വത്തിക്കാന് ന്യൂസ്
റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്കാ മെത്രാന്മാരുടെ സിനഡ് ക്ലുജ് ഗേർല എപ്പാർക്കി അദ്ധ്യക്ഷനായിരുന്ന ബിഷപ് ക്ലൗദിയു ലൂച്യാൻ പോപിനെ, റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായും ഫഗറാഷ് – അൽബ യൂലിയയുടെ മേജർ ആർച്ച്ബിഷപ്പായും തിരഞ്ഞെടുത്തത് ലിയോ പതിനാലാമൻ പാപ്പാ സ്ഥീരീകരിച്ചതിനെത്തുടർന്ന്, റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്കാ സഭയ്ക്ക് പുതിയ നേതൃത്വമായി.
റോമിലെ പൊന്തിഫിക്കൽ പിയോ റൊമാനിയൻ കോളേജിൽ ചേർന്ന സിനഡാണ്, ബിഷപ് ക്ലൗദിയു ലൂച്യാൻ പോപിനെ തങ്ങളുടെ സഭാതലവനായി തിരഞ്ഞെടുത്തത്. നവംബർ അഞ്ചാം തീയതിയാണ് പാപ്പാ പൗരസ്ത്യ കാനോനികനിയമം നൂറ്റിയൻപതിന്റെ രണ്ടാം ഖണ്ഡികയനുസരിച്ച്, ഈ തീരുമാനം സ്ഥിരീകരിച്ചത്.
സഭാസിനഡ് തന്നെ മേജർ ആർച്ച്ബിഷപ്പായി തിരഞ്ഞെടുത്തതിന് പിന്നാലെ, പാപ്പായുടെ സ്ഥിരീകരണം ആവശ്യപ്പെട്ടുകൊണ്ട് ക്ലൗദിയു ലൂച്യാൻ പോപ് സമർപ്പിച്ച അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ, മുൻഗാമികളുടെ മാതൃകയിൽ, റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്കാ നൈയാമിക സഭയിൽ (സുയി യൂറീസ്) തൻറെ പരിപാലനത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തിന് ക്രിസ്തുവിന്റെ ഹൃദയത്തിനടുത്ത ഇടയനായിരിക്കാൻ ലിയോ പാപ്പാ ആഹ്വാനം ചെയ്തു.
റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ ഐക്യവും നിയോഗവും പ്രോത്സാഹിപ്പിക്കാനും, മായ്ക്കാനാകാത്തതും, മഹത്വപൂർണ്ണവുമായ വിശ്വാസത്തിന് ജീവിതം കൊണ്ട് സാക്ഷ്യം നൽകിയ അനേകം രക്തസാക്ഷികളുടെയും വിശ്വാസസാക്ഷികളുടെയും ഓർമ്മയിൽ ഈ സഭയ്ക്ക് വളരാനും പുരോഗതി പ്രാപിക്കാനും വേണ്ടി പരിശുദ്ധാത്മാവ് അങ്ങയെ നയിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
സിനഡ് അംഗങ്ങൾക്കും സഭയിലെ വൈദികർക്കും, സമർപ്പിതർക്കും ഉൾപ്പെടെ ഏവർക്കും ദൈവമാതാവായ പരിശുദ്ധ അമ്മയുടെ സഹായവും തന്റെ ആശീർവാദവും പാപ്പാ ആശംസിച്ചു.
1972 ജൂലൈ 22-ന് സാതു മാരെ (Satu-Mare) ജില്ലയിലെ പിഷ്കോൾട്ടിലാണ് (Pişcolt) അഭിവന്ദ്യ ക്ലൗദിയു ലൂച്യാൻ പോപ് ജനിച്ചത്. റോമിലെ പൊന്തിഫിക്കൽ പിയോ റൊമാനിയൻ കോളേജിൽ അംഗമായിരുന്ന അദ്ദേഹം ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രവും, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രവും പഠിച്ചു.
സ്വന്തം രൂപതയായ ഒറാദെയയിൽ 1995 ജൂലൈ 23-ന് ബിഷപ് വാസിൽ ഹോസ്സുവ്ന്റെ കൈവയ്പ്പ് വഴി പുരോഹിതനായി അഭിഷിക്തനായി. തുടർന്ന് 2006-ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് ആധ്യാത്മികദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
2011 നവംബർ 21-ന് മേജർ അതിരൂപതയുടെ കൂരിയ മെത്രാനായി കാനോനികമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ബെനഡിക്ട് പതിനാറാമൻ പാപ്പാ സമ്മതം നൽകി. അതേ വർഷം ഡിസംബർ എട്ടാം തീയതി റോമിൽ വച്ചാണ് അദ്ദേഹം മെത്രാനായി അഭിഷിക്തനായത്.
2021 ഏപ്രിൽ 14-ന് റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായിരുന്ന മേജർ ആർച്ച്ബിഷപ് ലൂച്യാൻ മുറേഷാൻ, സഭയിലെ മെത്രാന്മാരുടെ അംഗീകാരത്തോടെ അദ്ദേഹത്തെ ക്ലുജ് ഗേർല എപ്പാർക്കിയിലേക്ക് സ്ഥലം മാറ്റി.
