വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം ആംഗ്ലിക്കൻ സഭയുടെ സുപ്രീം ഗവർണർ കൂടിയായ ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമൻ രാജാവും ഭാര്യ കാമിലയും പ്രാർഥനയിൽ പങ്കുചേർന്നു .കത്തോലിക്ക-ആംഗ്ലിക്കൻ സഭാ ബന്ധങ്ങളിൽ ഇത് പുതിയ അധ്യായമാണ് തുറക്കുന്നത് . വത്തിക്കാൻ സന്ദർശിച്ചതിന്റെ ഭാഗമായി സിസ്റ്റൈൻ ചാപ്പലിൽ മാർപ്പാപ്പയോടൊപ്പം 76 കാരനായ രാജാവ് എക്യുമെനിക്കൽ ശുശ്രൂഷയിൽ പങ്കെടുത്തു.
മൈക്കലാഞ്ചലോയുടെ മനോഹരമായ മേൽക്കൂരയ്ക്ക് കീഴിൽ പതിനാറാം നൂറ്റാണ്ടിലെ നവീകരണത്തിനുശേഷം ഒരു ബ്രിട്ടീഷ് രാജാവ് ഒരു മാർപ്പാപ്പയോടൊപ്പം പരസ്യമായി പ്രാർത്ഥിക്കുന്നത് ഇതാദ്യമാണ്.
ചാൾസ് രാജാവ് ഭാര്യ കാമിലയ്ക്കൊപ്പം വത്തിക്കാനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.ദമ്പതികൾ പ്രശസ്തമായ സെന്റ് പീറ്റേഴ്സ് സ്ക്വയറിലൂടെ വാഹനമോടിച്ച് അപ്പസ്തോലിക് കൊട്ടാരത്തിലേക്കുള്ള ആചാരപരമായ പ്രവേശന കവാടമായ സാൻ ഡമാസോ അങ്കണത്തിൽ എത്തി, അവിടെ അവരെ റവ. മോൺ. ലിയോനാർഡോ സപിയൻസ പാപ്പൽ അപ്പസ്തോലിക് കൊട്ടാരത്തിലേക്ക് സ്വാഗതം ചെയ്തു.
ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് സിസ്റ്റൈൻ ചാപ്പലിലായിരുന്നു ‘സൃഷ്ടിയുടെ പരിപാലനത്തിനായുള്ള’ എക്യുമെനിക്കൽ പ്രാർഥന നടന്നത്.
സ്വിസ് ഗാർഡുകൾ യുകെ ദേശീയഗാനം ആലപിച്ചാണു ഇരുവരെയും വരവേറ്റത്. തുടർന്ന് അപ്പസ്തോലിക് കൊട്ടാരത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ ഉപഹാരങ്ങൾ കൈമാറി.
പ്രാർഥനയ്ക്കുശേഷം നടന്ന സുസ്ഥിരതാസമ്മേളനത്തിൽ പരിസ്ഥിതിസൗഹൃദ സൂചകമായി ലെയോ മാർപാപ്പയും ചാൾസ് രാജാവും വൃക്ഷത്തൈകൾ കൈമാറി.
വത്തിക്കാനിലെ സന്ദർശനത്തിനുശേഷം റോമിലെ സെൻറ് പോൾസ് ബസിലിക്കയിൽ എത്തിയ ചാൾസ് രാജാവിന് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി റോയൽ കോൺഫ്രേറ്റർ എന്ന ബഹുമതി സമ്മാനിച്ചു. തുടർന്ന് ഇവിടെ നടന്ന പ്രാർഥനയിലും രാജാവ് പങ്കെടുത്തു.
കഴിഞ്ഞ ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ചാൾസ് രാജാവിൻറെ സന്ദർശനപരിപാടി ഫ്രാൻസിസ് മാർപാപ്പയുടെ രോഗത്തെയും മരണത്തെയും തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
സിസ്റ്റൈൻ ചാപ്പലിൽനടന്ന പ്രാർഥനാചടങ്ങിൽ സിസ്റ്റൈൻ ചാപ്പൽ ക്വയറിനൊപ്പം ഇംഗ്ലണ്ടിലെ സെൻറ് ജോർജ്സ് ചാപ്പൽ ക്വയറും രാജകീയ ചാപ്പൽ റോയൽ ക്വയറും പങ്കെടുത്തു. ‘സ്വർഗസ്ഥനായ പിതാവെ..’ എന്ന പ്രാർഥനയോടെയായിരുന്നു തുടക്കം.
യുകെ വിദേശകാര്യസെക്രട്ടറി യുവെറ്റ് കൂപ്പർ വേദപുസ്തക വായന നടത്തി. ചർച്ച് ഓഫ് ഇംഗ്ലണ്ടിൻറെ രണ്ടാമത്തെ മുതിർന്ന ബിഷപ്പും യോർക്ക് ആർച്ച്ബിഷപ്പുമായ റവ. സ്റ്റീഫൻ കൊട്രെൽ സങ്കീർത്തനം വായിച്ചു. ‘ഞങ്ങളുടെ പിതാവായ ദൈവമേ, സ്വർഗവും ഭൂമിയും അങ്ങാണല്ലോ സൃഷ്ടിച്ചത്…’ എന്നു തുടങ്ങുന്ന മാർപാപ്പയുടെ പ്രാർഥനയോടെയും വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ രചിച്ച ഗാനത്തിൻറെ ആലാപനത്തോടെയുമാണ് പ്രാർഥനാചടങ്ങ് സമാപിച്ചത്.
ലത്തീൻ, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു പ്രാർഥന.
വിഘടനവാദം ശക്തമാകുന്ന ലോകത്ത് മറ്റു മതങ്ങളോട് സഹിഷ്ണുതാമനോഭാവം പുലർത്തേണ്ടുന്നതിൻറെ പ്രാധാന്യവും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു പ്രാർഥനാച്ചടങ്ങ്.
‘പ്രത്യാശയുടെ തീർഥാടകർ’ എന്നനിലയിൽ ഒരുമിച്ച് നടക്കുക എന്ന ജൂബിലിവർഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് കത്തോലിക്കാസഭയുടെയും ആംഗ്ലിക്കൻ സഭയുടെയും എക്യുമെനിക്കൽ പ്രാർഥനാപരിപാടി സംഘടിപ്പിച്ചത്.

