുകയും അതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. മരിച്ചവരുടെമൃതദേഹങ്ങൾ എൽഎൻജെപി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതിനിടെ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കും നിർദേശം നൽകി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായുമായി സംസാരിച്ചു.
അമിത് ഷാ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായത് സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.
എൻഐഎ സംഘം രാസ പരിശോധനകൾ ആരംഭിച്ചു.സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. പൊലീസ് പട്രോളിങ് വർധിപ്പിച്ചു.
അതേസമയം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. പരിശോധന നിർദേശം നൽകി എന്ന് ഡിജിപി റാവേഡ ചന്ദ്രശേഖർ ട്വന്റിഫോറിനോട് പറഞ്ഞു. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാൻ നിർദേശം നൽകി. ജില്ലാ എസ്പാമാർ നേരിട്ട് പരിശോധന ഉറപ്പാക്കണം. കേരളത്തിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവയുൾപ്പെടെ പരിശോധനക്ക് നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന ആരംഭിച്ചു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു. റെയിൽവേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലും ആണ് പരിശോധന നടക്കുന്നു. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു.

