തിരുവനന്തപുരം: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വൈകിട്ട് 6:20 ന് തിരുവനന്തപുരത്ത് എത്തും.രാഷ്ട്രപതിയെ തിരുവനന്തപുരം വിമാനത്തവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്രൻ വിശ്വനാഥ് ആർലേക്കർ, പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സ്വീകരിക്കും. വിമാനത്താവളത്തിൽ നിന്നും റോഡ് മാർഗം രാജ്ഭവനിലെത്തിയാകും അത്താഴവും വിശ്രമവും. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് പൊലീസ് കർശന സുരക്ഷാ ക്രമീകരണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തി.
നാളെ രാവിലെ 9.20ന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന രാഷ്ട്രപതി 10.20ന് നിലയ്ക്കൽ ഹെലിപാഡിൽ എത്തും. റോഡുമാർഗം പമ്പയിലും തുടർന്ന് ശബരിമലയിലുമെത്തുന്ന രാഷ്ട്രപതി 11.55 മുതൽ 12.25 വരെ ശബരിമലയിലുണ്ടാകും. ശബരിമലയിലെ ഏകോപനച്ചുമതല എഡിജിപി എസ് ശ്രീജിത്തിനാണ്. വൈകിട്ട് 5.30ന് രാഷ്ട്രപതി രാജ്ഭവനിൽ മടങ്ങിയെത്തും.
വ്യാഴാഴ്ച (ഒക്ടോബർ 23) രാവിലെ 10ന് രാജ്ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ അർധകായ പ്രതിമ അനാച്ഛാദനംചെയ്യും. ഉച്ചയ്ക്ക് 12.20ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് പാലാ സെൻ്റ് തോമസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനവും ഉദ്ഘാടനംചെയ്യും. അതിനു ശേഷം രാത്രി കുമരകം താജ് റിസോർട്ടിൽ തങ്ങും.
വെള്ളിയാഴ്ച (ഒക്ടോബർ 24) പകൽ 12.10ന് എറണാകുളം സെൻ്റ് തെരേസാസ് കോളജിൻ്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത ശേഷം 1.20ന് കൊച്ചി നേവൽ ബേസിൽനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നാവികസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.
രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്നും ബുധൻ, വ്യാഴം ദിവസങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. വിവിധ ഇടങ്ങളിൽ പാർക്കിങ് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.00 മണി മുതൽ രാത്രി 8 മണി വരെയും, നാളെ (22 ബുധനാഴ്ച) രാവിലെ 6.00 മണി മുതൽ രാത്രി 10 മണി വരെയും, 23ന് (വ്യാഴാഴ്ച) രാവിലെ 6.00 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെയും നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും.