മലപ്പുറം: കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീ പിടുത്തം. ഫയർ ഫോഴ്സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു. കടയ്ക്കുള്ളിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ഗുരുതരമായ പരുക്കുകളില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. മഹാലാഭമേള എന്ന പേരിൽ 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വിൽക്കുന്ന കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്.
മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടർന്നിട്ടില്ല. തീ പിടിച്ച വ്യാപാര സ്ഥാപനം പൂർണമായി കത്തി നശിച്ചു. വ്യാപാര സ്ഥാപനത്തിന് പിൻവശത്താണ് തീ ആളി പടരുന്നത്. മുൻവശത്തെ തീ പൂർണമായി അണച്ചു.
നാല് ഫയർഫോഴ്സ് യുണീറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നത്. അതുവഴി സഞ്ചരിച്ച യാത്രക്കാരനാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് നാട്ടുകാരെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.

