കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ തകര്‍ത്ത റോഡ് റോളറിന് നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന വകുപ്പ്. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാണ് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് സാമൂഹിക മാധ്യമത്തില്‍ പരിഹസിച്ചതിന് തൊട്ടു പിന്നാലെയാണ് നടപടി. ഏഴു ദിവസത്തിനകം പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം.
ശബ്ദമലിനീകരണം തടയാന്‍ വായു മലിനീകരണം ആകാമെന്ന’് പരിഹസിച്ചുകൊണ്ടായിരുന്നു ജ്യോതികുമാര്‍ ചാമക്കാലയുടെ പോസ്റ്റ്. പിടിച്ചെടുത്ത എയര്‍ഹോണുകള്‍ ഫൈന്‍ ഈടാക്കിയതിന് പുറമെയാണ് റോഡ്റോളര്‍ കയറ്റി നശിപ്പിച്ചത്.
ജില്ലയില്‍നിന്ന് പിടികൂടിയ 500 ഓളം എയര്‍ ഹോണുകള്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റിനുസമീപം കമ്മട്ടിപ്പാടത്ത് റോഡില്‍ നിരത്തി മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചശേഷം മണ്ണുമാന്തിയന്ത്രത്തില്‍ ഘടിപ്പിച്ച റോളര്‍ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു.
എയര്‍ഹോണ്‍ പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറിന്റെ നിര്‍ദേശാനുസരണമായിരുന്നു എയര്‍ഹോണുകള്‍ റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിച്ചത്