കരാർ ലംഘനമുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നും ഇസ്രയേൽ സൈന്യം
ടെൽ അവീവ്: ഗാസയിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ. ഹമാസ് കരാർ ലംഘനം നടത്തിയെന്ന് ആരോപിച്ചാണിത് . ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 46 കുട്ടികളും 20 സ്ത്രീകളുമുൾപ്പെടെ 104 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
കരാർ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കരാർ ലംഘനമുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.ഹമാസിൻറെ ആക്രമണത്തിൽ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടെന്ന് ആരോപിച്ചാണ് ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകിയത്.
ഹമാസ് തിരികെ നൽകിയ ശരീരഭാഗങ്ങൾ രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. അതേസമയം ഇസ്രയേൽ കരാർ ലംഘിക്കുകയാണെന്നു ഹമാസും ആരോപിച്ചു .
ആക്രമണം ആരംഭിച്ച സാഹചര്യത്തിൽ ബന്ദിയുടെ മൃതദേഹം കൈമാറുന്നതു വൈകുമെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട് . അതേസമയം വെടിനിർത്തൽ കരാർ അപകടത്തിലല്ലെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സംഭവത്തിൽ പ്രതികരിച്ചു.

