ഗാസ സിറ്റി: വെടിനിർത്തൽ ലംഘിച്ച് ഗാസയിൽ വീണ്ടും ഇസ്രയേലിന്റെ രൂക്ഷആക്രമണം. ഇസ്രയേൽ ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളിൽ മാത്രം 45 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് . നുസൈറത്തിലെ അഭയാർത്ഥി ക്യാംപായി പ്രവർത്തിക്കുന്ന സ്കൂളിലാണ് ഇസ്രയേൽ ബോംബ് ആക്രമണം. ഇസ്രയേൽ സൈന്യത്തിനുനേരെ ഹമാസിന്റെ ആക്രമണമുണ്ടായെന്നും രണ്ട് സൈനികർ കൊല്ലപ്പെട്ടുവെന്നും ആരോപിച്ചാണ് ഇസ്രയേലിന്റെ ആക്രമണം.
ഹമാസ് ഇസ്രയേലിന്റെ ആരോപണം നിഷേധിച്ചു. ആക്രമണം നടത്താനായി ഇസ്രയേൽ നിരന്തരം ഇത്തരം ആരോപണങ്ങളുന്നയിക്കുകയാണെന്നാണ് ഹമാസ് നിലപാട് . ഇസ്രയേലും ഹമാസും തമ്മിലുളള വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം മാത്രം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ 97 പേർ കൊല്ലപ്പെടുകയും 230 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാവി സംബന്ധിച്ച് ആശങ്ക യുണ്ട് .