എഡിറ്റോറിയൽ / ജെക്കോബി
മകളും സോദരിയും ഭാര്യയും മരുമകളും അമ്മയും വിധവയും ദൈവത്തിനു സ്വയം
സമര്‍പ്പിച്ച സന്ന്യാസിനിയുമായി സ്ത്രീത്വത്തിന്റെ അനുഭൂതി സാകല്യവും
അവസ്ഥാന്തരങ്ങളും അനുഭവിച്ചവളാണ് മദര്‍ ഏലീശ്വ. ഘോരമായ അന്ധകാരത്തിന്റെ
കാലത്ത്, വീട്ടകത്തളങ്ങളില്‍ തളയ്ക്കപ്പെട്ടിരുന്ന മലയാളനാട്ടിലെ
സ്ത്രീകള്‍ അന്നേവരെ അറിഞ്ഞിട്ടില്ലാത്ത പുതിയൊരു ജീവിതസാധ്യത ഏലീശ്വ
അവതരിപ്പിച്ചു: സ്ത്രീസന്ന്യാസം. വിവാഹം, ഏകാകിത്വം, വൈധവ്യം എന്നീ
ജീവിതാവസ്ഥകള്‍ക്ക് അപ്പുറം, ആത്മീയ മുമുക്ഷുതയുടെ ഒരു പെണ്ണിടം,
ആധ്യാത്മിക സാധനയിലൂടെ ദിവ്യതയെ പ്രാപിക്കാനുള്ള സമൂഹജീവിതം
സ്ത്രീകള്‍ക്കും സാധ്യമാണെന്ന ഉദ്ഘോഷം.
കേരളത്തിലെ പ്രഥമ ക്രൈസ്തവ സന്ന്യാസിനി, പരിശുദ്ധ കന്യകമറിയത്തിന്റെ
മദര്‍ ഏലീശ്വ (ഏലീശ്വ വാകയില്‍, 1831 – 1913), കൊച്ചി നഗരപ്രാന്തത്തിലെ
കൂനമ്മാവിലെ പനമ്പുമഠത്തില്‍ 1866 ഫെബ്രുവരിയില്‍ പതിനഞ്ചു വയസ്സുള്ള
മകള്‍ അന്നയെയും പതിനേഴുകാരിയായ അനുജത്തി ത്രേസ്യയെയും ഒപ്പം കൂട്ടി
ആരംഭിച്ചതാണ് കേരളത്തിലെ ആദ്യത്തെ കന്യകാലയം, കര്‍മലീത്താ
സന്ന്യാസിനിമാരുടെ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ആശ്രമം.
പുരുഷമേധാവിത്വത്തിന്റെയും ലിംഗവിവേചനത്തിന്റെയും അധീശാധിഷ്ഠാനമായ
പവിത്രമണ്ഡലവും സ്ത്രൈണ ആത്മീയതയുടെ സൗമ്യദീപ്തിയിലും
ആത്മസമര്‍പ്പണത്തിന്റെ ആര്ദ്രഭാവങ്ങളാലും കൃപാപൂരിതമാകുന്ന അതിശയം
മഠത്തിന്റെ ആവൃതിയില്‍ ഒതുങ്ങുന്നതായിരുന്നില്ല. സ്ത്രീവിദ്യാഭ്യാസം ഈ
സന്ന്യാസിനീ സമൂഹത്തിന്റെ അര്‍പ്പിത ദൗത്യമായി ഭരമേല്ക്കുന്നതില്
നിന്നാണ് പെണ്പൈതങ്ങള്ക്കായി കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്കൂളും
എദുക്കുംദാത്ത് എന്നറിയപ്പെട്ടിരുന്ന ബോര്‍ഡിങ് ഹൗസും അനാഥാലയവും
സ്ഥാപിക്കപ്പെടുന്നത്.
സ്ത്രീയുടെ വീണ്ടെടുപ്പിന് വിദ്യാഭ്യാസവും ആധ്യാത്മികതയും,
ഉള്‍വെളിച്ചവും ആത്മജ്ഞാനവും അനിവാര്യമാണെന്ന ഏലീശ്വയുടെ ദര്‍ശനത്തില്‍
നിന്നാണ് കേരളത്തില്‍ സ്ത്രീമുന്നേറ്റത്തിന്റെ വഴിത്താരകള്‍
തെളിഞ്ഞുതുടങ്ങുന്നതും, നൂറുകണക്കിന് മലയാളി സന്ന്യാസിനിമാരിലൂടെ
ദേശകാലഭേദങ്ങളെയും ഉല്ലംഘിക്കുന്ന പ്രേഷിതപ്രമാണമായി അതു ലോകമെങ്ങും
പ്രചരിക്കുന്നതിന് പാതയൊരുങ്ങുന്നതും. കൂനമ്മാവിലെ സെന്റ് തെരേസാ
കോണ്‍വെന്റില്‍ 1868-ല്‍ ആരംഭിച്ച പെണ്‍പള്ളിക്കൂടത്തിന്റെ മഹിമയും
ചരിത്രപ്രാധാന്യവും, മലയാളക്കരയില്‍ സ്ത്രീകളുടെ ആത്മസാക്ഷാത്കാരത്തിനും
തൊഴില്‍പരിശീലനത്തിനും ഗൃഹപരിപാലന കലയ്ക്കുമുള്ള പ്രഥമ കത്തോലിക്കാ
പഠനകേന്ദ്രമായി അതു മാറി എന്നതിനപ്പുറം, വിദ്യാഭ്യാസം അപ്പസ്തോലിക
മിഷനായി സ്വീകരിച്ച ഇന്ത്യയിലെ സമര്‍പ്പിത സമൂഹങ്ങളുടെയെല്ലാം അടിസ്ഥാന
മാതൃകയായി അത് പരിണമിച്ചു എന്നതിലുമാണ്.
വരാപ്പുഴ വികാരിയാത്തില്‍ ഓരോ കരയിലും ഓരോ പള്ളിക്കുമൊപ്പവും സാര്‍വത്രിക
പ്രാഥമിക വിദ്യാഭ്യാസത്തിന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് 1857-ല്‍
കല്പനയിറക്കിയ ഇറ്റലിക്കാരനായ കര്‍മലീത്താ വികാരി അപ്പസ്തോലിക്ക
ആര്‍ച്ച്ബിഷപ് ബെര്‍ണാര്‍ദീനോ ബച്ചിനെല്ലി, യൂറോപ്പില്‍ നിന്ന് പിയെ
മയസ്ത്രെ (പയസ് ടീച്ചേഴ്സ്) സന്ന്യാസിനികളെ വരാപ്പുഴ മിഷനിലേക്കു
വരുത്തി കോണ്‍വെന്റും കോണ്‍വെന്റ് സ്കൂളും സ്ഥാപിക്കാന്‍ പദ്ധതി
ഒരുക്കിയിരുന്നതാണ്. വരാപ്പുഴയ്ക്കടുത്ത് പുത്തന്‍പള്ളിയില്‍ ഇതിനായി
രണ്ടുനില മഠം പണിതീര്‍ക്കുകയും ചെയ്തു.
എന്നാല്‍ വൈദികരൂപീകരണത്തിലെ ചില അടിസ്ഥാന പോരായ്മകള്‍ മൂലമാണ് പ്രാദേശിക സഭയില്‍ റോക്കോസ് ശീശ്മ എന്ന വലിയൊരു പിളര്‍പ്പിന്റെ പ്രതിസന്ധി ഉടലെടുത്തത് എന്ന വിലയിരുത്തലില്‍, വികാരിയാത്തില്‍ ഒരു സെന്‍ട്രല്‍ സെമിനാരിക്കാണ് അടിയന്തര പ്രാധാന്യം
നല്‍കേണ്ടതെന്ന് ബെച്ചിനെല്ലി പിതാവ് നിശ്ചയിക്കുകയും പുത്തന്‍പള്ളിയില്‍
യൂറോപ്യന്‍ കന്യാസ്ത്രീകള്‍ക്കായി നിര്‍മിച്ച കെട്ടിടം സെമിനാരിയാക്കി
മാറ്റുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ്, കൂനമ്മാവിലെ ധനാഢ്യ കുടുംബത്തിലെ
വിധവയും മകളും തറവാട്ടിലെ കളപ്പുരയിലും, വിധവയുടെ അനുജത്തി
ഓച്ചന്തുരുത്തിലെ പിതൃഭവനത്തിലുമായി പ്രാര്‍ഥനയിലും തപശ്ചര്യയിലും
സാധുക്കളോടുള്ള സ്നേഹത്തിലും മുഴുകി സമര്‍പ്പിത ജീവിതത്തിന് ഒരുങ്ങുന്ന
കാര്യം കൂനമ്മാവിലെ കര്‍മലീത്താ ആശ്രമത്തിലെ നൊവിസ് മാസ്റ്ററും
വികാരിയാത്തിലെ സുറിയാനി സന്ന്യാസിമാര്ക്കായുള്ള തന്റെ ഡെലഗേറ്റുമായ യുവ
ഇറ്റാലിയന്‍ കര്‍മലീത്താ മിഷനറി ഫാ. ലെയൊപോള്‍ദോ ബെക്കാറോയില് നിന്ന്
ബച്ചിനെല്ലി പിതാവ് അറിയുന്നത്.
ഇറ്റലിയിലെ ജെനോവയില്‍ നിന്നു വരുത്തിയ കര്‍മലീത്താ രണ്ടാം സഭയുടെ
നിയമാവലി നാടിനിണങ്ങുംവണ്ണം ഭേദഗതി ചെയ്ത് മലയാളത്തില്‍ ന്യായപ്രമാണം
എഴുതിയുണ്ടാക്കി, ഏലീശ്വയെയും ത്രേസ്യയെയും അന്നയെയും ‘അടിസ്ഥാനശിലകളായി’
പ്രഖ്യാപിച്ച് കാനോനികമായി അംഗീകരിച്ച കേരളത്തിലെ ആദ്യ സന്ന്യാസിനീ
സമൂഹത്തിന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ ഡിക്രി നല്‍കിയത്
ബച്ചിനെല്ലി പിതാവാണ്. അവരുടെ ആധ്യാത്മിക നിയന്താവായി നിയോഗിക്കപ്പെട്ട
ഫാ. ലെയൊപോള്‍ദോ, ആവിലായിലെ വിശുദ്ധ തെരേസായുടെ നവീകൃത കര്‍മലീത്താ
ആത്മീയദര്‍ശനത്തിന്റെ ജീവല്സാക്ഷ്യമായ ആവിലായിലെ സെന്റ് ജോസഫ്
മഠത്തിന്റെ മാതൃകയിലാണ് മദര്‍ ഏലീശ്വയുടെ സമൂഹത്തെ രൂപപ്പെടുത്തിയത്.
ദൈവാനുഭൂതിയില്‍ ലയിക്കുന്ന ആന്തരികപ്രാര്ഥനാ അനുധ്യാനത്തിന്റെ
തെരേസ്യന്‍ മിസ്റ്റിക്കല്‍ ആത്മവഴിയിലേക്കുള്ള പരിണാമം ഏലീശ്വയ്ക്ക്
തികച്ചും സ്വാഭാവികമായ പ്രയാണമായിരുന്നു.
സുറിയാനിക്കാരെ വരാപ്പുഴ അതിരൂപതയില്‍ നിന്നു വേര്‍പെടുത്തി രണ്ടു
വികാരിയാത്തുകള്‍ സ്ഥാപിച്ചപ്പോള്‍, റീത്തുവിഭജനത്തിന്റെ പേരിലുള്ള
ഭാഗംവയ്പ്പില് കൂനമ്മാവ് മഠം സുറിയാനിക്കാരുടേതാണെന്ന് റോമില്‍ നിന്ന്
ഏകപക്ഷീയവും അന്യായവുമായ തീര്പ്പുണ്ടായപ്പോഴും സഭാധികാരികളുടെ
തീരുമാനത്തിനു മുന്നില്‍ ശിരസു നമിച്ച്, 24 വര്‍ഷം തങ്ങളുടേതായിരുന്ന
സര്‍വതും ത്യജിച്ച് ആറ് ലത്തീന്‍ സഹോദരിമാരോടൊപ്പം, സുറിയാനി
സഹോദരികള്‍ക്കു സ്തുതി കൊടുത്ത് ഇറങ്ങിപ്പോന്ന മദര്‍ ഏലീശ്വ
ഹൃദയത്തിലൊതുക്കിയ മഹാവ്യാകുലം ഇന്ന് മഹിമയുടെ വീരസുകൃത പ്രകീര്‍ത്തനമായി
ധ്യാനിക്കപ്പെടുന്നുണ്ട്. തന്റെ ആദ്യത്തെ മഠസ്ഥാപനവും മിസ്റ്റിക്കല്‍
അനുഭവങ്ങളും മാനസികപ്രാര്ഥനയുടെ ധ്യാനരീതിയും ആത്മകഥയും വിശുദ്ധഗ്രന്ഥ
വ്യാഖ്യാനവും മറ്റും സ്പെയിനിലെ ഇന്‍ക്വിസിഷന്റെ രഹസ്യ
അന്വേഷണങ്ങള്‍ക്ക് വിധേയമായപ്പോഴും ഭയമോ മനോവ്യഥയോ പ്രകടിപ്പിക്കാതെ
ദൈവഹിതത്തിനു വഴങ്ങിയ ആവിലായിലെ അമ്മ ത്രേസ്യയെ പോലെ, സഹനത്തെ
സ്നേഹപൂര്‍വം ആശ്ലേഷിക്കാന്‍ ഏലീശ്വാമ്മയ്ക്കു കഴിഞ്ഞു.
1700 മുതല്‍ കര്‍മലീത്താ വികാരി അപ്പസ്തോലിക്കമാരുടെ
ഭരണകേന്ദ്രമായിരുന്ന വരാപ്പുഴ തുരുത്തിലെ സെന്റ് ജോസഫ് മഠത്തിലാണ് തന്റെ
സമര്‍പ്പിത ജീവിതത്തിന്റെ രണ്ടാം കാണ്ഡത്തില്‍ 23 പുണ്യവര്ഷങ്ങള്,
വരാപ്പുഴയിലെ പിന്തുടര്ച്ചാവകാശമുള്ള ഇറ്റാലിയന്‍ മെത്രാന് മര്സെലീനോ
ബെരാര്ദിയെ പോലുള്ള ശ്രേഷ്ഠ ആചാര്യന്മാരുടെയും മൂപ്പച്ചന്മാരുടെയും
ആധ്യാത്മിക സംരക്ഷണത്തില്‍ തെരേസ്യന്‍ കര്‍മലീത്താ സിദ്ധിയുടെ
പ്രഭാപൂര്‍ണിമയില്‍ ഏലീശ്വ വിളങ്ങിയത്.
മലയാളത്തില്‍ വിശുദ്ധഗ്രന്ഥമോ ആധ്യാത്മിക ക്ലാസിക്കുകളോ സാഹിത്യകൃതികളോ കിട്ടാത്ത കാലമായിരുന്നിട്ടും തനിക്കു ലഭിച്ച ആത്മീയ വെളിച്ചത്തിലും ധ്യാനമനനത്തിലും ഹൃദയത്തില്‍
ഉള്‍ക്കൊണ്ട ദിവ്യനിവേശനങ്ങളും അനുഭവസാക്ഷ്യങ്ങളും നിര്മലജീവിതത്തിന്റെ
ഹൃദയഹാരിയായ കുറുമൊഴികളാക്കി മാറ്റാനുള്ള ഏലീശ്വയുടെ വൈഭവം ആഴമേറിയ
മിസ്റ്റിക്കല്‍ ആധ്യാത്മികതയുടെ പ്രതിഫലനമായിരുന്നു. ലത്തീന്‍
വുള്‍ഗാത്തയില്‍ നിന്ന് പുതിയ നിയമം ആദ്യമായി മലയാളത്തില്‍
വ്യാഖ്യാനസമേതം പരിഭാഷപ്പെടുത്തിയ ‘ക.ദി.മൂ.സ മഞ്ഞുമ്മല്‍ അമലോത്ഭവ
ദൈവജനനിയിന് ആശ്രമ ഗുരുക്കളായ’ മൂവരില്‍ ഒന്നാമന് ഏലീശ്വയുടെ
മൂന്നാമത്തെ അനുജന് ഫാ. ലൂയിസ് വൈപ്പിശേരിയാണ് – ‘സത്യനാദകാഹളം’ എന്ന
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ വര്‍ത്തമാനപത്രത്തിന്റെ മുഖ്യശില്പി,
മഞ്ഞുമ്മല്‍ ആശ്രമത്തിലെ പ്രഥമ ലത്തീന്‍ ടിഒസിഡി അംഗങ്ങളില്‍
ദിവ്യപൂജയര്പ്പിച്ച ആദ്യ വൈദികന്. ഓച്ചന്തുരുത്ത് വൈപ്പിശേരി
കുടുംബത്തിലെ മൂന്ന് ഉടപ്പിറപ്പുകള്‍ – ഏലീശ്വയും ത്രേസ്യയും ലൂയിസും –
ഇന്ത്യയിലെ കര്‍മലീത്താ ചരിത്രത്തിലെ അഗ്രജതാരകങ്ങളായത് അപരിമേയമായ
കൃപാഭിഷേകത്തിന്റെ നിദര്‍ശനമാകുന്നു.
ദൈവസ്തുതിക്കും സാധുക്കളുടെ സ്നേഹശുശ്രൂഷയ്ക്കുമായി അനുദിന ജീവിതം
ക്രമീകരിക്കുന്ന സഹോദരിമാര്‍ കരകൗശലവിദ്യ പോലുള്ള ക്രിയാത്മക
പ്രവര്‍ത്തനങ്ങള്‍ക്കായും സമയം കണ്ടെത്തണമെന്ന് മദര്‍ ഏലീശ്വ
നിഷ്കര്‍ഷിച്ചിരുന്നു. കര്‍മല ഉത്തരീയവും, സഭാവസ്ത്രത്തില്‍
അരപ്പട്ടയില്‍ തൂക്കുന്ന വലിയ ജപമാലയും, ചെറിയ കൊന്തയും
പ്രാര്‍ഥനാപൂര്‍വം കൊരുത്തെടുക്കാനും, ഓസ്തിയും മെഴുകുതിരിയും
ഉണ്ടാക്കാനും, കുര്ബാനകുപ്പായങ്ങളും സര്പ്ലിസും മറ്റും
തുന്നിയെടുക്കാനും, റേന്തയും കടലാസ് പൂക്കളും, തിരുകര്‍മങ്ങള്‍ക്ക്
ആവശ്യമായ സാമഗ്രികളും ഒരുക്കാനും സന്ന്യാസിനിമാരെ പരിശീലിച്ചിരുന്നു.
കോണ്‍വെന്റ് സ്കൂളിലും ബോര്‍ഡിങ് ഹൗസിലും അനാഥമന്ദിരത്തിലും
പെണ്‍കുട്ടികളെ കൈത്തൊഴിലുകള്‍ പഠിപ്പിച്ചു. സ്ത്രീവിമോചനത്തിന്റെ ആദ്യ
ചുവട് സ്വയംപര്യാപ്തതയ്ക്കും സാമ്പത്തികഭദ്രതയ്ക്കുമുള്ള ഉപായമാണെന്ന
തിരിച്ചറിവോടെ മദര്‍ ഏലീശ്വ പ്രോത്സാഹിപ്പിച്ച കൊന്തകെട്ടലിന്റെ
കരവിരുതാണ് കൂനമ്മാവ് ലോകപ്രശസ്തമായ ജപമാല നിര്‍മാണകേന്ദ്രമായി
മാറുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചത്. കൂനമ്മാവിലെ പെണ്‍കുട്ടികളും
സ്ത്രീകളും – അവരില്‍ പലരും അക്രൈസ്തവരാണ് – വീട്ടിലിരുന്ന് ധ്യാനപൂര്‍വം
കെട്ടുന്ന കൊന്തകള്‍ ലോകത്തിലെ പ്രധാന തീര്ഥാടനകേന്ദ്രങ്ങളിലെല്ലാം
വിശ്വാസികളുടെ ഹൃദയം കവരുന്നുണ്ട്.
ഏലീശ്വയുടെ ‘വിശുദ്ധി ഉറപ്പിക്കുന്ന,’ ധന്യപദത്തിലേക്ക്
ഉയര്‍ത്തുന്നതിനുള്ള വീരോചിത പുണ്യങ്ങളെക്കുറിച്ച് 2023 നവംബര്‍ എട്ടിന്
ഫ്രാന്‍സിസ് പാപ്പാ സ്ഥിരീകരിച്ച്, വിശുദ്ധരുടെ നാമകരണത്തിനായുള്ള
വത്തിക്കാന്‍ ഡികാസ്റ്ററി പ്രസിദ്ധീകരിച്ച ഡിക്രിയില്‍, പ്രാദേശിക സഭയിലെ
കുടുംബങ്ങളുടെ നവീകരണത്തിനും പത്തൊമ്പതാം നൂറ്റാണ്ടിന്റെ
ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യയിലെ
സങ്കീര്‍ണമായ സാമൂഹികവും മതപരവുമായ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ
മാനുഷികവും ബൗദ്ധികവുമായ ഉന്നമനത്തിനും ധന്യ ഏലീശ്വ വലിയ സംഭാവന
നല്‍കിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
”കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭ സന്ന്യാസിനീ സമൂഹത്തിന്റെ –
ഇപ്പോഴത്തെ തെരേസ്യന്‍ കാര്‍മലൈറ്റ് സിസ്റ്റേഴ്സിന്റെ സമൂഹം –
സ്ഥാപികയായ ഏലീശ്വയ്ക്ക് എല്ലായ്പ്പോഴും ദൈവത്തില്‍ വലിയ
വിശ്വാസമുണ്ടായിരുന്നു, സ്വര്‍ഗീയ ലക്ഷ്യത്തെക്കുറിച്ചുള്ള പ്രത്യാശ അവളെ
ബുദ്ധിമുട്ടുകളിലൂടെ നയിച്ചു, അവയെല്ലാം അവള് ശാന്തതയോടെ നേരിട്ടു.
പുതിയ സന്ന്യാസിനീ സമൂഹത്തിന്റെ സംസ്ഥാപനവുമായി ബന്ധപ്പെട്ട
പ്രയാസങ്ങളില്‍ അവളുടെ പ്രത്യാശ വീരോചിതമായി തിളങ്ങി” എന്ന് വിശുദ്ധരുടെ
നാമകരണത്തിനായുള്ള ഡികാസ്റ്ററിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഏലീശ്വയുടെ
ജീവചരിത്രക്കുറിപ്പില്‍ പറയുന്നു.
”വിശുദ്ധ കുര്‍ബാനയിലൂടെയും ദിവ്യകാരുണ്യ ആരാധനയിലൂടെയും അവള്‍ക്ക് കര്‍ത്താവുമായുള്ള ആഴമായ ഐക്യം അനുഭവപ്പെട്ടു. പ്രാര്‍ത്ഥനയോടുള്ള പ്രതിബദ്ധതയിലൂടെയും, ആദ്യം ഭാര്യയും അമ്മയും, പിന്നീട് ഒരു കന്യാസ്ത്രീയും ഒരു സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപികയും എന്ന നിലയില്‍ തന്റെ കടമകള്‍ നിറവേറ്റിയതിലൂടെയും,
എല്ലാറ്റിനുമുപരിയായി അവള് ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചു.
ദരിദ്രരും അനാഥരുമായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഏറ്റവും ദരിദ്രരുടെയും
സംരക്ഷണത്തിനുമായി അവള് പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള
സ്നേഹത്തില്‍ ദൈവത്തോടുള്ള അവളുടെ സ്നേഹം പ്രകടമായി. തന്റെ
ജീവിതകാലത്തും മരണശേഷവും അവളുടെ വിശുദ്ധിയെക്കുറിച്ചുള്ള പ്രശസ്തി
പ്രകടമായിരുന്നു, ഇന്നും അത് തുടരുന്നു.”
മദര്‍ ഏലീശ്വയുടെ ജന്മസ്ഥലമായ ഓച്ചന്തുരുത്തിന് തൊട്ടിക്കരെയുള്ള
വല്ലാര്‍പാടത്തെ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ കാരുണ്യമാതാവിന്റെ
ബസിലിക്കയില്‍ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന
തിരുകര്‍മത്തില്‍ ലെയോ പതിനാലാമന്‍ പാപ്പായുടെ പ്രതിനിധിയായി എത്തുന്ന,
മലയാള ബന്ധമുള്ള, മലേഷ്യയിലെ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് –
മദര്‍ ഏലീശ്വയുടെ കാലത്താണ്, 1890കളില്‍ ഇദ്ദേഹത്തിന്റെ അപ്പാപ്പനും
അമ്മാമ്മയും തൃശൂരിലെ ഒല്ലൂരില്‍ നിന്ന് മലയയിലേക്കു പ്രവാസികളായി പോയത്
- ‘പരിശുദ്ധ കന്യകമാതാവിന്റെ സദ്ഗുണങ്ങള്‍ നിറഞ്ഞ എല്ലാ ഋതുക്കളുടെയും
സ്ത്രീ’ എന്നാണ് മദര്‍ ഏലീശ്വയെ ‘ജീവനാദ’ത്തിനു നല്കിയ പ്രത്യേക
സന്ദേശത്തില്‍ വിശേഷിപ്പിക്കുന്നത്. ”വിശ്വാസത്തില്‍ വേരൂന്നിയ,
ബോധ്യത്താല്‍ നയിക്കപ്പെടുന്ന, സ്നേഹത്തില്‍ ഉദാരമതിയായ ഒരു സ്ത്രീ എന്ന
നിലയില്‍, തന്റെ ദൗത്യത്തിന്റെ തുടര്‍ച്ചയില്‍ ജീവിതത്തിലെ നിരവധി
വെല്ലുവിളികളെ അതിജീവിക്കുന്നതിലും മറികടക്കുന്നതിലും മദര്‍ ഏലീശ്വ
ശ്രദ്ധ കേന്ദ്രീകരിച്ചു. അവയില്‍ ചിലത് നമുക്ക് വ്യക്തിപരമായി
ഉള്‍ക്കൊള്ളാനാകും.”
”വിശുദ്ധ പദവിയിലേക്കുള്ള മദര്‍ ഏലീശ്വയുടെ ജീവിതത്തെക്കുറിച്ച്
ധ്യാനിക്കാനും ആഘോഷിക്കാനും, പ്രത്യാശയുടെ ഈ ജൂബിലി വര്‍ഷത്തിലെ എന്റെ
വ്യക്തിപരമായ തീര്‍ഥാടനം ഏലീശ്വയുടെ സ്മൃതികുടീരത്തില്‍
അവസാനിപ്പിക്കാനും സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. സാര്‍വത്രിക
സഭയ്ക്കും എല്ലാ മനുഷ്യവര്ഗത്തിനുമായുള്ള ‘ദൈവത്തിന്റെ ഈ സ്ത്രീയെ’
പ്രതി സ്വര്‍ഗം നമ്മോടൊപ്പം ആനന്ദിക്കുന്നു” – പെനാങ്ങില്‍
നിന്നെത്തുന്ന കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ പ്രത്യാശയുടെ
ആനന്ദവും ആശീര്‍വാദവും!
തന്റെ മകന് ഇന്നും ക്രൂശിക്കപ്പെടുന്ന നിരവധി കുരിശുകളുടെ ചുവട്ടില്‍,
മനുഷ്യജീവന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന ഇടങ്ങളില്‍, പരിശുദ്ധ
മാതാവിനോടൊപ്പം നില്ക്കുന്ന സ്ത്രീകളെക്കുറിച്ച് ലെയോ പാപ്പാ
സംസാരിക്കുന്നുണ്ട്. ഇന്ത്യയിലും ലോകത്തിന്റെ ഇരുണ്ട കോണുകളിലും
കൊടുംയാതനകള്‍ അനുഭവിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി സമര്‍പ്പിത ശുശ്രൂഷ
ചെയ്യുന്ന മദര്‍ ഏലീശ്വയുടെ പിന്‍ഗാമികളായ പ്രേഷിത സഹോദരിമാരും, അവര്‍
പകരുന്ന ഉള്‍വെളിച്ചത്തില്‍ വീണ്ടെടുക്കപ്പെടുന്ന പെണ്‍ജീവിതങ്ങളും
ക്രിസ്തുസ്നേഹത്തില്‍ മഹത്വപ്പെടട്ടെ! ഏലീശ്വയുടെ മാധ്യസ്ഥ്യ കൃപയുടെ
സാന്ത്വനം ഇനിയും സ്ത്രീജീവിതത്തില് അദ്ഭുതങ്ങള്‍ സൃഷ്ടിക്കട്ടെ!

