വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കൂട്ടക്കൊലകളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയ്ക്കു വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. നൈജീരിയ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ, എല്ലാ സഹായങ്ങളും അമേരിക്ക ഉടനടി നിർത്തലാക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ഇസ്ലാമിക തീവ്രവാദികളെ പൂർണ്ണമായും ഇല്ലാതാക്കാൻ നൈജീരിയയിൽ നേരിട്ടുള്ള സൈനിക നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചു. നൈജീരിയൻ സർക്കാരിനോട് എത്രയും വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനും ട്രംപ് ആവശ്യപ്പെട്ടു.
സാധ്യമായ സൈനിക നടപടികൾക്ക് തയ്യാറാകാൻ പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു. നൈജീരിയയിൽ ക്രൈസ്തവര്‍ അസ്തിത്വഭീഷണി നേരിടുന്നുവെന്നും നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ (Country of Particular Concern) പട്ടികയിൽപെടുത്തുകയാണെന്നും വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരിന്നു. ഇതിന് പിന്നാലെയാണ് നൈജീരിയ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ സഹായം അവസാനിപ്പിച്ച് സൈനീക നടപടി സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

