വത്തിക്കാൻ : യുവജനങ്ങൾക്കിടയിൽ അനുരഞ്ജനത്തിന്റെ സന്ദേശം പരത്തിക്കൊണ്ട് വീത്തെ ഫെസ്റ്റിവൽ ഫൗണ്ടേഷൻ റോമിൽ കലാസന്ധ്യ ഒരുക്കുന്നു. 2025 ഒക്ടോബർ 25 ശനിയാഴ്ച്ച വൈകുന്നേരം റോമിലെ ഷൂസ്റ്റർ പാർക്കിലായിരിക്കും (Schuster Park), ജൂബിലിയുടെ കൂടി ഭാഗമായി, വിവിധ രാജ്യങ്ങളിൽനിന്നുള്ള ഗായകരും കലാകാരന്മാരും അണിനിരക്കുന്ന ഈ സംരംഭം അരങ്ങേറുക.
ഒരു ഗാനമേള എന്നതിനേക്കാൾ, ലോകത്തെ പ്രധാന തലസ്ഥാനങ്ങളിൽ കലയുടെയും സംഗീതത്തിന്റെയും ആഘോഷമൊരുക്കി, യുവജനങ്ങൾക്കിടയിൽ, അവനവനോടുതന്നെയും മറ്റുള്ളവരോടും ദൈവത്തോടും അനുരഞ്ജനപ്പെടാനുള്ള സന്ദേശം മുന്നോട്ടുവയ്ക്കുന്ന ഒരു യാഥാർത്ഥ്യമാണ് തങ്ങൾ ഒരുക്കുന്നതെന്ന് സംഘടന വ്യക്തമാക്കി.
സാംസ്കാരിക, രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം നോക്കിക്കാണാനും, ഒരുമിച്ച് മെച്ചപ്പെട്ട ഒരു ലോകം പടുത്തുയർത്താനും, ദൈവസ്നേഹം എല്ലായിടങ്ങളിലും പരത്താനും യുവജനങ്ങളെ ക്ഷണിക്കുന്ന ഒരു കലാസന്ധ്യയാണ്, “പാലങ്ങൾക്ക് തീവയ്ക്കാതിരിക്കുക, ഒരു പാലമായി മാറുക” (Don’t burn bridges, become one) എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ഇത്തവണത്തെ സംഗമം.
മെക്സിക്കോയിലും ഇതേ വർഷം പതിനായിരക്കണക്കിന് യുവജനങ്ങളുടെ പങ്കാളിത്തത്തോടെ വീത്തെ ഫെസ്റ്റിവൽ ഫൗണ്ടേഷൻ കലാപരിപാടികൾ നടത്തിയിരുന്നു.