തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്രപരിഷ്കകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകവെ നടപടിയെ നിയമ പരമായി നേരിടാൻ ഒരുങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ. തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആർ നടപടികളും സമാന്തരമായി നടക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടികൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് പാർട്ടികളുടെ തീരുമാനം.
ബുധനാഴ്ച ചേർന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ബിജെപി ഒഴികെ മറ്റ് പ്രതിനിധികളെല്ലാം എസ്.ഐ.ആർ നടപടികൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടെങ്കിലും മുന്നോട്ട് പോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയതോടെയാണ് വിഷയം കോടതിയിലേക്ക് നീങ്ങുന്നത്.
സിപിഎം പ്രതിനിധി എംവി ജയരാജൻ ഇന്നലെ ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ സിപിഎം കക്ഷി ചേർന്നിട്ടുണ്ടെന്നും കേരളത്തിലെ സാഹചര്യം കോടതിയെ അറിയിക്കും എന്നുമായിരുന്നു എം വി ജയരാജന്റെ പ്രതികരണം.
പുതുക്കിയ വോട്ടർ പട്ടിക പ്രകാരമാണ് 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ നിലപാട് എടുത്തത്. തിയതി മാറ്റാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശവും അദ്ദേഹം വ്യക്തമാക്കി.
എം.വി ജയരാജന് പുറമെ സണ്ണി ജോസഫ് (കോൺഗ്രസ്) സി.പി. ചെറിയ മുഹമ്മദ് (മുസ്ലിം ലീഗ്), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ്- എം), ജോയി ഏബ്രാഹാം (കേരള കോൺഗ്രസ്) പി.ജി. പ്രസന്നകുമാർ (ആർ.എസ്.പി) എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

