ഇടുക്കി: അടിമാലിയിൽ കൂറ്റമ്പാറ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു .ബിജു എന്നയാളാണ് മരിച്ചത് .തകർന്ന വീടിനുള്ളിൽ കുടുങ്ങിയ ദമ്പതികളിൽ ഒരാൾ മരിച്ചു.ബിജുവിന്റെ ഭാര്യ സന്ധ്യയെ ആദ്യം പുറത്തെത്തിച്ചിരുന്നു.
കാലിന് ഗുരുതര പരിക്കേറ്റ സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രാജഗിരിയി ആശുപത്രിയിലേക്കും മാറ്റി. അപകടത്തിൽ കുടുങ്ങിക്കിടന്ന ഇരുവർക്കും രക്ഷാപ്രവർത്തകർ ഓക്സിജൻ നൽകിയെങ്കിലും രണ്ടുപേരും മണിക്കൂറുകളോളം കോൺക്രീറ്റ് പാളികൾക്കിടയിൽ അബോധാവസ്ഥയിലായിരുന്നു.അഞ്ച് മണിക്കൂറുകളോളം കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിക്കിടന്ന ബിജുവിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി പത്തരയോടെയാണ് അടിമാലി കൂറ്റമ്പാറയിൽ വൻ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു. വീട്ടിലെ ഹാളിൽ ബിജുവും സന്ധ്യയും നിൽക്കുമ്പോഴാണ് മണ്ണിടിഞ്ഞുവീണത് .

