ജെറുസലേം: യേശുവിനെ അടക്കം ചെയ്ത ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ വാന്‍സ്, ഇസ്രായേലിലേക്കുള്ള മൂന്ന് ദിവസത്തെ നയതന്ത്ര സന്ദര്‍ശനത്തിനിടെയാണ് ഇന്നലെ വ്യാഴാഴ്ച ഭാര്യ ഉഷ വാന്‍സിനൊപ്പം തിരുക്കല്ലറ ദേവാലയത്തില്‍ എത്തിയത്. ഹോളി സെപ്പൽക്കർ (തിരുക്കല്ലറ) ദേവാലയത്തില്‍ ഫ്രാൻസിസ്കൻ വൈദികര്‍ അര്‍പ്പിച്ച സ്വകാര്യ കുർബാനയില്‍ ഇരുവരും പങ്കെടുത്തു.
രാജ്യത്തിന്റെ രണ്ടാമത്തെ കത്തോലിക്ക വൈസ് പ്രസിഡന്റായ വാൻസ്, വിശുദ്ധ കുർബാനയ്ക്ക് മുമ്പ് ഒരു കൂട്ടം ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയിരിന്നുവെന്നും കുമ്പസാരിച്ചിരിന്നുവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യേശുക്രിസ്തുവിന്റെ കുരിശുമരണവും, അടക്കവും, പുനരുത്ഥാനവും നടന്ന സ്ഥലത്താണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയം പണിതിരിക്കുന്നത്. വിശുദ്ധ നാട് സന്ദർശിക്കുന്നവരുടെ പ്രധാന കേന്ദ്രം കൂടിയാണ് തിരുക്കല്ലറ ദേവാലയം.
കാൽവരി അൾത്താരയ്ക്ക് മുമ്പില്‍ വാൻസും ഭാര്യയും മെഴുകുതിരികൾ കത്തിച്ചാണ് പ്രാര്‍ത്ഥിച്ചത്. ക്രിസ്തുവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞത് എത്രയോ അനുഗ്രഹമാണെന്ന് വാൻസ് ‘എക്സി’ല്‍ കുറിച്ചു.
ഏറ്റവും പവിത്രമായ ഈ സ്ഥലങ്ങളെ പരിപാലിക്കുന്ന ഗ്രീക്ക്, അർമേനിയൻ, കത്തോലിക്കാ വൈദികരോട് അങ്ങേയറ്റം നന്ദിയുണ്ടെന്നും സമാധാനത്തിന്റെ രാജാവ് നമ്മോട് കരുണ കാണിക്കുകയും സമാധാനത്തിനായുള്ള നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെയെന്നും വാന്‍സ് ‘എക്സില്‍’ പങ്കുവെച്ച കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

