എഡിറ്റോറിയൽ / ജെക്കോബി
ഉത്തര്‍ പ്രദേശില്‍ പ്രയാഗ് രാജിലെ നൈനിയില്‍ അലഹാബാദ് അഗ്രികള്‍ച്ചറല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് അറിയപ്പെട്ടിരുന്ന ക്രൈസ്തവ ന്യൂനപക്ഷ
വിദ്യാഭ്യാസ സ്ഥാപനമായ സാം ഹിഗിന്‍ബോതം യൂണിവേഴ്സിറ്റി ഓഫ്
അഗ്രികള്‍ച്ചര്‍, ടെക്നോളജി, ആന്‍ഡ് സയന്‍സസ് (ഷുവാറ്റ്സ്) വൈസ്
ചാന്‍സലര്‍ രാജേന്ദ്ര ബിഹാരി ലാല്‍, ഡയറക്ടര്‍ വിനോദ് ബിഹാരി ലാല്‍
എന്നിവരും യൂണിവേഴ്സിറ്റിയിലെ മൂന്ന് ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് 90
പേരെ ക്രിസ്തുമതത്തിലേക്ക് കൂട്ടമതപരിവര്‍ത്തനം നടത്തി എന്ന കേസുമായി
ബന്ധപ്പെട്ട അഞ്ച് പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ (എഫ്ഐആര്‍) റദ്ദാക്കിയ
സുപ്രീം കോടതി ഉത്തരവ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവ
പീഡനത്തിനുള്ള മാരണ ഉപകരണമായി മാറിയിട്ടുള്ള മതപരിവര്‍ത്തന നിരോധന
നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ ഒരു ദിശാസൂചികയാണ്.
മതപരമായ ഒത്തുകൂടലോ കാരുണ്യപ്രവര്ത്തനമോ ക്രിമിനല്‍ കുറ്റമല്ലെന്നും,
ക്രിമിനല്‍ നിയമം നിരപരാധരായ വ്യക്തികളെ ദ്രോഹിക്കാനുള്ള
ഉപാധിയാക്കാനാവില്ലെന്നും, പ്രോസിക്യൂഷന് ഏജന്‍സികള്‍ക്ക് തോന്നുംപോലെ
ആര്‍ക്കെങ്കിലുമെതിരെ തീര്‍ത്തും വിശ്വാസയോഗ്യമല്ലാത്ത തെളിവുകളുമായി
നടപടിയെടുക്കാനാവില്ലെന്നും വ്യക്തമാക്കുന്നതാണ് ജസ്റ്റിസ് ജെ.ബി
പാര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
എഫ്ഐആറുകളിലെ നിയമപരമായ ദുര്‍ബലതകളും നടപടിക്രമങ്ങളിലെ വീഴ്ചകളും
വിശ്വസനീയമായ വസ്തുതകളുടെ പോരായ്മകളും എടുത്തുകാട്ടി ജസ്റ്റിസ്
പാര്‍ദിവാല എഴുതിയ 158 പേജുള്ള വിധിന്യായത്തില്‍, ഇത്തരം പ്രോസിക്യൂഷന്
നടപടികള്‍ നീതിയുടെ പരിഹാസ്യമായ പ്രതികൃതിയാകുമെന്നാണ് പറയുന്നത്.
നൈനിയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ, ഫത്തേപുരിലെ ഹരിഹര്ഗഞ്ചിലുള്ള
ഇവാഞ്ജലിക്കല്‍ ദേവാലയാങ്കണത്തില്‍ 2022 ഏപ്രില്‍ 14ന്, പെസഹാ വ്യാഴാഴ്ച
90 ഹിന്ദുക്കളെ ‘വഞ്ചന, ക്രിമിനല്‍ ഭീഷണി, ബലപ്രയോഗം, കള്ളപ്രമാണം
ചമയ്ക്കല്‍ എന്നിവയിലൂടെയും പണം വാഗ്ദാനം ചെയ്തും നിയമവിരുദ്ധമായി’
ക്രിസ്തുമതത്തില്‍ ചേര്‍ത്തു എന്നാരോപിച്ച് കണ്ടാലറിയാവുന്ന 35
പേര്‍ക്കും അജ്ഞാതരായ 20 പേര്‍ക്കുമെതിരെ പിറ്റേന്ന് കോത് വാലി പൊലീസ്
സ്റ്റേഷനില്‍ വിശ്വ ഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ് ഹിമാംശു ദീക്ഷിത്
നല്കിയ പരാതിയില്‍ നിന്നു തുടങ്ങി ഒന്‍പതു മാസത്തിനിടെ നാല്
എഫ്ഐആറുകളിലായി 201 ക്രിസ്ത്യാനികള്‍ക്കെതിരെ കേസെടുത്തിരുന്നു.
വാസ്തവത്തില്‍, ഇവാഞ്ജലിക്കല്‍ പള്ളിയില്‍ സന്ധ്യയ്ക്ക് പെസഹാ
ശുശ്രൂഷയ്ക്കിടെ ഇരുന്നൂറ്റമ്പതോളം വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍
‘ജയ് ശ്രീറാം’ വിളികളോടെ ഇരച്ചുകയറി രാത്രി ഒന്‍പതു മണിവരെ
താണ്ഡവമാടുകയും, പൊലീസ് എത്തി പള്ളിയില്‍ ഉണ്ടായിരുന്ന 55 ക്രൈസ്തവരുടെ
ആധാര്‍ കാര്‍ഡ് ചോദിച്ചുവാങ്ങി അവര്‍ക്കെതിരെ കേസെടുക്കുകയുമാണുണ്ടായത്.
അതിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ്, ഫത്തേപുരിലെ ബ്രോഡ് വെല്‍
ക്രിസ്റ്റിയന്‍ ഹോസ്പിറ്റലില്‍ റെയ്ഡ് നടത്തി 58 സ്റ്റാഫിനെ
‘മതപരിവര്‍ത്തനത്തിനായി കാരുണ്യപ്രവര്‍ത്തനം നടത്തിയതിന്’ അറസ്റ്റു
ചെയ്യുകയുണ്ടായി. ‘മിഷന് യുപി’ എന്ന പേരില്‍ ആശുപത്രിയിലെ ഒരു മിഡ്
വൈഫും അസിസ്റ്റന്റ് നഴ്സും ചേര്‍ന്ന് രോഗികളെ മതംമാറ്റത്തിന്
പ്രേരിപ്പിച്ചു എന്നതിന് അവരെ 140 ദിവസം ജയിലിലടയ്ക്കുകയും ചെയ്തു.
കൊലപാതകല്ലാത്ത കുറ്റകരമായ നരഹത്യ, ആത്മഹത്യാ പ്രേരണ, ക്രമസമാധാനം
തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ ബോധപൂര്‍വമായ അവഹേളനം, പിടിച്ചുപറി
തുടങ്ങിയ വകുപ്പുകളും ചുമത്തപ്പെട്ട കേസുകളുടെ കൂട്ടത്തില്‍
കൂട്ടബലാത്സംഗം, അസന്മാര്ഗിക ലൈംഗിക വ്യാപാരം, നിയമവിരുദ്ധ
മതപരിവര്‍ത്തനം എന്നീ വകുപ്പുകളും ചേര്‍ത്ത് ഷുവാറ്റ്സ് വൈസ്
ചാന്‍സലര്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ 2023 നവംബറില്‍ ഹമീര്പുറിലെ
ബേവറില് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍, സമ്മാനങ്ങളും വസ്ത്രങ്ങളും
മറ്റും നല്കി ഒരു യുവതിയെ ക്രിസ്ത്യാനിയാകാന്‍ പ്രേരിപ്പിക്കുകയും
കൂടുതല്‍ സ്ത്രീകളെ മതംമാറ്റത്തിനും നിയമവിരുദ്ധ നടപടികള്‍ക്കുമായി
കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. താന്‍ ലൈംഗിക
ചൂഷണത്തിനും ഇരയായതായി യുവതി മൊഴി നല്‍കിയിരുന്നു. 2022-ല്‍ ജോലിയില്‍
നിന്നു പിരിച്ചുവിട്ടതിനു പ്രതികാരമായി യുവതി കെട്ടിച്ചമച്ച
ആരോപണമാണിതെന്ന് പ്രതിഭാഗം വാദിച്ചു.
എന്നാല്‍ വൈസ് ചാന്‍സലറും മറ്റ്ഉദ്യോഗസ്ഥരും 2023 ഡിസംബര്‍ 20ന് കോടതിയില്‍ കീഴടങ്ങണമെന്നാണ് അലഹാബാദ്ഹൈക്കോടതി നിര്‍ദേശിച്ചത്. ”ദൈവമോ യഥാര്‍ഥ സഭയോ ക്ഷേത്രമോ മോസ്ക്കോ ഇത്തരം ദുഷ്പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുകയില്ല. ഒരു വ്യക്തി സ്വന്തം
ഇഷ്ടപ്രകാരം മറ്റൊരു മതത്തിലേക്കു പരിവര്‍ത്തനം ചെയ്യാന്‍
തീരുമാനിക്കുന്നത് മറ്റൊരു കാര്യമാണ്. എന്നാല്‍ ഇപ്പറയുന്ന കേസില്‍ ഒരു
ചെറുപ്പക്കാരിയുടെ ഇളംമനസ്സിനെ സമ്മാനങ്ങളും വസ്ത്രങ്ങളും മറ്റു ഭൗതിക
സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ജ്ഞാനസ്നാനം സ്വീകരിക്കാന്‍
പ്രലോഭിപ്പിക്കുന്നത് പൊറുക്കാനാവാത്ത പാപമാണ്” എന്നായിരുന്നു
ഹൈക്കോടതിയുടെ നിരീക്ഷണം. വൈസ് ചാന്‍സലറുടെ അറസ്റ്റ് തടഞ്ഞുകൊണ്ട്
സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ
ചെയ്തിരുന്നു.
യൂണിവേഴ്സിറ്റിയുടെ എഫ്സിആര്‍എ അക്കൗണ്ടിലൂടെ 2005 മുതല്‍ യുഎസ്,
അഫ്ഗാനിസ്ഥാന്, ജപ്പാന്, ലിബിയ, ഇറാഖ്, ജര്‍മനി, കാനഡ, ഗയാന, യുഗാണ്ട,
ഇത്യോപ്യ, ബഹ്റൈന്‍, നെതര്‍ലന്‍ഡ്സ്, ഫിലിപ്പീന്‍സ്, റുവാണ്ട,
ശ്രീലങ്ക, യുകെ, ഓസ്ട്രേലിയ, നേപ്പാള്‍, ഭൂട്ടാന്, നൈജീരിയ
എന്നിവിടങ്ങളില്‍ നിന്നായി 34.44 കോടി രൂപ ‘മതപരിവര്‍ത്തനത്തിനായി’
ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി യുപി പൊലീസ് റിപ്പോര്‍ട്ട്
നല്‍കിയിരുന്നു. യുപി സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള ഫോറന്‍സിക്
റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരില്‍ നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍,
ഹാര്‍ഡ് ഡിസ്ക്, വേള്‍ഡ് വിഷന്‍ ഇന്ത്യ എന്ന എന്‍ജിഒയുടെ
പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ എന്നിവയെക്കുറിച്ച്
പറയുന്നുണ്ട്. എന്നാല്‍ ഫത്തേപുരിലെ 2022-ലെ എഫ്ഐആറില്‍ പറയുന്ന
സംഭവവുമായി ഇവയ്ക്കൊന്നും ഒരു ബന്ധവും കാണാനാവുന്നില്ലെന്ന് സുപ്രീം
കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
വിദേശത്തുനിന്ന് ധനസഹായം സ്വീകരിച്ചുകൊണ്ട് കാരുണ്യപ്രവര്‍ത്തനം നടത്തുന്നതോ മതത്തിന്റെ പേരില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നതോ ശിക്ഷാര്‍ഹമായ ക്രിമിനല്‍ കുറ്റമായി
യുപിയിലെ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ നിന്നു
വായിച്ചെടുക്കാനുമാവില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒരു വകുപ്പിലും
അത്തരം പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ വ്യവസ്ഥയില്ല. രാജ്യാന്തര
സ്രോതസുകളില്‍ നിന്നുള്ള ഫണ്ടിംഗിന്റെ കാര്യത്തില്‍ ഒരു ക്രമക്കേടും
കാണാനാകുന്നില്ല. അത്തരം ക്രമക്കേടുകള്‍ സംബന്ധിച്ച് നടപടി
സ്വീകരിക്കാന്‍ നിയമവ്യവസ്ഥകള്‍ നിലവിലുണ്ട്. ഈ കേസില്‍ അത്തരം
വകുപ്പുകളൊന്നും പരാമര്‍ശിക്കുന്നില്ല. അന്വേഷണത്തില്‍ കണ്ടെത്തിയ
തെളിവുകള്‍ വിശ്വാസയോഗ്യമല്ല, ക്രിമിനല്‍ നടപടികള്‍ അനുവദിക്കാനുള്ള
മാനദണ്ഡമില്ലാത്തതാണ്.
ഫത്തേപുരിലെ ഇവാഞ്ജലിക്കല്‍ പള്ളിയില്‍ നടന്നതായി പറയുന്ന കൂട്ട
മതപരിവര്‍ത്തന സംഭവത്തില്‍ ഇരകളായ ആരുംതന്നെ പരാതി സമര്‍പ്പിച്ചിട്ടില്ല.
2021-ലെ യുപി മതപരിവര്‍ത്തന നിരോധന നിയമത്തിലെ നാലാം വകുപ്പ് പ്രകാരം
മതപരിവര്‍ത്തനത്തിന് വിധേയനായ വ്യക്തിയോ അടുത്ത ബന്ധുക്കളോ ആണ് പരാതി
സമര്‍പ്പിക്കേണ്ടത്, ഏതെങ്കിലും അപരിചിതനോ മൂന്നാം കക്ഷിയോ അല്ല.
അതിനാല്‍ വിഎച്ച്പി നേതാവിന്റെ എഫ്ഐആര്‍ നിയമത്തിന്റെ കണ്ണില്‍
അസാധുവാണെന്ന് സുപ്രീം കോടതി വിധിച്ചു. ഒരേ കേസുമായി ബന്ധപ്പെട്ട് നിരവധി
എഫ്ഐആറുകള്‍ പലപ്പോഴായി എഴുതിയുണ്ടാക്കുന്നത് നിയമവിരുദ്ധമാണെന്ന്
ടി.ടി. ആന്റണിയും കേരള സര്‍ക്കാരും തമ്മിലുള്ള 2001-ലെ കേസിലെ സുപ്രീം
കോടതി വിധിയെ പരാമര്‍ശിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. ഫത്തേപുരിലെ
കേസുമായി ബന്ധപ്പെട്ട് പിന്നീട് രജിസ്റ്റര്‍ ചെയ്ത നാല് എഫ്ഐആറുകള്‍
അതിനാല്‍ നിലനില്ക്കുകയില്ല.
സാക്ഷികള്‍ ആരുംതന്നെ മതപരിവര്‍ത്തനത്തിന് ഇരകളായവരോ 2022-ല്‍
കൂട്ടമതപരിവര്‍ത്തനം നടന്നതായി പറയുന്ന സംഭവത്തിന് ദൃക്സാക്ഷികളോ അല്ല.
സാക്ഷിമൊഴികള്‍ സൈക്ലോസ്റ്റൈല്‍ ചെയ്ത കോപ്പികള്‍ പോലെയാണ്. ഒരേ
ഭാഷാശൈലിയും ഒരേപോലുള്ള അക്ഷരതെറ്റുകളും അവയില്‍ ആവര്‍ത്തിക്കുന്നു. ഒരു
മൊഴിയിലും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ കാര്യം പറയുന്നില്ല,
മതപരമായ യോഗം ചേര്‍ന്നുവെന്നും ബൈബിള്‍ പ്രസംഗം നടത്തിയെന്നുമാണ്
സാക്ഷിമൊഴികളിലെല്ലാം പറയുന്നത്. പണവും തൊഴിലും വിവാഹവും വാഗ്ദാനം ചെയ്തു
മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചു എന്ന 2023-ലെ ഒരു എഫ്ഐആറില്‍
തെളിവായി ഹാജരാക്കുന്നത് ഒരു സുവിശേഷയോഗത്തില്‍, സങ്കീര്‍ത്തനം 2:8
‘എന്നോട് ആവശ്യപ്പെട്ടുകൊള്ളുക, ഞാന്‍ നിന്റെ അവകാശമായി ജനതകളെ തരും;
ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാക്കും’ എന്ന വചനഭാഗമാണ്. ”ഇത്തരം യോഗം
ചേരുന്നത് എങ്ങനെ നിയമവിരുദ്ധമാകും എന്നു മനസിലാകുന്നില്ല.
ഇവിടെ പരോക്ഷമായ രീതിയില്‍ പോലും മതപരിവര്‍ത്തനത്തെക്കുറിച്ച് പറയുന്നില്ല,”
കോടതി നിരീക്ഷിക്കുന്നു. തുടര്‍ന്നുള്ള മൂന്ന് എഫ്ഐആറുകള്‍ ആദ്യത്തെ
രണ്ടെണ്ണത്തിന്റെ പകര്‍പ്പുകള്‍ പോലുള്ളവയാണ്, ഏതാനും മിനിറ്റുകള്‍
ഇടവിട്ട് ഫയല്‍ ചെയ്തവയാണ്. ”സ്ഥാപിത താല്പര്യമുള്ള വ്യക്തികളെക്കൊണ്ട്
ഏറെ വൈകി പഴയ സംഭവത്തെക്കുറിച്ച് പരാതി എഴുതിപ്പിച്ച് വീണ്ടും അതേ
കുറ്റാരോപിതര്‍ക്കെതിരെ പുതുതായി അന്വേഷണം കുത്തിപ്പൊക്കാന്‍ പൊലീസിന്
ഒരു കാര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ രേഖകളില്‍ നിന്നു നമുക്ക്
മനസിലാക്കാന്‍ പറ്റുന്നത് ഇത്തരം വിചിത്രമായ നടപടിക്രമമാണ്. ഒരേ
സംഭവത്തിന്മേല് നിരവധി കേസുകള്‍ എടുത്തിട്ടുള്ളതില് നിന്ന്
അന്വേഷണാധികാരങ്ങള്‍ ദുരുപയോഗപ്പെടുത്തി എന്നത് വ്യക്തമാകുന്നു.”
യോഗി ആദിത്യനാഥ് ഗവണ്മെന്റ് 2020-ല്‍ ഓര്‍ഡിനന്‍സിലൂടെ മതപരിവര്‍ത്തന
നിരോധന നിയമം നടപ്പാക്കി തുടങ്ങി നാലു വര്‍ഷത്തിനകം സംസ്ഥാനത്ത് 2,708
പേര്‍ക്കെതിരെ 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,682 പേരെ അറസ്റ്റു
ചെയ്യുകയുമുണ്ടായി. 2021-ലെ നിയമപ്രകാരം ക്രിസ്തുമതത്തിലേക്ക്
പരിവര്‍ത്തനം ചെയ്തു എന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ 101
എഫ്ഐആറുകളില്‍ 60 ശതമാനവും (63 കേസ്) വിശ്വ ഹിന്ദു പരിഷത്ത്, ബജറംഗ്
ദള്‍, ഹിന്ദു ജാഗരണ്‍ മഞ്ച് തുടങ്ങിയ മൂന്നാം കക്ഷികളുടെ
പരാതിയിന്മേലായിരുന്നു. ‘വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നു’ എന്ന
‘ലൗ ജിഹാദ്’ ആരോപണത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ മതവിദ്വേഷ പ്രചാരണം
കൊഴുപ്പിക്കാന്‍ 2021-ലെ നിയമം മുസ് ലിംകളെ ലക്ഷ്യമാക്കി കൂടുതല്‍
കര്‍ശനമാക്കിയ കൂട്ടത്തിലാണ് 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ
ഉറപ്പാക്കുന്ന 2024-ലെ ഭേദഗതി നിയമം കൊണ്ടുവന്നത്. അതില്‍ ആര്‍ക്കും
എഫ്ഐആര്‍ ഇടാം.
ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം മൗലികാവകാശം
നടപ്പാക്കിക്കിട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള
അവകാശത്തിന്റെ പേരില്‍ കേസ് റദ്ദാക്കാനാവില്ല എന്ന വാദം കോടതി തള്ളി.
”മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അതിനു പ്രതിവിധി
നിര്‍ണയിക്കാനായി ഭരണഘടനയുടെ മൂന്നാം ഭാഗത്ത് നിര്ണയിക്കപ്പെട്ടിട്ടുള്ള
അധികാരം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ കോടതിയായ സുപ്രീം കോടതിക്ക്
നല്കപ്പെട്ടിട്ടുണ്ട്. ഭരണഘടനാപരമായ വീഴ്ചകള്‍ക്കു പരിഹാരം കാണാനുള്ള
അവകാശം തന്നെ മൗലികാവകാശമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കെ, ഈ കോടതിയാണ്
അതിന്റെ പരമോന്നത സംരക്ഷകരെന്നും നിര്വാഹകരെന്നും
സ്ഥിരീകരിക്കപ്പെട്ടിരിക്കയാണ്.
” ഭരണഘടനാപരതയുടെ തത്വം, സ്വകാര്യത, ആനുപാതികതാ തത്വം എന്നീ മാനദണ്ഡങ്ങള്‍ വച്ചു നോക്കുമ്പോള്‍ യുപിയിലെ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ നിരവധി വീഴ്ചകള്‍ കാണാമെങ്കിലും നിയമത്തിന്റെ സാധുതയെ സംബന്ധിച്ച് തീര്പ്പുകല്പിക്കുന്നില്ലെന്ന് കോടതി
പറഞ്ഞുവയ്ക്കുന്നതിലെ ധ്വനി, യുപിയിലെ മാത്രമല്ല, മറ്റിടങ്ങളിലെയും
ബിജെപി സര്‍ക്കാരുകള്‍ കൂടുതല്‍ മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുന്ന
‘മതസ്വാതന്ത്ര്യ’ നിയമങ്ങള്‍ പുനഃപരിശോധിക്കപ്പെടും എന്നുതന്നെയാണ്.
യുപി മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ (2021) ഭരണഘടനാ സാധുതയെ ചോദ്യം
ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളോടൊപ്പം ‘മതസ്വാതന്ത്ര്യ’
നിയമം എന്ന പേരിലുള്ള മതപരിവര്‍ത്തന നിരോധന നിയമങ്ങളുമായി ബന്ധപ്പെട്ട്
വിവിധ ഹൈക്കോടതികളില്‍ നിലവിലുള്ള ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലേക്കു
മാറ്റാനും, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്,
ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ പ്രതികരണം
നാലാഴ്ചയ്ക്കകം അറിയിക്കാനും ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീം കോടതി
ചീഫ് ജസ്റ്റിസ് ബി.ആര് ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്
എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത് ഈ പശ്ചാത്തലത്തില്‍ ഏറെ
പ്രസക്തമാണ്.
മതസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യത, മനഃസാക്ഷി
സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 14, 21, 25
അനുച്ഛേദങ്ങള്‍ ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലേശം
വൈകിയെങ്കിലും കോടതി ഇടപെടുമെന്ന് നമുക്കു പ്രത്യാശിക്കാം.